അജ്മാൻ റിയൽ എസ്റ്റേറ്റിന് 37ശതമാനം വളർച്ച
text_fieldsഅജ്മാന്‍: ഈ വര്‍ഷം ആദ്യ പകുതിയിൽ 37ശതമാനം വളർച്ചയോടെ അജ്മാൻ റിയൽ എസ്റ്റേറ്റ് മികച്ച നേട്ടം കൈവരിച്ചു. ഈ കാലയളവില്‍ 1,240 കോടി ദിർഹത്തിന്‍റെ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെക്കോർഡ് വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ റിയൽ എസ്റ്റേറ്റ് മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അസാധാരണമായ പ്രകടനം തുടരുന്നതായും അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. മുൻനിര നിക്ഷേപ കേന്ദ്രവും മികച്ച ഭാവിയുള്ള റിയൽ എസ്റ്റേറ്റ് വിപണി എന്ന നിലയിലുള്ള അജ്മാന്റെ സ്ഥാനം ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് വിപണിയുടെ പോസിറ്റീവ് പ്രകടനം അജ്മാനിൽ കാണുന്ന വളർച്ചയുടെ ദ്രുതഗതിയിലുള്ള വേഗതയെ അടയാളപ്പെടുത്തുന്നുവെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പിന്റെ ഡയറക്ടർ ജനറൽ എൻജിനീയർ ഉമർ ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അവസരങ്ങളും സംയോജിത നിക്ഷേപ അനുഭവവും നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. 2025ന്‍റെ ആദ്യ പകുതിയിൽ അജ്മാൻ എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എണ്ണം 8,872 ആയി ഉയർന്നതായും ആകെ മൂല്യം 12.4 ബില്യൺ ദിർഹമാണെന്നും ഇത് 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 37ശതമാനം വർധനവാണെന്നും അൽ മുഹൈരി വിശദീകരിച്ചു. അൽ സാഹിയ ഏരിയയിൽ 50 മില്യൺ ദിർഹമിന്‍റെ ഏറ്റവും ഉയർന്ന വിൽപന മൂല്യവും ഇൻഡസ്ട്രിയൽ ഏരിയ 2ൽ ഏറ്റവും ഉയർന്ന മോർട്ട്ഗേജ് മൂല്യം153.75 മില്യൺ ദിർഹവും രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന അയൽപക്കങ്ങളുടെ പട്ടികയിൽ അൽ ഹീലിയോ 2ഉം തൊട്ടുപിന്നിൽ അൽ സാഹിയയും അൽ യാസ്മീനും ഉൾപ്പെടും. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മേഖലകളുടെ പട്ടികയിൽ കിഴക്കൻ മേഖലയാണ് ഒന്നാമത്. മനാമ, വടക്കൻ മേഖലകള്‍ തൊട്ട് പിറകിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.