ആശുപത്രികളുടെ അനാസ്ഥ; മൂന്ന് പരാതികളിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsകോഴിക്കോട്: ന്യൂമോണിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചത് ഉൾപ്പെടെ മൂന്ന് പരാതികളിൽ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്തു. വെന്റിലേറ്ററും കിടക്കയുമില്ലെന്ന് പറഞ്ഞാണ് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും മടക്കി അയച്ചതെന്ന് പരാതിയുയർന്നിരുന്നു.
മലപ്പുറം സ്വദേശി സുരേഷിന്റെ മകളാണ് മരിച്ചത്. കഴിഞ്ഞ 13 നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. രാത്രിയെത്തിയ കുട്ടിയെ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകാതെ കിടത്തിയതായി പരാതിയുണ്ട്.
ഓക്സിജൻ നില കുറഞ്ഞതോടെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിന് രണ്ടു ലക്ഷം രൂപ ചെലവായി. സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കേടായ മരുന്ന് നൽകിയെന്ന പരാതിയിലും കമീഷൻ കേസെടുത്തു. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പൂനൂർ സ്വദേശി പ്രഭാകരന് കേടായ മരുന്ന് നൽകിയെന്നാണ് പരാതി. തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് പ്രഭാകരനും മകനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇവർക്ക് നൽകിയ ഗുളികയിൽ പൂപ്പലും കറുത്തപൊടിയും കണ്ടെത്തിയെന്നാണ് പരാതി.
ബീച്ച് ജനറൽ ആശുപത്രിയിലെ റോഡ് പൂർണമായി തകർന്ന സംഭവത്തിലും കമീഷൻ കേസെടുത്തു. ഒ.പി ടിക്കറ്റ് എടുക്കണമെങ്കിൽ സാഹസികയാത്ര നടത്തണം. റോഡ് നവീകരണത്തിന് ഒരു കോടി രൂപ എം.എൽ.എ അനുവദിച്ചെങ്കിലും സാങ്കേതികതയിൽ കുടുങ്ങി. ഒരു ജില്ലയിൽ രണ്ട് ആശുപത്രികൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് എം.എൽ.എ അറിയിച്ചതെന്ന് പറയുന്നു.
ബിച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 29 ന് രാവിലെ 10 ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസുകൾ പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ മൂന്നു കേസുകളും സ്വമേധയാ രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.