കാട്ടുമൃഗങ്ങളുടെ വയറ്റിലെത്തുന്നത് പൊറോട്ടയും ചിക്കനും; വനത്തിൽ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളോടുള്ള ആസക്തിയിൽ കേരളത്തിലെ ആനകളും കുരങ്ങുകളും
text_fieldsആനകൾ സസ്യഭുക്കുകളായാണ് അറിയപ്പെടുന്നത്. പക്ഷെ, കേരളത്തിലെ ‘പാച്ചിഡെർമുകൾ’ അഥവാ തൊലി കട്ടിയുള്ള കാട്ടുമൃഗങ്ങൾ പാകം ചെയ്ത കോഴിയും പൊറോട്ടയും കഴിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് വരുന്നത്.
സംസ്ഥാനത്തെ ആനകൾ ചിക്കൻ കറി, പൊറോട്ട, മുട്ട മസാല, ചപ്പാത്തി തുടങ്ങിയ പാകം ചെയ്ത ഭക്ഷണങ്ങളോട് ആസക്തി വളർന്നുവരുന്നതായി ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്ര്’ റിപ്പോർട്ട് ചെയ്യുന്നു. റസ്റ്റോറന്റുകളിലും ഹോട്ടലുകളിൽനിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ വനാന്തരങ്ങളിൽ വലിച്ചെറിയുന്നതിന്റെ വർധിച്ചുവരുന്ന പ്രവണത ഇവർക്ക് അതിന്റെ സ്ഥിര ലഭ്യത ഉറപ്പുവരുത്തിയെന്നും മനോജ് വിശ്വനാഥൻ തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണാവശിഷ്ടങ്ങൾ തേടി ആനകൾ വനപ്രദേശങ്ങളിലേക്ക് കൂട്ടമായി എത്തുന്നുണ്ടെന്ന് പറമ്പിക്കുളം ടൈഗർ റിസർവിലെ ‘അല്ലിമൂപ്പൻ’ ആദിവാസി മേഖലയിലെ രാമൻ പറയുന്നു. വനാന്തരങ്ങളിലെ മാലിന്യ നിക്ഷേപം ആനകളുടെ ആരോഗ്യത്തിന് മാത്രമല്ല, പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘർഷത്തിനുള്ള സാധ്യതയേറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആനകൾക്ക് മാത്രമല്ല എല്ലാ വന്യജീവികൾക്കും ഉപ്പിട്ട ഭക്ഷണത്തോട് ആസക്തിയുണ്ട്. വനങ്ങളുടെ അതിർത്തിയിലുള്ള പ്രദേശങ്ങളിൽ ഭക്ഷണ മാലിന്യങ്ങൾ തള്ളുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഒരു കാമ്പയിൻ നടത്തിവരുന്നതായി മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാനത്തുടനീളം ആദിവാസി ഗ്രാമങ്ങൾ സന്ദർശിച്ച വനം ഓഫിസർ രാജു കെ.ഫ്രാൻസിസ് പറയുന്നു.
ആനകൾ, കുരങ്ങുകൾ, മാൻ, കാട്ടുപന്നികൾ തുടങ്ങിയ വന്യമൃഗങ്ങൾ ഭക്ഷണ മാലിന്യങ്ങൾ ചികഞ്ഞ് ഭക്ഷിക്കുന്നത് കേരളത്തിൽ വർധിച്ചുവരികയാണ്. പാക്ക് ചെയ്ത ചിപ്‌സുകളിലെ ഉപ്പിന്റെ രുചി വന്യമൃഗങ്ങളെ ആകർഷിക്കുന്നു. ചിപ്‌സ് കഴിക്കുമ്പോൾ മൃഗങ്ങൾ ഒപ്പം പ്ലാസ്റ്റിക് കഷണങ്ങളും അകത്താക്കുന്നു. ഇത് അവയുടെ ദഹനത്തെ തടസ്സപ്പെടുത്തുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും രാജു പറഞ്ഞു.
‘ചില വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യുവാക്കൾ കുരങ്ങുകൾക്ക് പുളിപ്പിച്ച ലഘുഭക്ഷണവും ഉരുളക്കിഴങ്ങ് ചിപ്സും നൽകുന്നത് ഞങ്ങൾ കണ്ടെത്തി. ഈ കുരങ്ങുകളിൽ ഉപ്പിട്ട ഭക്ഷണത്തോടുള്ള ആസക്തി വളരുന്നു. വനപ്രാന്തങ്ങളിൽ താമസിക്കുന്നവരാണ് ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നത്. ഈ മൃഗങ്ങൾ വീടുകളിലേക്ക് അതിക്രമിച്ചുകടന്ന് മനുഷ്യരെ ആക്രമിക്കുന്നു. അതുകൊണ്ടാണ് പ്ലാസ്റ്റിക് ഭക്ഷണ പാക്കേജിങ് സുരക്ഷിതമായി ഉപേക്ഷിക്കാൻ ഞങ്ങൾ വിനോദസഞ്ചാരികളോട് ഉപദേശിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
ആദിവാസികളല്ലാത്ത കുടിയേറ്റക്കാർ കാട്ടാനകൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ അധാർമികമായ മാർഗങ്ങൾ അവലംബിക്കുന്നു. സമീപ വർഷങ്ങളിൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കാട്ടാനകളുടെ ശരീരത്തിൽ മുഴകൾ കണ്ടെത്തിയതായി വന്യ മൃഗഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ചു കയറുന്ന കാട്ടാനകളെ തുരത്താൻ ആളുകൾ കല്ലെറിയുകയും കത്തുന്ന ടയറുകൾ എറിയുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. ഈ രീതികൾ വിപരീതഫലം സൃഷ്ടിക്കുന്നുവെന്നും ആനകളെ കൂടുതൽ ആക്രമണകാരികളാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.