‘ജബൽ അൽ ദീം’ പദ്ധതി അടുത്തവർഷം പൂർത്തിയാകും
text_fields‘ജബൽ അൽ ദീം’ പദ്ധതി പ്രദേശം സന്ദർശിക്കുന്ന ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി (ഫയൽ ചിത്രം)
ഷാർജ: കൽബയിലെ ‘ജബൽ അൽ ദീം’ പദ്ധതി അടുത്തവർഷം പൂർത്തിയാകുമെന്ന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 2026 മാർച്ചിലാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. ‘അബോവ് ദ ക്ലൗഡ്’ വിശ്രമകേന്ദ്രം, കായിക മൈതാനങ്ങൾ, കൃഷിയിടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശാല പദ്ധതിയാണിത്. രാജ്യത്തിന് മുഴുവൻ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് പഴവർഗങ്ങളാണ് ഉൽപാദിപ്പിക്കുക.
പർവതശിഖരങ്ങളിലൂടെയും ചരിവുകളിലൂടെയും സഞ്ചരിച്ച് ഖോർഫക്കാനിലെ മലമുകളിൽ അവസാനിക്കുന്ന രീതിയിലുള്ള പുതിയ റോഡിന്റെ നിർമാണവും പ്രഖ്യാപിച്ചു. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിൽ സംപ്രേഷണം ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിലെ ഫോൺ കാളിനിടെ സംസാരിക്കുകയായിരന്നു ശൈഖ് സുൽത്താൻ. കൽബയിലെ വികസന പദ്ധതി പുരോഗമിക്കുകയാണെന്നും അടുത്ത മാർച്ചിൽ ജബൽ അൽ ദീം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സൗകര്യത്തിനായി റോഡ് പണി ഉടൻ പൂർത്തിയാകും. ജബൽ അൽ ദീം കൽബയിലായതിനാലാണ് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും, അവിടെയുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇക്ക് ആകമാനം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാണ് ശ്രമം. പച്ചക്കറികൾ, പഴങ്ങൾ, കന്നുകാലികൾ, ഗോതമ്പ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൽബ സിറ്റിയിലെ അൽ ദഹിയാത്ത് പ്രാന്തപ്രദേശത്ത് പുതിയ റെസിഡൻഷ്യൽ ഏരിയക്ക് ശൈഖ് സുൽത്താൻ അംഗീകാരം നൽകി. 190 റെസിഡൻഷ്യൽ ലാൻഡ് പ്ലോട്ടുകൾ, പാർക്ക്, പള്ളി എന്നിവ ഉൾപ്പെടുന്ന റെസിഡൻഷ്യൽ കോംപ്ലക്സാണ് നിർമിക്കുന്നത്. 54 ഭവന യൂനിറ്റുകളുടെ നിർമാണമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.