ദുബൈ ഭരണാധികാരിയുടെ കാരുണ്യം; കുഞ്ഞു യഖീന്‍ പുതുജീവിതം
text_fieldsയഖീൻ ആശുപത്രിയിൽ (ചിത്രം-ദ നാഷണൽ)
ദുബൈ: എസ്.എം.എ ബാധിതയായ സിറിയൻ ബാലിക യഖീന്റെ മുഖത്ത് പുതുജീവിതത്തിന്റെ തിളക്കം സമ്മാനിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാരുണ്യം.സ്പൈനൽ മസ്കുലർ അട്രോഫിയെന്ന അപൂർവരോഗം ബാധിച്ച രണ്ടു വയസ്സുകാരിയുടെ ചികിത്സ വെള്ളിയാഴ്ച ദുബൈ ഹെൽത്തിന്റെ അൽ ജലീല ചിൽഡ്രൻസ് ആശുപത്രിയിൽ പൂർത്തിയായി. 70 ലക്ഷം ദിർഹം (ഏകദേശം 15 കോടി രൂപ) ചെലവുള്ള ചികിത്സ നേരത്തേ ദുബൈ ഭരണാധികാരി ഏറ്റെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ കുടുംബം പങ്കുവെച്ച വിഡിയോ ശ്രദ്ധയിൽപെട്ട ശൈഖ് മുഹമ്മദിന്റെ ഓഫിസിൽനിന്ന് വിളിച്ച് ചെലവ് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
യഖീന്റെ അമ്മാവൻ ഇബ്രാഹീം അബ്ദുൽ അസീസ് ഫറൂജാണ് കുട്ടിയോടൊപ്പം വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ദുബൈ ഭരണാധികാരി ചികിത്സ ചെലവ് ഏറ്റെടുത്തെന്ന് അറിഞ്ഞപ്പോൾ മൂന്നുദിവസം ഉറങ്ങാൻ സാധിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവൾ മറ്റുള്ളവരെപോലെ വളരണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ദുബൈക്ക് നന്ദി, ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു -അദ്ദേഹം കൂട്ടിച്ചേർത്തു.എട്ടുമാസം മുമ്പാണ് സിറിയയിലെ ഡോക്ടർമാർ യഖീന്‍ എസ്.എം.എ സ്ഥിരീകരിച്ചത്. പിന്നീട് കുടുംബം ചികിത്സക്കായി ദുബൈയിലേക്ക് വരികയായിരുന്നു. ചികിത്സ നടന്നില്ലെങ്കിൽ മാസങ്ങൾ മാത്രമേ ജീവിക്കൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒരു മണിക്കൂർ നീണ്ട പ്രക്രിയയാണ് ചികിത്സ പൂർത്തിയാക്കാൻ ആവശ്യമായിവന്നത്.
അതേസമയം മരുന്നിന്റെ ഫലം ശരിയായരീതിയിൽ അറിയാൻ മൂന്നു മാസമെടുക്കും. ചികിത്സ പൂർത്തിയായതോടെ ശുഭ പ്രതീക്ഷയിലാണ് കുടുംബവും ചികിത്സിച്ച ഡോക്ടർമാരും. സോൾജെൻസ്മ എന്ന ഒരു തരം ജീൻ തെറപ്പി ചികിത്സയാണ് എസ്.എം.എ രോഗികൾക്ക് നൽകുന്നത്. നാല് വർഷം മുമ്പാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് അംഗീകരിച്ചത്. ലോകത്തെ ഏറ്റവും ചെലവേറിയ മരുന്നായാണിത് വിശേഷിപ്പിക്കപ്പെടുന്നത്. അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ നൂറിലധികം കുട്ടികൾക്ക് ഈ ചികിത്സ പൂർത്തിയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.