ഈത്തപ്പഴ കൃഷിയുടെ പൈതൃകം അടയാളപ്പെടുത്തി ലിവ ഫെസ്റ്റിവൽ
text_fieldsലിവ ഈത്തപ്പഴ മേളയിലെത്തിയ ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പ്രദർശനം വീക്ഷിക്കുന്നു
അബൂദബി: ഇമാറാത്തിന്‍റെ പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഭാഗമായ ഈത്തപ്പഴ കൃഷിയുടെ മേന്മയും സൗന്ദര്യവും പ്രദർശിപ്പിച്ച് ലിവ ഈത്തപ്പഴ മേള പുരോഗമിക്കുന്നു. ആഗോള തലത്തിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന മേള അൽ ദഫ്റയിലെ ലിവയിലാണ് അരങ്ങേറുന്നത്. മേളയുടെ 21ാമത് എഡിഷനിൽ കർഷകർ, വിദഗ്ദർ, വ്യവസായ രംഗത്തെ പ്രമുഖർ, കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ളവർ പങ്കെടുക്കുന്നുണ്ട്.
യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷയൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മുഖ്യരക്ഷാധികാരത്തിൽ നടക്കുന്ന മേള, ഈത്തപ്പന കൃഷിയുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം ആഘോഷിക്കുന്ന സുപ്രധാന പരിപാടിയാണ്. പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായും മേള പ്രവർത്തിക്കുന്നു. ഈ വർഷത്തെ പതിപ്പിൽ ഏഴ് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന 12 ഈത്തപ്പഴ മത്സരങ്ങൾ നടക്കുന്നുണ്ട്. ഈത്തപ്പനകളുടെയും ഈത്തപ്പഴത്തിന്‍റെയും പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് മൽസരങ്ങൾ. അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന 21ാമത് മേള ഈ മാസം 27വരെ തുടരും. ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സഹിഷ്ണുത, സഹവർത്തിത്വ കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ മേള വീക്ഷിക്കാൻ എത്തിച്ചേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.