യമനിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ഒടുവിൽ ആശ്വാസം; ഒമാൻ വഴി നാട്ടിലേക്ക് തിരിക്കും
text_fieldsമസ്കത്ത്: തൊഴിൽ കോൺട്രാക്ട് കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാവാതെ യമനിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ഒടുവിൽ ആശ്വാസം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഇവർക്ക് എമർജൻസി പാസ്സ് ലഭിച്ചു. ഒമാനിലെ റൂവി കെ.എം.സി.സി, സൗദിയിലെ റിയാദ് കെ.എം.സി.സി എന്നിവയുടെ സംയുക്ത ശ്രമഫലമായി സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസി ആണ് ഇവർക്ക് എമർജൻസി പാസ്സ് നൽകിയത്.
തെക്കൻ യമനിലെ ഏതനിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇടുക്കി സ്വദേശിനിയായ അഞ്ജനയും കുഞ്ഞുമാണ് തൊഴിൽ കോൺട്രാക്ട് അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ കുടുങ്ങിയത്. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാലാണ് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 19ന് ജനിച്ച മകൻ ലിയോ ലിയാമിന് പാസ്പോർട്ട് എടുക്കാനും ഇതുവരെ സാധിച്ചിരുന്നില്ല.
നിലവിൽ യമനിൽ ഇന്ത്യൻ എംബസി സൗകര്യം ഇല്ലാത്തതായിരുന്നു ദുരിതത്തിന് കാരണം.മുമ്പ് ജിബൂട്ടിയിൽ പ്രവർത്തിച്ചിരുന്ന യമനിലെ ഇന്ത്യൻ എംബസി ഇപ്പോൾ യമനിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിശ്ചലമാണ്. കോൺസുലർ സേവനങ്ങൾക്കായി സനായിൽ ഉണ്ടായിരുന്ന താൽക്കാലിക കേന്ദ്രവും അടച്ചു പൂട്ടി.
അഞ്ജനയുടെ ഭർത്താവിന്റെ പാസ്പോർട്ട് കാലാവധി ഉള്ളതാണെങ്കിലും ഭാര്യയുടെയും കുട്ടിയുടെയും പാസ്പോർട്ട് ഇല്ലാതെ കുടുംബത്തിനാകെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. എമർജെൻസി പാസ്പോർട്ട് നേടുന്നതിനായി കുടുംബം മന്ത്രിമാർ ഉൾപ്പെടെ നിരവധി പേരെ സമീപിച്ചിരുന്നു. ഒമാനിലെ മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇവർ സമർപ്പിച്ച അപേക്ഷ എംബസി തള്ളുകയും റിയാദ് എംബസിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി മസ്കത്തിലെ റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം പറഞ്ഞു.
സൗദി കെ.എം.സിസി പ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല വെൽഫെയർ വിങ് കൺവീനർ ഇർഷാദ് കായക്കൂലിന്റെ പേരിൽ ഈ വിഷയത്തിൽ ഇടപ്പെട്ട് പരിഹാരം കാണുന്നതിനു വേണ്ടി അധികാരപ്പെടുത്തി കോൺസുലേറ്റിൽ നിന്ന് കുടുംബം വക്കാലത്ത് ഇഷ്യു ചെയ്യിപ്പിച്ചു. അതിൻ പ്രകാരം അദ്ദേഹത്തിന്റെ അപേക്ഷയിൽ ആണ് അഞ്ജനക്കും കുഞ്ഞിനും റിയാദിലെ ഇന്ത്യൻ എംബസി എമെർജെൻസി പാസ്പോർട്ട് അനുവദിച്ചു നൽകിയത്.
ഒമാൻ റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, സൗദി കെ.എം.സി.സി നേതാവ് ഷാജി ആലപ്പുഴ, റിയാദ് കെ.എം.സി.സി സെന്റ്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ, റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല വെൽഫെയർ വിങ് കൺവീനർ ഇർഷാദ് കായക്കൂൽ എന്നിവരുടെ ശ്രമഫലമായാണ് എമർജൻസി പാസ്പോർട്ട് ലഭിച്ചത്. റയമൻ അധികൃതരുടെ സഹായത്താൽ ഇവർ നാട്ടിലേക്ക് പോകാൻ ആദ്യം ഒരു ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി താൽക്കാലിക യാത്രാ പാസ് നിർമിച്ചു നൽകാൻ യമൻ അധികൃതർ ശ്രമിച്ചങ്കിലും വിമാന അധികൃതർ അതുമായി യാത്ര അനുവദിച്ചില്ല.
ഇന്ത്യൻ പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിലേക്ക് അയക്കാൻ നിർവാഹമില്ലെന്ന് വിമാന അധികൃതർ നിലപാട് എടുത്തതോടെ അന്ന് യാത്ര മുടങ്ങി. അഞ്ജനയുടെ യമൻ താമസവിസ സെപ്റ്റംബർ 21 വരെ ഉണ്ടെങ്കിലും തൊഴിൽ കോൺട്രാക്ട് അവസാനിച്ചതോടെ ജോലി ഇല്ലാതെയായിരുന്നു കുടുംബം യമനിൽ തുടർന്നിരുന്നത്. ഞായറാഴ്ച ഇഷ്യു ചെയ്ത് കിട്ടിയ എമർജ്ജൻസി പാസ്പോർട്ട് ബസ് മാർഗം യമനിൽ എത്തിച്ചു നൽകി. കുടുംബത്തിന് ഒമാൻ വഴി നാട്ടിലേക്ക് മടക്കയാത്രയും ഒരുക്കുമെന്ന് കെ.എം.സി.സി നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.