അമേരിക്കയുമായി 17 ബില്യൺ ഡോളറിന്റെ കരാർ
text_fieldsകിരീടാവകാശി വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചക്കിടെ
മനാമ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഔദ്യോഗിക അമേരിക്കൻ സന്ദർശനവേളയിലായിരുന്നു കൂടിക്കാഴ്ച. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസകൾ കിരീടാവകാശി ട്രംപിനെ അറിയിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള 130 വർഷത്തിലേറെ പഴക്കമുള്ള ബന്ധത്തെ അദ്ദേഹം പരാമർശിച്ചു. വ്യോമയാനം, സാങ്കേതികവിദ്യ, വ്യവസായം, നിക്ഷേപം എന്നീ മേഖലകളിലുടനീളം 17 ബില്യൺ ഡോളറിന്റെ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്. സ്വകാര്യമേഖലകൾ തമ്മിലുള്ള നിക്ഷേപ പാക്കേജ് ഇരുവരും ചർച്ച ചെയ്തു.നിക്ഷേപം ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തെയും ശക്തമായ ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നതായും ഇത് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്നും കിരീടാവകാശി പറഞ്ഞു.
സമഗ്ര സുരക്ഷ ഏകീകരണവും സമൃദ്ധി കരാറും (സി-എസ്.ഐ.പി.എ) പോലുള്ള സംയുക്ത കരാറുകളിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും ചേർന്ന് ക്ഷണിച്ചതിനെത്തുടർന്ന് യുനൈറ്റഡ് കിങ്ഡത്തെയും ഈ കരാറിൽ ഉൾപ്പെടുത്തി വിപുലീകരിച്ചിരുന്നു. സി-എസ്.ഐ.പി.എ ചില നിർണായക സമയത്ത് സമാധാനം മുന്നോട്ടുകൊണ്ടുപോകുന്നതിനും വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റിലുടനീളം ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനും ഒരു ബഹുമുഖ ചട്ടക്കൂട് സൃഷ്ടിച്ചതായും കിരീടാവകാശി പറഞ്ഞു.
സമീപകാലത്തെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സാംസ്കാരികസംഭാഷണത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ബഹ്റൈന്റെ ഉറച്ച നിലപാട് അദ്ദേഹം എടുത്തുകാണിച്ചു. അന്താരാഷ്ട്ര സമാധാനം വളർത്തുന്നതും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ബഹ്റൈന് അതിയായ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായുള്ള ട്രംപിന്റെയും അമേരിക്കയുടെയും ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
കിരീടാവകാശിയെയും സംഘത്തെയും വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത ട്രംപ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും വളരെ ആദരണീയനായ നേതാവാണെന്ന് വ്യക്തമാക്കി. ബഹ്റൈൻ-അമേരിക്ക ബന്ധങ്ങളുടെ ശക്തിയെക്കുറിച്ചും ട്രംപ് സംസാരിച്ചു.പതിറ്റാണ്ടുകളുടെ പരസ്പരപിന്തുണയും സഹകരണവും വളരെ വലുതും അടിത്തറയുള്ളതുമാണ്. ബഹ്റൈൻ എപ്പോഴും ഒരു മൂല്യവത്തായതും ഉറച്ചതുമായ സഖ്യകക്ഷിയാണ്. അമേരിക്ക എന്നും ബഹ്റൈനൊപ്പം നിന്നിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും ട്രംപ് പരാമർശിച്ചു.യുനൈറ്റഡ് സ്റ്റേറ്റ്സും ബഹ്റൈനും തമ്മിൽ വളർന്നുവരുന്ന ഗണ്യമായ വ്യാപാരവിനിമയം അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിക്കും സംഘത്തിനും വൈറ്റ് ഹൗസിൽ ഉച്ചവിരുന്നും ട്രംപ് ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.