അഫ്ഗാനിസ്താൻ, ലബനാൻ, സുഡാൻ എന്നിവിടങ്ങളിലെ ദുരിതബാധിതർക്ക് ഭക്ഷ്യസാധനങ്ങളെത്തിച്ച് കെ.എസ്. റിലീഫ്
text_fieldsകെ.എസ്. റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അഫ്ഗാൻ അഭയാർഥികൾക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തപ്പോൾ
യാംബു: അഫ്ഗാനിസ്താൻ, ലബനാൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ പ്രതിസന്ധി ലഘൂകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. സുഡാനിൽ സായുധ സംഘർഷം ബാധിച്ച കുടിയിറക്കപ്പെട്ട ഗെസിറ സംസ്ഥാനത്തെ അൽ കമാലിൻ ജില്ലയിലെ കുടുംബങ്ങൾക്ക് 700 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
ഇത് 4,250 ആളുകൾക്ക് പ്രയോജനം ലഭിച്ചതായി കെ.എസ്. റിലീഫ് അതോറിറ്റി അറിയിച്ചു. അഫ്ഗാനിസ്താനിൽനിന്നും പാകിസ്താനിൽനിന്നും മടങ്ങി തോർഖാം അതിർത്തിയിലുള്ള ഒമാരി ക്യാമ്പിൽ സ്ഥിരതാമസമാക്കിയ അഫ്ഗാൻ അഭയാർഥികൾക്ക് 120 ഭക്ഷണപ്പൊതികൾ എത്തിച്ചു.
അഫ്ഗാനിസ്താനിൽ നടപ്പാക്കിയ സുരക്ഷ, അടിയന്തര പദ്ധതിയുടെ ഭാഗമായി 720 ആളുകൾക്കുള്ള ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ലബനാനിലെ പടിഞ്ഞാറൻ ബെക്കാ താഴ്വരയിൽ താമസിക്കുന്ന 2,785 സിറിയക്കാർക്ക് 577 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. വേനൽക്കാലത്ത് വരൾച്ച സാരമായി ബാധിച്ച ലബനാനിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഭക്ഷ്യസഹായം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമാണിത്.
കഴിഞ്ഞ ദശകത്തിൽ കെ.എസ്. റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 92 രാജ്യങ്ങളിലായി ആയിരക്കണക്കിന് മാനുഷിക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 2015 ൽ കെ.എസ്.റിലീഫ് സ്ഥാപിതമായതിനുശേഷം സൊമാലിയ, മാലി, ബംഗ്ലാദേശ്, ലിബിയ, ഫലസ്തീൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഭക്ഷണപ്പൊതികൾ നേരത്തേ വിതരണം ചെയ്തതായും കെ.എസ്. റിലീഫ് സെന്റർ അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.