അതുല്യയുടെ മരണം: ദുരൂഹത ആരോപിച്ച് ഭർത്താവ്
text_fieldsഷാർജ: കൊല്ലം സ്വദേശി അതുല്യ ശേഖറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ് സതീഷ് ശങ്കർ. ഞായറാഴ്ചയാണ് സതീഷ് മാധ്യമങ്ങളോട് ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. അതുല്യ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സതീഷ് പറഞ്ഞു. ഒന്നുകിൽ ആരോ അപായപ്പെടുത്തി. അല്ലെങ്കിൽ തന്നെ പേടിപ്പിക്കാനുള്ള ശ്രമത്തിൽ അബദ്ധം പറ്റി എന്നാണ് സതീഷ് പറയുന്നത്.
സംഭവ ദിവസം രാത്രി സുഹൃത്തുക്കൾക്കൊപ്പം അജ്മാനിലായിരുന്നു. ഈ സമയം അതുല്യ ബോട്ടിമിൽ വീഡിയോ കോളിൽ വരികയും കഴുത്തിൽ കുരുക്കിട്ട് മരിക്കുമെന്ന് പറയുകയും ചെയ്തു. തന്നെ പറ്റിക്കാനാണ് എന്നാണ് കരുതിയത്. അൽപസമയത്തിന് ശേഷം ഫ്ലാറ്റിൽ തിരികെ എത്തിയപ്പോൾ വാതിൽ പൂട്ടിയിരുന്നില്ല. അകത്ത് കടന്നപ്പോഴാണ് അതുല്യ ഫാനിൽ തന്‍റെ കൈലിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ രക്ഷപ്പെടുത്തുമ്പോൾ അവളിൽ ഹൃദയമിടിപ്പുണ്ടായിരുന്നു. ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുന്നത് വരെ പ്രഥമശുശ്രുഷ നൽകാനായിരുന്നു നിർദേശം. അതുപ്രകാരം അവളുടെ നെഞ്ചിൽ പലതവണ അമർത്തിയെങ്കിലും ശരീരം തണുത്ത നിലയിലായി. പൊലീസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്.
പൊലീസിനോട് എല്ലാ തുറന്നുപറഞ്ഞിട്ടുണ്ട്. ബെഡ്റൂമിലെ ചില സാഹചര്യങ്ങളിൽ സംശയമുണ്ട്. ഉപയോഗിക്കാത്ത ആറ് കറുത്ത നിലയിലുള്ള മാസ്ക് അവിടെ ഉണ്ടായിരുന്നു. ഒപ്പം ഒരു ബട്ടൻസും കണ്ടെത്തിയിട്ടുണ്ട്. ഭാരം കൂടിയ കട്ടിൽ മാറ്റിയിട്ട നിലയിലായിരുന്നുവെന്നും സതീഷ് ശങ്കർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്കും അറിയണം. സി.സി.ടിവി ഉൾപ്പെടെ പരിശോധിച്ച് സത്യം കണ്ടെത്താൻ പൊലീസിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇവിടത്തെ നിയമ സംവിധാനത്തിൽ വിശ്വാസമാണ്. അതുല്യക്ക് തന്നെ സംശയമായിരുന്നു. ഇതു മൂലം മൂന്നുവർഷമായി സ്വന്തം അമ്മയെ പോലും വിളിക്കാനായിട്ടില്ല. മൂന്നു മാസത്തെ ഗർഭം അലസിപ്പിച്ചത് അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ്. എനിക്ക് അവളെ ഒഴിവാക്കണമെങ്കിൽ അത് നേരത്തെ ആവാമായിരുന്നു. അവളെ ഇല്ലാതാക്കേണ്ട ആവശ്യമില്ല. നാട്ടിൽ പൊലീസിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്നും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ ഷാർജ റോള പാർക്കിനു സമീപത്തെ ഫ്ലാറ്റിൽ ആണ് അതുല്യ (30)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അതുല്യയെ ഭർത്താവ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ഷാർജ പൊലീസിൽ പരാതിയിൽ നൽകിയിരുന്നു. മുൻ പ്രവാസിയായ ഓട്ടോ ഡ്രൈവർ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്. ഏക മകൾ ആരാധ്യ (10) നാട്ടിൽ വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷാർജ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.