ഷാരൂഖിന് പരിക്ക്; 'കിങ്' ഷൂട്ടിങ് നിര്‍ത്തിവെച്ചു
text_fieldsസിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്. പുതിയ ചിത്രമായ കിങ്ങിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന്‍റ പേശികൾക്ക് പരിക്കേറ്റത്. പരിക്കിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഷാരൂഖിനോട് സിനിമയിൽ നിന്നും ഒരു മാസത്തെ പൂർണ ഇടവേള എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചെന്നാണ് വിവരം. അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിലോ ഒക്ടോബറിലോ ആരംഭിക്കും.
ഷാരൂഖ് തന്റെ സംഘത്തോടൊപ്പം അടിയന്തര വൈദ്യസഹായത്തിനായി യു.എസിലേക്ക് പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴത്തെ പരിക്ക് ഗുരുതരമല്ലെന്നും എന്നാൽ വർഷങ്ങളായി, സ്റ്റണ്ട് പ്രകടനം നടത്തുന്നതിനാൽ ഷാരൂഖിന് ശരീരത്തിലെ ഒന്നിലധികം പേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും വൃത്തങ്ങൾ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിലൂടെ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുകയാണ്. ദീപിക പദുക്കോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജയ്ദീപ് അഹ്ലാവത്, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, അഭയ് വർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.