കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു അന്തരിച്ചു
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മൂത്തമകനും നടനുമായ എം.കെ. മുത്തു (77) ചെന്നൈയിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന മുത്തു, ശനിയാഴ്ചരാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ്. മുത്തുവേല്‍ കരുണാനിധി മുത്തുവെന്നാണ് മുഴുവന്‍ പേര്.
അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970-ല്‍ പുറത്തിറങ്ങിയ ‘പിള്ളയോ പിള്ളൈ’ ആണ് ആദ്യ ചിത്രം. സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാനചിത്രങ്ങളാണ്. മുന്‍മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍, എം.ജി.ആറിനെ അനുകരിക്കുന്ന തരത്തിലുള്ള അഭിനയം അദ്ദേഹത്തിന് തിരിച്ചടിയായി. ഇതും എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായെന്നും പറയപ്പെടുന്നു.
കരുണാനിധിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് എ.ഐ.എ.ഡി.എംകെയില്‍ പ്രവര്‍ത്തിക്കാന്‍ താൽപര്യം പ്രകടിപ്പിച്ചെങ്കിലും സ്വീകരിക്കാന്‍ എം.ജി.ആര്‍ തയാറായില്ല. 2009-ല്‍ കരുണാനിധിയുമായി വീണ്ടും രമ്യതയിലായി. സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും കാര്യമായി ശോഭിക്കാന്‍ മുത്തുവിന് സാധിച്ചില്ല. മുത്തു ജനിച്ചതിന് പിന്നാലെ അമ്മ പത്മാവതി അന്തരിച്ചു. തുടര്‍ന്നാണ് കരുണാനിധി ദയാലു അമ്മാളിനെ വിവാഹം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.