കരിയറിൽ തിളങ്ങാൻ സിംഗ്ൾ ലൈഫ് വേണമെന്നില്ല
text_fieldsഅഭിഷേക് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യ ബച്ചനും
വിവാഹം സ്ത്രീയുടെ പ്രഫഷനൽ വളർച്ചക്ക് തടസ്സമാണെന്ന സ്റ്റീരിയോടൈപ്പിനെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുവന്ന നടിയാണ് മുൻ ലോക സുന്ദരി കൂടിയായ ഐശ്വര്യ റായ്. കരിയറിന്റെ ഉന്നതിയിലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്. പ്രഫഷനൽ വിജയം നേടാൻ ഒരാൾ അവിവാഹിതയായി തുടരേണ്ടതില്ലെന്ന് കരിയറിലൂടെയും ഒപ്പം വാക്കുകളിലൂടെയും അവർ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്.
ഏതൊരാൾക്കും വിവാഹ ജീവിതവും കരിയറും വിജയകരമായി സന്തുലിതമാക്കാൻ കഴിയുമെന്ന് ‘കോഫി വിത്ത് കരൺ’ ഷോയിൽ ഐശ്വര്യ അഭിപ്രായപ്പെട്ടു. കല്യാണം കഴിഞ്ഞാൽ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങിക്കൂടണമെന്ന കാലഹരണപ്പെട്ട ചിന്താഗതി ഇന്നും നിലനിൽക്കുന്നതാണ് വ്യക്തികളെ പ്രധാനമായും തളർത്തുന്നതെന്നും അവർ പറയുന്നു.
കരിയറിൽ മുന്നേറിയാൽ പങ്കാളിയുമായി പ്രശ്നമോ?
കരിയർ മികച്ചതാക്കാൻ ശ്രദ്ധിക്കുന്നതിനിടയിൽ, പങ്കാളിയുമായുള്ള അടുപ്പം നഷ്ടപ്പെടുമോ എന്ന ഭയമാണ് പല സ്ത്രീകൾക്കും. സംതൃപ്തമായ ദാമ്പത്യജീവിതത്തോടൊപ്പം വെല്ലുവിളി നിറഞ്ഞ കരിയറും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക അൽപം ശ്രമകരം തന്നെയാണ്.
പ്രത്യേകിച്ചും ഉയർന്ന പദവികളിലുള്ളവർക്ക് ഇത് പലപ്പോഴും വൈകാരിക ബുദ്ധിമുട്ടുകളുണ്ടാക്കാമെന്ന് സൈക്കോതെറപ്പിസ്റ്റായ സോണാൽ ഖാൻഗരോട്ട് പറയുന്നു. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് വൈകാരിക-ശാരീരിക സമ്മർദം, വ്യക്തമായ കാരണമില്ലാതെ തന്നെ അടുപ്പമില്ലായ്മ തോന്നൽ തുടങ്ങിയവ അനുഭവപ്പെടാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
‘‘പങ്കാളികൾക്ക് ഒന്നിച്ചിരിക്കാൻ സമയം കുറവാണെങ്കിലും ചെറിയ കാര്യങ്ങളിലൂടെ തന്നെ വൈകാരിക അടുപ്പം നിലനിർത്താൻ കഴിയും. നിങ്ങളെ ഇന്ന് പ്രചോദിപ്പിച്ചത്, വെല്ലുവിളിയായത്, അല്ലെങ്കിൽ ആഹ്ലാദിപ്പിച്ചത് എന്നിങ്ങനെ വ്യക്തിപരമായ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കാവുന്നതാണ്. വ്യത്യസ്ത സ്ഥലങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ സാങ്കേതികവിദ്യ ഈ വിടവ് നികത്താൻ സഹായിക്കും.
ഒരുമിച്ച് ഓൺലൈൻ ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ ഒരേ സിനിമ കാണുക, ശേഷം അതിനെക്കുറിച്ച് സംസാരിക്കുക എന്നിവ ശ്രമിച്ച് നോക്കാം. ഒരുമിച്ച് ലഭിക്കുന്ന പരിമിതമായ സമയത്ത് പൊതുകാര്യങ്ങൾക്കോ ലോകകാര്യങ്ങൾക്കോ നൽകാതെ, വ്യക്തിഗതമായ അനുഭവങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവ സംസാരിക്കുക.’’ - സോണാൽ ഖാൻഗരോട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.