കർഷകരുടെ ചരിത്ര വിജയം; സിദ്ധരാമയ്യ ജനകീയ നേതാവ് -നടൻ പ്രകാശ് രാജ്
text_fieldsബംഗളൂരു: ദേവനഹള്ളി താലൂക്കിലെ ചന്നനാരായണ പട്ടണയിലെയും മറ്റ് ഗ്രാമങ്ങളിലെയും ഭൂമി ഏറ്റെടുക്കൽ പ്രക്രിയ റദ്ദാക്കാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തെ കർഷകരുടെ ചരിത്ര വിജയമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഭൂമിക്കുവേണ്ടി ഉറച്ചുനിൽക്കുകയും കൃഷിക്കാരായി തുടരാൻ നിരന്തരം പോരാടുകയും ചെയ്ത കർഷകർക്ക് ലഭിച്ച വിജയമാണിത്. ജനകീയ പ്രസ്ഥാനങ്ങൾ ദൃഢനിശ്ചയത്തോടെ നിലനിൽക്കുമ്പോൾ ചരിത്രപരമായ വിജയങ്ങളിലേക്ക് നയിക്കുമെന്നതിന്റെ ശക്തമായ ഉദാഹരണമാണിത്.
പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ നൽകുകയും അവരുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്ത പ്രകാശ് രാജ്, വലിയ സമ്മർദങ്ങളും പ്രലോഭനങ്ങളും ഉണ്ടായിരുന്നിട്ടും കർഷകരുടെ നിരന്തരമായ പോരാട്ടത്തിന്റെ ഫലമാണ് സർക്കാറിന്റെ തീരുമാനമെന്ന് പറഞ്ഞു. വാഗ്ദാനങ്ങളോ പ്രലോഭനങ്ങളോ നൽകാതെ അവർ മൂന്ന് വർഷത്തോളം ചെറുത്തുനിന്നു. ഈ പ്രസ്ഥാനം വെറുമൊരു പ്രതിഷേധമല്ല, മറിച്ച് കൂട്ടായ ശബ്ദത്തിന്റെ ശക്തിയുടെ പ്രതീകമാണ്.
താൻ യഥാർഥ ജനകീയ നേതാവാണെന്ന് മുഖ്യമന്ത്രി തെളിയിച്ചു. പക്ഷേ, കർഷകരുടെ അപേക്ഷ കേൾക്കാൻ അദ്ദേഹം മൂന്ന് വർഷമെടുത്തുവെന്നത് നമുക്ക് മറക്കരുത്. ഒടുവിൽ അദ്ദേഹം പ്രതികരിച്ചത് അഭിനന്ദനീയമാണ്. എത്ര നല്ല നേതാവായാലും ആളുകൾ അവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ മാത്രമേ അവർ നല്ലവരായി തുടരുകയുള്ളൂ. അല്ലെങ്കിൽ, അധികാരം ദുഷിപ്പിക്കും. ശരിയായ കാര്യം ചെയ്യുന്നത് തുടരാൻ നല്ല നേതാക്കൾക്കുപോലും ജനങ്ങളുടെ ശക്തിയും പിന്തുണയും ആവശ്യമാണ്. ഈ കർഷക പ്രതിഷേധം അത് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.