മഴയിൽ ഒലിച്ചുപോയത് 44 കോടിയുടെ കൃഷി
text_fieldsകോഴിക്കോട്: ഈ വര്‍ഷം കാലവര്ഷക്കെടുതിക്കിരയായത് 17,671 കര്‍ഷകരും 2000ത്തിലേറെ ഹെക്ടര്‍ കൃഷിഭൂമിയുമെന്ന് കണക്കുകൾ. മേയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിൽ 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായും കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തോടന്നൂര്‍ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്. 300ഓളം ഹെക്ടറിലായി 18.7 കോടി രൂപയുടെ കൃഷിനാശമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്ലോക്കിലെ 2700ലേറെ കര്‍ഷകരെ കാലവര്‍ഷക്കെടുതി ബാധിച്ചു. 8.73 കോടി രൂപയുടെ കൃഷിനാശമാണ് മുക്കം ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ഹെക്ടറിലായി 1750 ഓളം കര്‍ഷകര്‍ ഇവിടെ മഴക്കെടുതികള്‍ക്കിരയായി.
പേരാമ്പ്ര ബ്ലോക്കില്‍ 78 ഹെക്ടറിലായി 2200ലേറെ പേരുടെ കൃഷിയാണ് കാലവര്‍ഷത്തില്‍ നശിച്ചത്. 5.2 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കൊടുവള്ളി ബ്ലോക്കില്‍ 30 ഹെക്ടറിലായി 1277 കര്‍ഷകരുടെ 2.3 കോടി രൂപയുടെ കാര്‍ഷിക വിളകളാണ് നശിച്ചത്.
കാക്കൂര്‍, കൊയിലാണ്ടി, കുന്നുമ്മല്‍, തിക്കോടി, ഉള്ള്യേരി, വടകര ബ്ലോക്കുകളിലും ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായി. തൂണേരി ബ്ലോക്കില്‍ 75 ലക്ഷത്തിന്റെയും കോഴിക്കോട് ബ്ലോക്കില്‍ 59 ലക്ഷത്തിന്റെയും കൃഷിയാണ് ഇത്തവണത്തെ മഴയില്‍ നശിച്ചത്.
മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത് വാഴക്കൃഷിയെയാണ്. ആറര ലക്ഷത്തോളം വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. 35 കോടി രൂപയുടെ നഷ്ടം വാഴക്കര്ഷകര്ക്കുണ്ടായി. അയ്യായിരത്തോളം തെങ്ങുകളെയും കാലവര്‍ഷം ബാധിച്ചു. ഇതുവഴി 4.5 കോടിയുടെ നാശനഷ്ടമുണ്ടായതാണ് കണക്ക്. 175 ഹെക്ടര്‍ ഭൂമിയിലെ നെല്ല് നശിച്ച് 2.6 കോടി രൂപയുടെ നഷ്ടവുമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.