വനം വകുപ്പിനെതിരെ സി.പി.ഐ സംഘടന
text_fieldsതിരുവനന്തപുരം: വനം-വന്യജീവി വകുപ്പിനെതിരെ ആക്ഷേപവുമായി കേരള കോൺഗ്രസിന് (എം) പിന്നാലെ സി.പി.ഐ സർവിസ് സംഘടനയും രംഗത്ത്. മനുഷ്യ-വന്യജീവി സംഘർഷം ചൂണ്ടിക്കാട്ടിയാണ് കേരള കോൺഗ്രസ് വിമർശനമുന്നയിച്ചതെങ്കിൽ, കോടതി ഉത്തരവും സർക്കാർ തീരുമാനവും മറികടന്ന് ഇഷ്ടക്കാർക്ക് പ്രമോഷനും ആശ്രിത നിയമനവും നൽകുന്നുവെന്നാണ് ജോയന്റ് കൗൺസിലിന്റെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. വനം വകുപ്പിനെതിരെ ഇടതു മുന്നണിയിലെ കക്ഷികൾ പരസ്യ വിമർശനമുന്നയിക്കുന്നതിൽ എൻ.സി.പിയിലും (എസ്) അതൃപ്തി പുകയുകയാണ്. ഘടകകക്ഷികൾ പരസ്പരം മുന്നണി മര്യാദ പാലിക്കണമെന്നത് ചൂണ്ടിക്കാട്ടി വിഷയം എൽ.ഡി.എഫിൽ ഉന്നയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ക്രൈസ്തവ സഭകളിൽ നിന്നടക്കം സമ്മർദം മുറുകിയതോടെ, പാർട്ടി നേതൃയോഗ തീരുമാനപ്രകാരമാണ് വന്യജീവി പ്രശ്നത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ പരസ്യമായി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
പിന്നാലെ വനം വകുപ്പിനെതിരെ വിമർശനം കടുത്തതോടെ കേരള കോൺഗ്രസ് മുന്നണി മര്യാദ പാലിക്കണമെന്നും സാമുദായ സംഘടനകളുടെ ചട്ടുകമായി നിലകൊള്ളരുതെന്നും വനം മന്ത്രി ശശീന്ദ്രൻ തുറന്നടിച്ചിരുന്നു. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടും നേരത്തെ ഇരുപാർട്ടികളും ഏറ്റുമുട്ടിയതിനാൽ വിഷയം എൽ.ഡി.എഫിൽ ചർച്ചചെയ്യാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചതോടെയാണ് പ്രശ്നം അടങ്ങിയത്.
എന്നാൽ, ആശ്രിത നിയമനം അഞ്ചു ശതമാനത്തിൽ കൂടരുതെന്ന കോടതി വിധിയും യോഗ്യത പരീക്ഷ പാസാകാത്തവർക്ക് പ്രമോഷൻ നൽകരുതെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെയും ഹൈകോടതിയുടെയും വിധികളും വനംവകുപ്പ് കാറ്റിൽപറത്തുന്നുവെന്നാണ് ജോയന്റ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കുന്ന നടപടിയാണ് വനംവകുപ്പിന്റേതെന്നും ജനറൽ സെക്രട്ടറി കെ. ഗോപകുമാർ നൽകിയ പരാതിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.