ആഗോള ആരോഗ്യസമ്മേളനം റിയാദിൽ
text_fieldsസൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ
റിയാദ്: ആഗോള ആരോഗ്യസമ്മേളനത്തിന് വേദിയാകാൻ സൗദി തലസ്ഥാന നഗരം ഒരുങ്ങുന്നു. എട്ടാമത് ഗ്ലോബൽ ഹെൽത്ത് ഫോറം ഒക്ടോബർ 27 മുതൽ 30 വരെ റിയാദിൽ നടക്കും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യമേഖല പരിവർത്തന പരിപാടിയുടെ പിന്തുണയോടെയാണ് സംഘാടനം. ആരോഗ്യമേഖലയിൽനിന്നുള്ള 2000 പ്രദർശകരും 500 പ്രഭാഷകരും 20 അന്താരാഷ്ട്ര പവലിയനുകളും ഉൾക്കൊള്ളുന്ന ഫോറം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പരിപാടികളിൽ ഒന്നായിരിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകളുടെ വിപുലമായ പങ്കാളിത്തം ഫോറത്തിലുണ്ടാകും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര ആരോഗ്യത്തിലെ നിക്ഷേപം എന്നിവയെക്കുറിച്ചുള്ള സംഭാഷണത്തിനുള്ള വേദിയാകും ഫോറം. ആരോഗ്യ സംരക്ഷണ പരിവർത്തനത്തിനായുള്ള സൗദിയുടെ കാഴ്ചപ്പാട് ഫോറം ഉൾക്കൊള്ളുന്നുവെന്നും വിപുലമായ അടിസ്ഥാന സൗകര്യങ്ങളിലൂടെയും ആകർഷകമായ ചട്ടക്കൂടിലൂടെയും നിക്ഷേപകർക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുന്നുവെന്നും ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു.
മന്ത്രിമാർ, ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ‘നേതൃ ഉച്ചകോടി’ ഫോറത്തിലെ പ്രധാന പരിപാടിയായിരിക്കും. രോഗനിർണയത്തിനുവേണ്ടിയുള്ള നിർമിതബുദ്ധി, ദേശീയ രോഗ പ്രതിരോധം, ആരോഗ്യ സംരക്ഷണ ധനസഹായം, ഡിജിറ്റൽ പരിഹാരങ്ങൾ എന്നിവയെക്കുറിച്ചും സെഷനുകൾ ചർച്ച ചെയ്യും.
ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും കോളജ് വിദ്യാർഥികൾക്കും വർക്ക്ഷോപ്പുകൾ, ശാസ്ത്ര ഫോറങ്ങൾ, ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതശൈലി സ്വീകരിക്കാൻ വ്യക്തികളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ലൈവ് ഹെൽത്തി’ പോലുള്ള പ്രതിരോധ ആരോഗ്യ സംരംഭങ്ങൾ എന്നിവക്കുള്ള അവസരങ്ങൾ ഫോറത്തിൽ ഒരുങ്ങൂമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.