ചെങ്കടലിൽ 800 വർഷം പഴക്കമുള്ള കൂറ്റൻ പവിഴപ്പുറ്റുകളുടെ കോളനി കണ്ടെത്തി
text_fieldsചെങ്കടലിൽ കണ്ടെത്തിയ 800 വർഷം പഴക്കമുള്ള ഭീമൻ പവിഴപ്പുറ്റുകളുടെ കോളനി
അൽ ഖോബാർ: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്ത്, ചെങ്കടലിന്റെ നീലനിറം മൂടിയ ആഴങ്ങളിൽ ഭീമൻ ‘പാവോണ’ പവിഴപ്പുറ്റ് കോളനി കണ്ടെത്തി. ജലാശയങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതാണിത്. നിരവധി വ്യക്തിഗത കോളനികൾ ചേർന്ന വളരെ വലിയ ഒരു പവിഴപ്പുറ്റിൽനിന്ന് വ്യത്യസ്തമായി ഈ ഒറ്റപ്പെട്ട കോളനി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക കണ്ടെത്തലുകളിൽ ഒന്നായി മാറി. ഇതിന്റെ കൃത്യമായ വലിപ്പം കണക്കാക്കിയിട്ടില്ല. സാധാരണ ഗതിയിൽ മിക്ക കൊറൽ റീഫുകളും നിരവധി ചെറുകോളനികളായി ചിതറി കിടക്കുന്ന നിലയിലുള്ളതാണ്. എന്നാൽ ചെങ്കടലിൽ കണ്ടെത്തിയത് ഒരൊറ്റ, ഏകകോശങ്ങളായ പ്രകൃതിദത്ത ഭീമന് കൊറൽ കോളനിയെയാണ്. പസഫിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 32 മീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള കൊറൽ കോളനിക്ക് തുല്യമായ വലിപ്പം ഈ കോളനിക്കുണ്ടെന്ന് ഗവേഷകർ പറയുന്നു.
തൊട്ടടുത്തുള്ള റെഡ് സീ ഗ്ലോബൽ റിസോർട്ടായ ‘അമാല’യിൽ എത്തുന്നവർക്ക് മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അമാല റിസോർട്ടിലേക്കുള്ള സന്ദർശകർക്ക് കോളനി സുരക്ഷിതമായും പാരിസ്ഥിതികമായും കാണാനുള്ള അവസരം നൽകും. ഇത് ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും പ്രാദേശിക ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറക്കുകയും ചെയ്യുന്നു. ഇത്രയും വലിയ കണ്ടെത്തൽ ചെങ്കടലിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെയും അതിന്റെ പ്രകൃതി സൗന്ദര്യത്തെയും അടിവരയിടുന്നു എന്ന് പരിസ്ഥിതി സംരക്ഷണ-പുനരുജ്ജീവന മേധാവി അഹമ്മദ് അൽ-അൻസാരി വ്യക്തമാക്കി.
ചെങ്കടലിലെ ഈ ഇനം പവിഴപ്പുറ്റുകളുടെ വളർച്ചാനിരക്കിന്റെ വിശദാംശങ്ങൾ പരിമിതമായതിനാൽ കോളനിയുടെ പ്രായം കണക്കാക്കുന്നത് സാങ്കേതിക വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിന്റെ വലിപ്പം, പസഫിക് മാതൃകകളിൽനിന്നുള്ള താരതമ്യ വളർച്ചാനിരക്ക്, ദ്വിമാന ചിത്രങ്ങളിൽ നിന്ന് ത്രീ ഡി മോഡലുകൾ സൃഷ്ടിക്കുന്ന ഫോട്ടോഗ്രാമെട്രി ടെക്നിക്കുകൾ എന്നിവയെ അടിസ്ഥാനമാക്കി അതിന്റെ പ്രായം 400-നും 800-നും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.
കൂടുതൽ ഗവേഷണം നടത്തുന്നുണ്ടെന്നും എസ്റ്റിമേറ്റ് പരിഷ്കരിക്കുമെന്നും റെഡ് സീ ഗ്ലോബൽ വൃത്തങ്ങൾ അറിയിച്ചു. ചെങ്കടലിലെ പവിഴപ്പുറ്റുകൾ ലോകത്തിലെ ഏറ്റവും പ്രതിരോധശേഷിയുള്ളവയാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഉയർന്ന താപനിലയും ലവണത്വവും സഹിക്കാൻ ഇവക്ക് ജനിതകമായി ശേഷിയുണ്ട്.
ഈ പ്രത്യേക കോളനിയുടെ പ്രതിരോധ ശേഷിയും ഗതിയും എങ്ങനെയാണെന്ന് മനസിലാക്കാൻ ഗവേഷകർ നിരന്തരമായി നിരീക്ഷണം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.