ഒമാൻ ഫുട്ബാൾ ടീം കോച്ചായി കാർലോസ് ക്വിറോസിനെ നിയമിച്ചു
text_fieldsമസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ കോച്ചായി പോർച്ചുഗീസിന്റെ പരിചയസമ്പന്നനായ കാർലോസ് ക്വിറോസിനെ നിയമിച്ചു. നിലവിലെ കോച്ചായ റഷീദ് ജാബിറിന് പകരകാരനയാണ് ക്വിറോസ് ഒമാൻ ടീമിന് തന്ത്രം മെനയാൻ എത്തുന്നത്. ആഗോളതലത്തിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുണ്ട് ഇദ്ദേഹത്തിന്. ഹമദ് അൽ അസാനയെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചു.
മൊസാംബിക്കിൽ ജനിച്ച ക്വിറോസ് തന്റെ കരിയറിൽ ഉടനീളം അഭിമാനകരമായ പരിശീലക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, കൊളംബിയ എന്നിവയുൾപ്പെടെയുള്ള ദേശീയ ടീമുകളുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു. ഇറാനു വേണ്ടി ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കുകയും അവരെ തുടർച്ചയായി രണ്ട് ഫിഫ ലോകകപ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു. 2014,2018 കാലങ്ങളിലാണ് ഇറാൻ ഇദേഹത്തിന്റെ കീഴിൽ ലോകകപ്പ് യോഗ്യത നേടിയത്.
ക്ലബ് തലത്തിൽ റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മാഞ്ചസ്റ്റർ യുനൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായി സാക്ഷാൽ സർ അലക്സ് ഫെർഗൂസണുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു. ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ഫെർഗൂസണുമായുള്ള അദേഹത്തിന്റെ പങ്കാളിത്തം.
ദേശീയ ടീമിന്റെ പ്രകടത്തെ ഉയർത്താനുള്ള ധീരമായ നീക്കമായാണ് ക്വിറോസിനെ കോച്ചായി വെക്കാനുള്ള ഒമാൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനത്തെ ഫുട്ബാൾ പ്രേമികൾ കാണുന്നത്. ദേശീയ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ജാബറിന്റെ പ്രവർത്തനത്തിന് നന്ദി പറയുകാണെണും അദേഹത്തിന് എല്ലാവിധ ആശംസകളും നേരുകയാണെന്നും ഒമാൻ ഫുട്ബാൾ അസോസിയഷൻ എക്സിലൂടെ അറിയിച്ചു. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.