ഗസ്സ സഹായം; എട്ടാംകപ്പൽ നാളെ പുറപ്പെടും
text_fieldsഗസ്സയിലേക്കുള്ള സഹായവസ്തുക്കളുമായി വാഹനം
ദുബൈ: യുദ്ധക്കെടുതിയിൽ പ്രയാസപ്പെടുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായ വസ്തുക്കളുമായി യു.എ.ഇയുടെ എട്ടാമത് കപ്പൽ തിങ്കളാഴ്ച പുറപ്പെടും. കഴിഞ്ഞ ആഴ്ച കപ്പലിൽ വസ്തുക്കൾ നിറക്കുന്നത് ആരംഭിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ, ടെന്റുകൾ, റിലീഫ് കിറ്റുകൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഹൈജീൻ കിറ്റുകൾ, മറ്റു അവശ്യവസ്തുക്കളും കപ്പലിൽ കൊണ്ടുപോകുന്നുണ്ട്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലക്ക് സഹായമായി ഫീൽഡ് ആശുപത്രിയും എത്തിക്കുന്നുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ് നൈറ്റ്- മൂന്ന് പദ്ധതിയുടെ ഭാഗമായാണ് സഹായം. കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിച്ചശേഷം ട്രക്കുകളിലാണ് ഗസ്സയിലേക്ക് കൊണ്ടുപോവുക. ഈജിപ്ത് തുറമുഖമെത്താൻ 14 ദിവസം വേണ്ടിവരും. ഇമാറാത്തി റെഡ് ക്രസന്റ്, ഖലീഫ ഫൗണ്ടേഷൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ദാറുൽ ബിർറ് സൊസൈറ്റി, അജ്മാൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, റാസൽഖൈമ ആസ്ഥാനമായുള്ള അൽ ഖാസിമി ഫൗണ്ടേഷൻ എന്നിവയാണ് ദൗത്യത്തെ സഹായിക്കുന്നത്.
ഉപരോധത്താൽ പ്രയാസപ്പെടുന്ന ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനായി വലിയ ജലവിതരണ പദ്ധതി ആരംഭിക്കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഉപ്പുവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയിൽ ഈജിപ്തിൽനിന്ന് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനും റഫ ഗവർണറേറ്റിനും ഇടയിലുള്ള സ്ഥലത്തെ പൈപ്പ്ലൈൻ വഴി ബന്ധിപ്പിക്കും. തെക്കൻ ഗസ്സയിലെ ഏകദേശം ആറ് ലക്ഷം പേർക്ക് പ്രയോജനപ്പെടുന്നതരത്തിൽ പ്രതിദിനം ഒരാൾക്ക് 15 ലിറ്റർ വെള്ളം വിതരണം ചെയ്യാൻ പദ്ധതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ.2023മുതൽ യു.എ.ഇ ഗസ്സയിലേക്ക് തുടർച്ചയായി സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ഗസ്സയിൽ സഹായം വിതരണം ചെയ്തിരുന്നു. ഗസ്സയിൽ പരിക്കേറ്റ നിരവധിപേരെ അബൂദബിയിൽ എത്തിച്ച് ചികിത്സ നൽകുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.