ഐ.ടി.ഐകളിലേക്ക് 20 വരെ അപേക്ഷിക്കാം
text_fieldsസംസ്ഥാനത്തെ 108 സർക്കാർ ഐ.ടി.ഐകളിൽ എൻ.സി.വി.ടി/എസ്.സി.വി.ടി അഫിലിയേഷനുള്ള വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജൂൺ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് https://itiadmissions.kerala.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ഐ.ടി.ഐകൾ, ട്രേഡുകൾ, സീറ്റുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ മുതലായ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
തൊഴിൽശാലകൾക്കനുയോജ്യമായ പരിശീലനം നൽകി യുവതീ യുവാക്കളെ വിവിധ ജോലികളിലേക്ക് സജ്ജരാക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. സ്വയംതൊഴിൽ കണ്ടെത്താനും സംരംഭകരാക്കാനും പഠന പരിശീലനങ്ങൾ സഹായകമാവും. കുറഞ്ഞ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 120 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും.
എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ ജയിച്ചവർക്കും തോറ്റവർക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഏകവത്സര/ദ്വിവത്സര എൻജിനീയറിങ്/നോൺ എൻജിനീയറിങ് ട്രേഡുകളാണ് നിലവിലുള്ളത്. പ്രൈവറ്റായി എസ്.എസ്.എൽ.സി പരീക്ഷയെഴുതി തോറ്റവരെ പ്രവേശനത്തിന് പരിഗണിക്കില്ല. പ്രായം 1.8.2025 14 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. കേരളത്തിൽ സ്ഥിരതാമസമുള്ളവർക്കാണ് പ്രവേശനം.
ട്യൂഷൻ ഫീസില്ല. പ്രവേശന സമയത്ത് വിവിധ ഇനങ്ങളിലായി ഒരുവർഷത്തെ കോഴ്സിന് 950 രൂപയും രണ്ടുവർഷത്തെ കോഴ്സിന് 1270 രൂപയും ഫീസ് അടയ്ക്കണം. അപേക്ഷ: പ്രോസ്പെക്ടസിലെ നിർദേശങ്ങൾ പാലിച്ചാവണം അപേക്ഷിക്കേണ്ടത്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ രജിസ്ട്രേഷൻ നമ്പർ, യൂസർ ഐ.ഡി, പാസ്വേഡ് എന്നിവ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്ക് ‘SMS' ആയി ലഭിക്കും. സമർപ്പിച്ച അപേക്ഷയുടെ പരിശോധന തൊട്ടടുത്ത സർക്കാർ ഐ.ടി.ഐയിൽ പൂർത്തിയാകുന്നതുവരെ ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.
ഒരു വിദ്യാർഥിക്ക് സംസ്ഥാനത്തെവിടെയുമുള്ള സർക്കാർ ഐ.ടി.ഐകളിലെ ഏത് സ്ട്രീമിലേക്കും/ട്രേഡിലേക്കും അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് 100 രൂപയാണ്. ഫീസ് അടയ്ക്കുമ്പോൾ മാത്രമാണ് അപേക്ഷാ സമർപ്പണം പൂർത്തിയാവുന്നത്. അപേക്ഷ സമയത്ത് ഐ.ടി.ഐകൾ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. എന്നാൽ, തെരഞ്ഞെടുത്ത ഐ.ടി.ഐകളിലെ ട്രേഡുകൾ അപേക്ഷകരുടെ താൽപര്യപ്രകാരം മുൻഗണനാ ക്രമത്തിലാകും.
അപേക്ഷയുടെ പ്രിന്റൗട്ടും ഐ.ടി.ഐകളിൽ ഹാജരാക്കേണ്ടതില്ല. യോഗ്യത പരീക്ഷകൾ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് അതത് ഐ.ടി.ഐകളിലും അഡ്മിഷൻ പോർട്ടലിലും പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് എസ്.എം.എസ് സന്ദേശവും ലഭിക്കും. പ്രവേശനത്തിന് നിശ്ചിത തീയതികളിൽ അതത് ഐ.ടി.ഐകളിൽ ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷാ സമർപ്പണത്തിനും ഐ.ടി.ഐകൾ, സ്ട്രീം/ട്രേഡുകൾ തെരഞ്ഞെടുക്കുന്നതിനും മറ്റും സർക്കാർ ഐ.ടി.ഐകളിലെ ഹെൽപ് ഡെസ്കുകളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.
ട്രേഡുകൾ: നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് (എൻ.സി.വി.ടി) അംഗീകാരമുള്ള ട്രേഡുകൾ ചുവടെ:
നോൺ മെട്രിക് ട്രേഡുകൾ: (എൻജിനീയറിങ്) -വയർമാൻ, പെയിന്റർ (ജനറൽ) (രണ്ടുവർഷം), വെൽഡർ, പ്ലംബർ, വുഡ് വർക്ക് ടെക്നീഷ്യൻ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ (വെൽഡിങ് ആൻഡ് ഇൻസ്പെക്ഷൻ) ഒരു വർഷം
നോൺ എൻജിനീയറിങ് ഗ്രേഡുകൾ: ഡ്രസ്സ് മേക്കിങ് (ഒരു വർഷം) യോഗ്യത: എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം.
മെട്രിക് ട്രേഡുകൾ (എൻജിനീയറിങ്) :മെക്കാനിക് അഗ്രികൾച്ചറൽ മെഷ്യനറി ഇൻസ്ട്രുമെന്റ്-മെക്കാനിക്, ഇൻഫർമേഷൻ ടെക്നോളജി, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ (രണ്ടുവർഷം), ലിഫ്റ്റ് & എസ്കലേറ്റർ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ/ മെക്കാനിക്കൽ, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), മെയിന്റനൻസ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ്, അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്), ഇലക്ട്രോ പ്ലേറ്റർ, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ടർണർ, മെഷ്യനിസ്റ്റ്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈമേക്കർ (പ്രസ് ടൂൾസ് ജിഗ്സ് & ഫിക്ച്ചേഴ്സ്), ടൂൾ ആൻഡ് ഡൈമേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്), ടെക്നീഷ്യൻ മെക്കാപ്രോണിക്സ്, ഓപറേറ്റർ അഡ്വാൻസ്ഡ് മെഷ്യൻ ടൂൾസ് ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്, മെക്കാനിക് മെഷ്യൻ ടൂൾ മെയിന്റനൻസ് സർവേയർ, മെക്കാനിക് കൺസ്യൂമർ ഇലട്രോണിക് അപ്ലയൻസസ്, ഇലക്ട്രോണിക്സ് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലട്രോണിക്സ് സിസ്റ്റംസ്, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക് ട്രോണിക്സ്, പമ്പ് ഓപറേറ്റർ കം മെക്കാനിക്, മെക്കാനിക് ലെൻസ്/പ്രിസം ഗ്രൈന്റിങ്, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ, മെക്കാനിക് ആട്ടോബോഡി പെയിന്റിങ്, മെക്കാനിക് ട്രാക്ടർ, പ്ലാസ്റ്റിക് പ്രോസസിങ് ഓപറേറ്റർ, മെക്കാനിക് ഡീസൽ (രണ്ടു വർഷം) യോഗ്യത: എസ്.എസ്.എൽ.സി തത്തുല്യം പാസായിരിക്കണം.
മെട്രിക് ട്രേഡുകൾ (നോൺ എൻജിനീയറിങ്): ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫിസ് അസിസ്‍റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ, ഡെയറിയിങ്, ഹോർട്ടി കൾച്ചർ, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ഫാഷൻ ഡിസൈൻ & ടെക്നോളജി, ഡസ്ക്ടോപ് പബ്ലിഷിങ് ഓപറേറ്റർ, കമ്പ്യൂട്ടർ എയിഡഡ് എംബ്രോയ്ഡറി ഡിസൈനിങ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ, സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മൾട്ടി മീഡിയ ആനിമേഷൻ & സ്പെഷൽ ഇഫക്ട്സ്, കാറ്ററിങ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ബേക്കർ ആൻഡ് കൺഫക്ഷണർ, മിൽക് ആൻഡ് മിൽക് പ്രോഡക്ട്സ് ടെക്നീഷ്യൻ, ഡിജിറ്റൽ ഫോട്ടോഗ്രാഫർ, കമ്പ്യൂട്ടർ ഓപറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫുഡ് ആൻഡ് ബിവറേജസ് സർവിസ് അസിസ്റ്റന്റ്, കോസ്മെറ്റോളജി, അഗ്രോ പ്രോസസിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ നെറ്റ് വർക്കിങ് മെയിന്റനൻസ്. ഒരുവർഷം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.