ഭൂമിയിലെ ഏറ്റവും താഴ്ന്ന കരഭാഗം ഏതാണെന്നറിയാമോ?
text_fieldsഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം എവറസ്റ്റ് കൊടുമുടിയാണ്. സമുദ്രനിരപ്പിൽ നിന്ന് 29,000 അടി (8,800 മീറ്റർ) ഉയരത്തിൽ ഇത് സ്ഥിതി ചെയ്യുന്നു. എന്നാൽ, വരണ്ട കരയിലെ ഏറ്റവും താഴ്ന്ന സ്ഥലം ഏതാണെന്നറിമോ?
അത് പശ്ചിമേഷ്യയിലെ ചാവുകടലിന്റെ തീരങ്ങളാണ്. നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻ.ഒ.എ.എ) അനുസരിച്ച് ഇവ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,300 അടി (430 മീറ്റർ) താഴെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഭൂമിയുടെ ഉപരിതലത്തിലെ ഏറ്റവും ആഴമേറിയ സ്ഥലം ഇതല്ല. ആ റെക്കോഡ് ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 35,876 അടി (10,935 മീറ്റർ) താഴെയുള്ള പസഫിക് സമുദ്രത്തിലെ ഒരു പോയിന്റായ മരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ്പിന്റേതാണ്.
ചാവുകടലിന്റെ ഉപരിതലത്തിന്റെ കൃത്യമായ ആഴം ദിവസേന വ്യത്യാസപ്പെടാം. നാസയുടെ അഭിപ്രായത്തിൽ ചൂടുള്ളതും വരണ്ടതുമായ വേനൽക്കാല ദിനത്തിൽ, ബാഷ്പീകരണം കാരണം ജലനിരപ്പ് 1 ഇഞ്ച് (2 മുതൽ 3 സെന്റീമീറ്റർ വരെ) കുറയാം.
യഥാർത്ഥത്തിൽ ഇത് ഒരു കടലല്ല, മറിച്ച് ഒരു വലിയ ഉപ്പുവെള്ള തടാകമാണ്. ചാവുകടലിന് 76 കിലോമീറ്റർ നീളവും 18 കിലോമീറ്റർ വരെ വീതിയുമുണ്ട്. ഉപ്പുവെള്ളത്തിൽ ജീവൻ ഇല്ലാതാകുന്നത് ശ്രദ്ധിച്ച സന്യാസിവര്യൻമാരാണ് ‘ചാവുകടൽ’ എന്ന് പേരിട്ടതെന്ന് എൻ.ഒ.എ.എ അഭിപ്രായപ്പെട്ടു.
ചെങ്കടൽ മുതൽ തുർക്കിയിലെ ടോറസ് പർവതനിരകൾ വരെ ഏകദേശം 1,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ‘ഡെഡ് സീ ഫോൾട്ടി’നടുത്താണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഇത് രൂപം കൊള്ളാൻ തുടങ്ങിയെന്ന് എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സ് ജേണലിൽ 2006ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
പടിഞ്ഞാറ് ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റിനും കിഴക്ക് അറേബ്യൻ പ്ലേറ്റിനും ഇടയിലുള്ള അതിർത്തി രൂപപ്പെടുത്താൻ ഈ ഫോൾട്ട് സഹായിക്കുന്നു. ഗ്രേറ്റ് റിഫ്റ്റ് വാലിയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നതെന്ന് നാസ രേഖപ്പെടുത്തുന്നു. ഇത് നിലവിലെ ആഫ്രിക്കൻ ഭൂഖണ്ഡത്തെ കീറിമുറിക്കുന്നു.
‘ഡെഡ് സീ ഫോൾട്ട് പ്രാഥമികമായി ഒരു പരിവർത്തന ഫോൾട്ടാണ്, കാലിഫോർണിയയിലെ സാൻ ആൻഡ്രിയാസ് ഫോൾട്ടിന് സമാനമാണ്. അവിടെ രണ്ട് പ്ലേറ്റുകൾ പരസ്പരം നീങ്ങുന്നു’- റോഡ് ഐലൻഡ് സർവകലാശാലയിലെ അസോസിയേറ്റ് മറൈൻ റിസർച്ച് ശാസ്ത്രജ്ഞനായ റോബ് പോകാൽനി പറഞ്ഞു.
ഫോൾട്ടിന്റെ ഇരുവശങ്ങളും വടക്കോട്ട് നീങ്ങുന്നു. എന്നാൽ കിഴക്കൻ വശം അൽപ്പം വേഗത്തിലാണ്. പ്രതിവർഷം ഏകദേശം 5 മില്ലിമീറ്റർ എന്ന തോതിൽ- ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ മിനർവ ഡെഡ് സീ റിസർച്ച് സെന്ററിന്റെ ഡയറക്ടർ മറൈൻ ജിയോഫിസിസിസ്റ്റ് സ്വി ബെൻ അവ്രഹാം ലൈവ് സയൻസിനോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.