ഇസ്രായേൽ മന്ത്രിയുടെ 1977ലെ രഹസ്യ ഇന്ത്യ സന്ദർശനം തുറന്നുകാട്ടി പുസ്തകം
text_fieldsമോശെ ദയാൻ
ന്യൂഡൽഹി: 1977ൽ അന്നത്തെ ഇസ്രായേൽ വിദേശകാര്യമന്ത്രി മോശെ ദയാൻ ഇന്ത്യ സന്ദർശിച്ചതും ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രി മൊറാർജി ദേശായി, വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്പേയ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വെളിപ്പെടുത്തി പുസ്തകം.
ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ നൽകിയ സമ്മാനം വാങ്ങാതെ മടങ്ങിയതുമടക്കം വിവരിക്കുന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ അഭിഷേക് ചൗധരിയുടെ ‘‘ബിലീവേഴ്സ് ഡൈലമ്മ: വാജ്പേയ് ആൻഡ് ദി ഹിന്ദു റൈറ്റ്‘സ് പാത്ത് റ്റു പവർ’’ എന്ന ഗ്രന്ഥം. നേരത്തെ ‘വാജ്പേയ്: ദ അസെന്റ് ഓഫ് ദി ഹിന്ദു റൈറ്റ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം വൻ ഹിറ്റായിരുന്നു.
മൊറാർജി ദേശായിക്ക് രാജ്യത്തിന്റെ വിദേശനയം മാറ്റാൻ മാത്രം ആത്മവിശ്വാസമില്ലായിരുന്നെന്നും ദയാന്റെ സന്ദർശനം പുറത്തറിഞ്ഞാൽ സർക്കാർ വീഴുമെന്ന് ഭയന്നിരുന്നെന്നും പുസ്തകം പറയുന്നു. ഡൽഹിയിലെ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത സർക്കാർ മന്ദിരത്തിലായിരുന്നു രഹസ്യ ചർച്ച. വിദേശകാര്യം കൈകാര്യം ചെയ്ത വാജ്പേയ് ദയാന്റെ സന്ദർശനമറിയുന്നത് ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷമാണ്. വിദേശകാര്യ സെക്രട്ടറി ജഗത് മേത്ത തീരെ അറിഞ്ഞുമില്ല. ‘‘ആഗസ്റ്റ് 14ന് മോശെ ദയാൻ ഡൽഹിയിൽ വിമാനമിറങ്ങി. കറുത്ത കണ്ണടയും വലിയ തൊപ്പിയുമണിഞ്ഞ് വ്യാജ പേരിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ദക്ഷിണ ഡൽഹിയിലെ സഫ്ദർജങ് എൻക്ലേവിലെ സ്വകാര്യ വീട്ടിലായിരുന്നു താമസിച്ചത്’’- പുസ്തകം വിവരിക്കുന്നു.
1950ൽ ഇസ്രായേലിനെ അംഗീകരിച്ച ഇന്ത്യ ഇരുരാജ്യങ്ങൾക്കുമിടയിൽ പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നത് 1992 ജനുവരി 29നാണ്. ഡൽഹിയിൽ എംബസിയും തുറന്നു. ‘ഇസ്രായേൽ- ഈജിപ്ത് സമാധാന പദ്ധതികൾക്ക് ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. അറബ് രാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ നിരുപാധിക പിന്തുണ അവസാനിപ്പിക്കാൻ ഇതുവഴിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇന്ത്യയുടെ താൽപര്യ പ്രകാരം കൂടിക്കാഴ്ച സ്വകാര്യമാക്കി’- പുസ്തകത്തിലെ പരാമർശങ്ങൾ ഇങ്ങനെ പോകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.