ദിവസവും മൂന്ന് മുട്ട കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
text_fieldsഏറെ പോഷകസമ്പന്നമായ ഒന്നാണ് മുട്ട. വിലയാണെങ്കിൽ എല്ലാവർക്കും താങ്ങാൻ പറ്റുന്നത്. ദിവസവും ഒരു മുട്ട കഴിഞ്ഞാൽ പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയുടെ കലവറയാണ് മുട്ട. മത്സ്യം, മാംസം പോലുള്ള ഭക്ഷണസാധനങ്ങൾ പോലെ എളുപ്പം കേടാകാത്തതിനാൽ മുട്ടകൾ അഞ്ചാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയും. ദിവസവും മുട്ട കഴിക്കാമോ, എത്ര എണ്ണം വരെ കഴിക്കാം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ദിവസവും ഒരു മുട്ട കഴിക്കാമെന്ന് കണ്ണുംപൂട്ടി എല്ലാവരും പറയും. എന്നാൽ മൂന്നെണ്ണം കഴിച്ചാലോ? എന്തെങ്കിലും പ്രശ്നം ശരീരത്തിനുണ്ടാകുമോ?
മുതിർന്നവർ, പ്രത്യേകിച്ച് ബാലൻസ്ഡ് ഡയറ്റ് പിന്തുടരുന്നവർ ദിവസവും മൂന്ന് മുട്ടകൾ കഴിക്കുന്നത് ശരീരത്തിന് പ്രശ്നമൊന്നുമുണ്ടാക്കില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർ മുട്ട കഴിക്കുന്നത് സംബന്ധിച്ച് തീർച്ചയായും ഡോക്ടറുടെ നിർദേശം തേടണം. മസിലുകളുടെ ആരോഗ്യത്തിന് അനിവാര്യമായ ഒമ്പത് അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കോകില ബെൻ ധിരുബായി അംബാനി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യനായ പ്രതീക്ഷാ കദാം പറയുന്നത്. മുട്ട കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ:
കൂടുതൽ ഊർജസ്വലരായിരിക്കാം
ദിവസവും ഒരു മുട്ട കഴിക്കുന്നത് പതിവാക്കിയാൽ നമുക്ക് ഊർജസ്വലത കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, കോളിൻ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ഉറവിടമാണ്. കൂടാതെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. മുട്ട കഴിച്ചാൽ കുറച്ചുനേരം വയറ് നിറഞ്ഞിരിക്കുന്നതായി നമുക്ക് തോന്നും.
മുടിയും ചർമവും സുന്ദരമാകും
മുട്ട കഴിക്കുന്നത് പതിവാക്കിയാൽ നമ്മുടെ മുടിയും ചർമവും നഖവും കൂടുതൽ ആരോഗ്യകരമായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുട്ടകൾ വിറ്റാമിൻ ബി2, ബി5, ബി12 എന്നിവയുൾപ്പെടെ നിരവധി ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ്. ഈ പോഷകങ്ങളെല്ലാം ശരീരത്തിന് അത്യാവശ്യമാണ്. മുടിക്കും ചർമത്തിനും ഈ വിറ്റാമിനുകൾ നല്ലതാണ്. ബി വിറ്റാമിനുകൾ വെള്ളത്തിൽ ലയിക്കുന്നതാണ്. അതായത് അവക്ക് ശരീരത്തിൽ കുറെകാലം നിൽക്കാൻ സാധിക്കില്ല. അതിനാൽ പതിവായി മുട്ട കഴിക്കുന്നത് ബി വിറ്റാമിനുകളുടെ അപര്യാപ്തത തടയാൻ നല്ലതാണ്. മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മെഥിയോണിൻ പോലുള്ള അമിനോ ആസിഡുകളും മുട്ടയിൽ ധാരാളമുണ്ട്.
തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണ്
മുട്ടയിൽ മൈക്രോ ന്യൂട്രിയന്റ് കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശ സ്തരങ്ങളെയും പ്രധാനപ്പെട്ട ന്യൂറോ ട്രാൻസ്മിറ്ററുകളെയും സൃഷ്ടിക്കാൻ സഹായിക്കുന്നു. ഓർമ, മാനസികാവസ്ഥ നന്നായിരിക്കുക, പേശി നിയന്ത്രണം, പൊതുവായ നാഡീവ്യവസ്ഥയുടെ പ്രവർത്തനം എന്നിവക്ക് കോളിൻ പ്രധാനമാണ്. ഒരു മുട്ട നമ്മുടെ ദൈനംദിന ആവശ്യത്തിനുള്ള ആറ് ശതമാനം കോളിൻ നൽകുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ദിവസത്തിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.
കാഴ്ച ശക്തി മെച്ചപ്പെടും
മുട്ടയുടെ മഞ്ഞക്കരുവിൽ കണ്ണിന്റെ ആരോഗ്യത്തിന് അനിവാര്യമായ രണ്ട് കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ വികാസത്തിലും ആരോഗ്യകരമായ കാഴ്ചയിലും ഈ കരോട്ടിനോയിഡുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രായം കൂടുംതോറും ഉണ്ടാകുന്ന നേത്രരോഗങ്ങളുടെ തോത് കുറക്കാൻ ഇവ സഹായിക്കുമെന്നാണ് 2022 ൽ ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്.
എല്ലുകളെ ശക്തിപ്പെടുത്തും
ശരീരത്തിന് അനിവാര്യമായ ഒന്നാണ് വിറ്റാമിൻ ഡി. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു, ചിലതരം അർബുദ സാധ്യത കുറയ്ക്കുന്നു. മാനസികാരോഗ്യത്തിൽ നല്ല പങ്ക് വഹിക്കാനും വിറ്റാമിൻ ഡിക്ക് പങ്കുണ്ട്. എല്ലാറ്റിനുമുപരി, ആരോഗ്യകരമായ അസ്ഥികൾക്ക് വിറ്റാമിൻ ഡി അനിവാര്യമാണ്. നമുക്ക് ഒരു ദിവസം വേണ്ട വിറ്റാമിൻ ഡിയുടെ ആറ് ശതമാനം ഒരുമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.
ഹൃദയത്തിന്റെ ആരോഗ്യം നന്നാകും
പൊട്ടാസ്യം, ഫോളേറ്റ്, ബി വിറ്റാമിനുകൾ തുടങ്ങിയ ഹൃദയാരോഗ്യകരമായ പോഷകങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് മുട്ട. ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പ്രതിദിനം രണ്ട് മുട്ടകൾ വരെ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ്. ഒരു മുട്ടയിൽ ഏതാണ്ട് 207 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഓരോ രാജ്യത്തെയും ആളുകളിൽ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് വ്യത്യസ്തമായിരിക്കും. അമേരിക്കയിൽ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രതിദിനം വേണ്ട കൊളസ്ട്രോളിന്റെ അളവ് 69ശതമാനമാണ്. അമേരിക്കയിലെ കൂടുതൽ ആളുകളും അമിതമായി ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ ഹൃദയത്തെയും ശരീരത്തെയും സംരക്ഷിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുന്നുമില്ല. ഹൃദയസംബന്ധമായ അസുഖമുള്ളവർ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ച് പുനരാലോചന നടത്തുന്നത് നല്ലതാണ്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുകയും വെള്ള ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്യുക.
(ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ തീർച്ചയായും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശത്തോടെ മാത്രം ചെയ്യുക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.