തെളിവും സാഹചര്യവും നിങ്ങൾക്കെതിരാണ്
text_fieldsപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് സീരീസിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ സോഷ്യലിടത്തിലെ ചർച്ച. ‘ജൂണ്‍’, ‘മധുരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറിന്റെ സംവിധാനത്തിലെത്തിയ ആറ് എപ്പിസോഡ് വീതമുള്ള രണ്ട് സീസണുകൾ. വ്യത്യസ്ത കഥകൾ, വ്യത്യസ്ത അന്വേഷണ രീതികൾ. ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന രണ്ട് സീസണുകളും അസാധ്യമായ ഫ്ലെക്സിബിലിറ്റി പിൻപറ്റുന്നുണ്ട്.
ആദ്യ സീസണിൽ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമാണ് പ്രതിപാദ്യ വിഷയമെങ്കിൽ രണ്ടാം സീസണിൽ അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമാണ് ന്യൂക്ലിയർ പോയന്റ്. ആഷിക്ക് ഐമറാണ് ആദ്യ സീസണിന്റെ തിരക്കഥ ഒരുക്കിയതെങ്കിൽ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് ‘കേരള ക്രൈം ഫയൽസ് സീസൺ-2’ന്റെ രചന നിർവഹിച്ചിരിക്കുന്നത്. തികച്ചും റിയലസ്റ്റിക്കായ കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട് കേരള ക്രൈം ഫയൽസ്.
നഗരത്തിലെ ഒരു ലോഡ്ജിൽ ഒരു ദുരൂഹ മരണം സംഭവിക്കുന്നു. അത് അന്വേഷിക്കാൻ എത്തുന്ന പൊലീസുകാർക്ക് കുറ്റവാളിയിലേക്ക് എത്താനുള്ള ഏക സൂചന ‘ഷിജു, പാറയിൽ വീട്, നീണ്ടകര’ എന്ന മേൽവിലാസം മാത്രമാണ്. എന്നാൽ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കേസ് കൂടുതൽ സങ്കീർണമാകുകയും കുറ്റവാളിയിലേക്കുള്ള ദൂരം കൂടുകയും ചെയ്യുന്നു. പക്ഷേ, സിനിമയുടെ അവസാനം വരെ ഹോൾഡ് ചെയ്യുന്ന ആ സസ്പെൻസ്, ആരാണ് ഇതിന് പിന്നിൽ എന്ന് അറിയാനുള്ള സ്വാഭാവികമായ ആകാംക്ഷ ഇവിടെ പ്രേക്ഷകർ അനുഭവിക്കും. 2023ൽ ഇറങ്ങിയ ആദ്യ സീസൺ 2010ൽ നടക്കുന്ന കഥയായാണ് ചിത്രീകരിച്ചിരിക്കുന്നത്.
എസ്.ഐ നോബിളിന് ചുമതല, അച്ചടക്ക നടപടിയെ തുടര്‍ന്ന് പൊലീസുകാരെയെല്ലാം സ്ഥലം മാറ്റിയ കണിയാർവിള സ്റ്റേഷനിലാണ്. ആ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അമ്പിളി രാജു സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നില്ല. അയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ‘കേരള ക്രൈം ഫയൽസ് സീസൺ-2’. അമ്പിളിരാജുവിനായുള്ള തിരച്ചിൽ കഥയുടെ ഗതി മാറ്റുന്നു. ഇന്ദ്രൻസാണ് അമ്പിളിരാജുവായി എത്തുന്നത്. ഒന്നിലേറെ അടരുകളുള്ള രഹസ്യസ്വഭാവം സൂക്ഷിക്കുന്ന സി.പി. അമ്പിളി രാജുവിന്റെ കഥാപാത്രം ഇന്ദ്രൻസിൽ ഭദ്രമായിരുന്നു. അയ്യപ്പൻ (ഹരിശ്രീ അശോകൻ)-അമ്പിളി കോംബോയാണ് എൻഗേജിങ് പാർട്ട്. സ്പൂൺ ഫീഡിങ് ഇല്ലാത്തതും സീരിസിന്റെ ഗ്രിപ് സ്ട്രോങ്ങാക്കുന്നുണ്ട്. മനുഷ്യനും നായയുമായുള്ള അഭേദ്യമായ ബന്ധമാണ് ഈ സീസണിന്റെ നെടുംതൂൺ. സാധാരണക്കാർക്ക് അറിയാത്ത ഒരുപാട് പൊലീസ് നടപടിക്രമങ്ങളും ഇതിൽ പറയുന്നുണ്ട്. ത്രില്ലറിനോടൊപ്പം ഇൻഫർമേറ്റിവുമാണ് ഈ സീരീസ്.
കാരക്ടർ ഡീറ്റെയിലിങ്ങാണ് ഈ രണ്ട് സീസണിന്റെയും മറ്റൊരു ഇൻട്രസ്റ്റിങ് ഫോക്കസ്. കുറ്റവാളിയുടെ സുഹൃത്തുകള്‍, സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍ എന്നിവരിലൂടെ അയാളുടെ ഭൂതകാലത്തിലേക്കും സ്വഭാവ സവിശേഷതകളിലേക്കും ശരീരഭാഷയിലേക്കും കടന്നു ചെല്ലുന്നിടത്ത് രണ്ട് കഥകളും ചുരുളഴിയപ്പെടുന്നു. ഗിയർ ഷിഫ്റ്റിങ് വരുന്നിടത്ത് കണക്ഷൻ ചോർന്ന് പോകാതെ തന്നെ കഥാപാത്രങ്ങളെ അഹമ്മദ് കബീർ ഡിസൈൻ ചെയ്തിട്ടുണ്ട്. രണ്ട് സീസണിലും തിരക്കഥക്ക് അനുസൃതമായി കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും റിയലസ്റ്റിക്കാവുന്നുണ്ട്. ജിതിൻ സ്റ്റാനിസ്ലോസിന്റെ ഛായാഗ്രഹണം സീരീസിനെ കൈയടക്കത്തോടെ ക്രമീകരിച്ചിരിക്കുന്നു.
മഹേഷ് ഭുവനേന്ദിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ക്രൈമുമായി ബന്ധപ്പെട്ട രക്തച്ചൊരിച്ചിലുള്ള ഒരൊറ്റ രംഗംപോലും സീരീസിൽ ഇല്ലെന്നതും ശ്രദ്ധേയം. കേസ് അന്വേഷണത്തിന്റെ തിരക്കില്‍ പൊലീസുകാര്‍ക്ക് വ്യക്തിജീവിതത്തില്‍ ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചകളെയും ‘കേരള ക്രൈം സ്റ്റോറി’ വ്യക്തമായി അഭിസംബോധന ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായി എത്തുന്ന അജു വർഗീസിനും (എസ്.ഐ മനോജ്), ലാലിനുമൊപ്പം (സി.ഐ കുര്യൻ) സീരീസിൽ ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്ന എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളോട് പൂർണമായും നീതിപുലർത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.