കാലാവസ്ഥാ പ്രതിസന്ധിയുടെ അടിയന്തിരാവസ്ഥ ലോകം തിരിച്ചറിയണമെന്ന് ലിയോ മാർപാപ്പ
text_fieldsറോം: കാലാവസ്ഥാ പ്രതിസന്ധിയുടെ അടിയന്തിരാവസ്ഥ ലോകം തിരിച്ചറിയണമെന്നും ദരിദ്രരുടെ നിലവിളി കേൾക്കണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പരിസ്ഥിതി പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ പ്രാർഥനകളും വായനകളും നടത്തി ആദ്യത്തെ കുർബാന അർപ്പിക്കവെയാണ് പോപ്പിന്റെ ആഹ്വാനം.
വത്തിക്കാന്റെ കാസ്റ്റൽ ഗാൻഡോൾഫോയിലെ പേപ്പൽ സമ്മർ എസ്റ്റേറ്റിലെ പുതിയ പാരിസ്ഥിതിക വിദ്യാഭ്യാസ കേന്ദ്രത്തിലെ പൂന്തോട്ടത്തിൽ നടന്ന കുർബാനയിലൂടെ പരിസ്ഥിതി സംരക്ഷണത്തെ മുഖമുദ്രയാക്കി മാറ്റിയ ഫ്രാൻസിസുമായുള്ള തന്റെ ശക്തമായ പാരിസ്ഥിതിക തുടർച്ചയെ പോപ്പ് സൂചിപ്പിച്ചു. സമ്പന്ന രാജ്യങ്ങളും ബഹുരാഷ്ട്ര കോർപ്പറേഷനുകളും ഭൂമിയെയും അതിലെ ഏറ്റവും ദുർബലരായ ജനങ്ങളെയും ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദിച്ച ആദ്യ മാർപാപ്പയായിരുന്നു ഫ്രാൻസിസ്. അദ്ദേഹത്തിന്റെ 2015 ലെ പരിസ്ഥിതി ചാക്രികലേഖനമായ ‘പ്രൈസ്ഡ് ബി’യുടെ പേരിലാണ് പോപ്പ് ലിയോ പേപ്പൽ സമ്മർ എസ്റ്റേറ്റിലെ 50 ഓളം ജീവനക്കാർക്കായി ദിവ്യബലി അർപ്പിച്ചത്.
തുടർന്ന് ഭൂഗോളത്തെക്കുറിച്ചും ‘ലോകം കത്താൻ’ കാരണമാകുന്നതിന്റെ മനോഭാവം ലോകം മാറ്റേണ്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കേണ്ടതിന്റെ അടിയന്തിരത ഇപ്പോഴും തിരിച്ചറിയാത്ത, സഭക്കകത്തും പുറത്തുമുള്ള നിരവധി ആളുകളുടെ പരിവർത്തനത്തിനായി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് മിക്കവാറും എല്ലാ ദിവസവും നിരവധി രാജ്യങ്ങളിലും നിരവധി പ്രകൃതി ദുരന്തങ്ങൾ നാം കാണുന്നു. അവക്ക് ഒരു കാരണം നമ്മുടെ ജീവിതശൈലിയിലെ മനുഷ്യത്വത്തിന്റെ അമിതത്വം തന്നെയാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
റോമിന് തെക്ക് ആൽബൻ തടാകത്തെ അഭിമുഖീകരിക്കുന്ന ഒരു കുന്നിൻ മുകളിലുള്ള പട്ടണമായ കാസ്റ്റൽ ഗാൻഡോൾഫോയിൽ അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങളിൽ ലിയോ ദിവ്യബലി അർപ്പിച്ചു. ഞായറാഴ്ചയാണ് കർമങ്ങൾക്കായി അദ്ദേഹം അവിടെ എത്തിയത്. രണ്ടാഴ്ച ചെലവഴിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങും.
സസ്യങ്ങളും പൂക്കളും പ്രകൃതിയും കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രകൃതിദത്ത കത്തീഡ്രൽ എന്ന് വിളിക്കാവുന്ന സ്ഥലത്ത് ദിവ്യബലി അർപ്പിക്കുകയാണെന്ന് അദ്ദേഹം ഒത്തുകൂടിയവരോട് പറഞ്ഞു. മനുഷ്യരാശിയുടെ ദൗത്യം ക്രിസ്തുവിന്റേതിന് തുല്യമാണ്. സൃഷ്ടിയെ സംരക്ഷിക്കുകയും ലോകത്ത് സമാധാനവും അനുരഞ്ജനവും കൊണ്ടുവരികയും ചെയ്യുക എന്നത്. ഭൂമിയുടെ നിലവിളി നാം കേൾക്കുന്നു. ദരിദ്രരുടെ നിലവിളി നാം കേൾക്കുന്നു. കാരണം ഈ നിലവിളി ദൈവത്തിന്റെ ഹൃദയത്തിൽ എത്തിയിരിക്കുന്നു. നമ്മുടെ കോപം അവന്റേതാണ്. നമ്മുടെ പ്രവൃത്തിയും അവന്റേതാണെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.