ഗോവയിലെ ചുരുങ്ങുന്ന വനവിസ്തൃതി ചൂണ്ടിക്കാട്ടിയ വിഡിയോയുടെ പേരിൽ നടൻ ഗൗരവ് ബക്ഷിക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ഗോവയിലെ വനവിസ്തൃതി കുറയുന്നതിന് സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പ്രമോദ് സാവന്തും ഉത്തരവാദികളാണെന്ന് ആരോപിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിനുപിന്നാലെ നടനും ആക്ടിവിസ്റ്റുമായ ഗൗരവ് ബക്ഷിക്കെതിരെ കേസെടുത്ത് ഗോവ പൊലീസ്. വനവിസ്തൃതി കുറഞ്ഞതിന് മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നുവെന്നാരോപിച്ച് ഗൗരവ് ബക്ഷി വിഡിയോ നിർമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയുടെ പേരിൽ വനം വകുപ്പിലെ ഡെപ്യൂട്ടി കൺസർവേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 2ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ബക്ഷി ഫേസ്ബുക്ക് വിഡിയോയിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പരാതിക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവുകളും മറ്റ് കോടതി ഉത്തരവുകളും സംസ്ഥാന സർക്കാർ സൂക്ഷ്മതയോടെ പിന്തുടരുകയും പാലിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.
സർക്കാറിനെതിരെ പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉളവാക്കുക, അതുവഴി പൊതുസമാധാനത്തെ ബാധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ശത്രുതയും പൊതു കുഴപ്പവും പ്രോത്സാഹിപ്പിക്കുന്ന വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 28നാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അറിഞ്ഞപ്പോൾ താൻ കുടുംബത്തോടൊപ്പം അവധിയിലായിരുന്നുവെന്ന് ബക്ഷി പത്രങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ക്രൈംബ്രാഞ്ച് എന്റെ വീട്ടിൽ ദിവസവും വരുന്നുണ്ടെന്നും മുൻകൂർ ജാമ്യത്തിനായി മജിസ്ട്രേറ്റിനെ സമീപിച്ചിട്ടുണ്ടെന്നും ബക്ഷി പറഞ്ഞു.
‘സമ്പദ്‌വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ഗോവ സർക്കാർ ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണ്. കുന്നുകളും നെൽവയലുകളും വനങ്ങളും വലിയ തോതിൽ നശിപ്പിക്കുന്നു. അത്തരം നിരവധി വിഷയങ്ങൾ ഞാൻ ഉയർത്തിക്കാട്ടി. ഈ എഫ്.ഐ.ആർ എന്നെ തടയാനുള്ള മറ്റൊരു ശ്രമമാണെന്നും’ ബക്ഷി പ്രതികരിച്ചു. പൊലീസ് സംഘം അദ്ദേഹത്തിന് നോട്ടീസ് നൽകാൻ എത്തിയെങ്കിലും അദ്ദേഹം നോട്ടീസ് സ്വീകരിച്ചില്ലെന്നും ക്രൈംബ്രാഞ്ചിൽ ഹാജരായില്ലെന്നും റിപ്പോർട്ട് ഉണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.