നമുക്കറിയാത്ത ചില വ്യവസായങ്ങൾ വായുമലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നു
text_fieldsലണ്ടൻ: നമുക്കറിയാത്ത ചില വ്യവസായങ്ങൾ വായുമലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നുവെന്ന് പുതിയ പഠനം. യോർക്ക് സർവകലാശാലയിൽ നിന്നുള്ള പുതിയ ഗവേഷണമനുസരിച്ച് മറ്റുള്ളവയെ അപേക്ഷിച്ച് ചില വായു മലിനീകരണ നിയന്ത്രണങ്ങൾ വളരെ ദുർബലമാണ്. എൻജിനുകൾ, പുകക്കുഴലുകൾ, ചിമ്മിനികൾ എന്നിവയിൽ നിന്ന് വരുന്നതും മാരകമായതുമായ നൈട്രജൻ ഡൈ ഓക്സൈഡ് അടങ്ങിയതുമായ നൈട്രജൻ ഓക്സൈഡ് മലിനീകരണത്തെ കുറിച്ചാണ് ഗവേഷകർ പഠന വിധേയമാക്കിയത്. മിക്ക യു.കെ നഗരങ്ങളിലും ഇത് ഗുരുതരമായ പ്രശ്നമാണ്.
മലിനീകരണത്തെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി ചെറിയ ഗാർഹിക ബോയിലറുകൾ മുതൽ വലിയ പവർ സ്റ്റേഷനുകൾ, കപ്പലുകൾ, വിമാനങ്ങൾ വരെയുള്ള വ്യത്യസ്ത എൻജിനുകൾ, ടർബൈനുകൾ എന്നിവ വരെ പഠന വിധേയമാക്കി.
ഉൽപാദിപ്പിക്കുന്ന ഓരോ യൂനിറ്റ് ഊർജത്തിനും പവർ സ്റ്റേഷനുകൾക്ക് നിങ്ങളുടെ വീട്ടിലെ ഗ്യാസ് ബോയിലറിനെക്കാൾ 10 മടങ്ങ് കൂടുതൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളാൻ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. സാറ മോളർ പറയുന്നു.
അതുപോലെ ഷിപ്പിങ്, വ്യോമയാനം, നിർമാണം, കൃഷി തുടങ്ങിയ മേഖലകളിൽ വായു മലിനീകരണ നിയന്ത്രണത്തിൽ ചില അയവുകളുണ്ട്. ഉദാഹരണമായി, ഒരു കപ്പലിന്റെ ഡീസൽ എൻജിൻ ഒരു ജനറേറ്ററിൽ ഉപയോഗിക്കുന്ന അതേ എൻജിനേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ നൈട്രജൻ ഓക്സൈഡ് പുന്തള്ളാൻ അനുവദിച്ചിട്ടുണ്ട്. ഒരു നിർമാണ സ്ഥലത്തെ ഒരു ഡീസൽ ജനറേറ്ററിന് അതേ ഊർജം ഉൽപാദിപ്പിക്കുമ്പോൾ തന്നെ ഒരു ഹോം ബോയിലറിനേക്കാൾ 48 മടങ്ങ് കൂടുതൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളാൻ കഴിയും.
ബയോമാസ് പ്ലാന്റുകൾ, കൽക്കരി കത്തിക്കുന്ന സൗകര്യങ്ങൾ, ഇടത്തരം ബോയിലറുകൾ എന്നിവയിലും ഫോസിൽ വാതക സംവിധാനങ്ങളെ അപേക്ഷിച്ച് ദുർബലമായ മലിനീകരണ നിയമങ്ങളുണ്ട്. ഡ്രാക്സ് പോലുള്ള ചില ബയോമാസ് പവർ സ്റ്റേഷനുകൾക്ക് കൂടുതൽ നൈട്രജൻ ഓക്സൈഡുകൾ പുറന്തള്ളാൻ നിയമപരമായി അനുവാദമുണ്ട്.
അതുപോലെ മലിനീകരണമുണ്ടാക്കുന്ന നിരവധി എൻജിനുകളും യന്ത്രങ്ങളും പതിറ്റാണ്ടുകളായി ഉപയോഗത്തിൽ തുടരുകയാണ്. ഒരു വ്യാപാര കപ്പലിന്റെ ശരാശരി പ്രായം 22 വർഷമാണ്. യുകെ നെറ്റ് സീറോ എമിഷനിലേക്ക് നീങ്ങുമ്പോൾ വായു മലിനീകരണം കുറയും. എന്നാൽ മറ്റ് മേഖലകൾ ജൈവ ഇന്ധനങ്ങൾ, ഹൈഡ്രജൻ, അമോണിയ, സുസ്ഥിര വ്യോമയാന ഇന്ധനം തുടങ്ങിയ കുറഞ്ഞ കാർബൺ ഇന്ധനങ്ങളിലേക്ക് മാറിയേക്കും. ഈ ഇന്ധനങ്ങൾ ഇപ്പോഴും നൈട്രജൻ ഓക്സൈഡുകൾ ഉൽപാദിപ്പിക്കുകയും വായുവിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
2050 ആകുമ്പോഴേക്കും കപ്പൽ വ്യാപാരം ഇരട്ടിയാകുമെന്നും വ്യോമയാനം മൂന്നിരട്ടിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ മലനീകരണ നിയമങ്ങൾ താരതമ്യേന ദുർബലമാണ് താനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.