രാജ്യാന്തര മയക്കുമരുന്ന് കടത്ത്; ഏഴംഗ സംഘം പിടിയിൽ
text_fieldsഷാർജ പൊലീസ് പിടികൂടിയ മയക്കുമരുന്ന് കടത്ത് സംഘം
ഷാർജ: രാജ്യാന്തര തലത്തിൽ കണ്ണികളുള്ള ഏഴംഗ മയക്കുമരുന്ന് സംഘത്തെ ഷാർജ പൊലീസ് പിടികൂടി. കാനഡക്കും സ്പെയിനിനും ഇടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കുറ്റവാളികളാണ് പിടിയിലായത്. കടൽ മാർഗം കടത്താൻ ശ്രമിച്ച 131 കിലോഗ്രാം മയക്കുമരുന്നും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.ടൊറന്റോ മുതൽ സ്പെയിൻ തുറമുഖം, യു.എ.ഇയുടെ കടൽ തീരങ്ങൾ എന്നിവിടങ്ങളിലായി വ്യാപിപ്പിച്ച അതി സുരക്ഷ നീക്കത്തിലൂടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തെന്ന് ഷാർജ പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളിൽ ഒരാൾ അറബ് വംശജനാണ്. ഇയാളാണ് മുഖ്യപ്രതി. ഭാര്യയെയും രണ്ട് മക്കളേയും മുന്നിൽ നിർത്തിയാണ് ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. കുടുംബത്തോടൊപ്പം ഇയാൾ ഇടക്കിടെ യു.എ.ഇയിൽ സംശയകരമായ രീതിയിൽ വന്നുപോകുന്നത് നിരീക്ഷിച്ചതിൽനിന്നാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ശൃംഖലയിലേക്ക് അന്വേഷണം ആരംഭിച്ചത്.
ഇയാളുടെ പ്രവർത്തനങ്ങളും പ്രാദേശിക ബന്ധങ്ങളും നിരീക്ഷിച്ചതിൽനിന്നും മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളതായി വ്യക്തമായി.തുടർന്ന് ഷാർജ പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് കടത്തിലെ പങ്ക് സമ്മതിച്ചു.ഭാര്യയെ ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചതും പ്രാദേശികതലത്തിൽ അവ വിതരണം ചെയ്തിരുന്നതും. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഏഷ്യൻ വംശജരായ മറ്റ് അഞ്ച് പ്രതികളും പിടിയിലാവുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഇതേ ശൃംഖലയിൽപ്പെട്ടവർതന്നെയാണെന്ന് വ്യക്തമായി.
കാനഡയിലെ ടൊറന്റോ തുറമുഖം മുതൽ സ്പെയിനിലെ മലാഗവരെയുള്ള സമുദ്ര റൂട്ടുമായി ബന്ധപ്പെട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിയിരുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അവസാനം ഇത് യു.എ.ഇ തുറമുഖത്ത് എത്തിയപ്പോഴാണ് സംഘത്തെ പിടികൂടാനായത്.പ്രതികളിൽ ഒരാളുടെ പേരിൽ ഓട്ടോമൊബൈൽ പാർട്സുമായി എത്തിയ ഷിപ്മെന്റ് പരിശോധിച്ചപ്പോഴാണ് 131 കിലോ മയക്കുമരുന്ന് കണ്ടെത്തിയാത്. 9945 മയക്കുമരുന്ന് ഗുളികകൾ, പ്രമോഷനും മറ്റും ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. പിടികൂടിയ പ്രതികളെ നിയമനടപടികൾക്കായി കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.