മുക്കം എം.എ.എം.ഒ. കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂലൈ 20ന്
text_fieldsമുക്കം: മുക്കം എം.എ.എം.ഒ. കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം 'മിലാപ്പ്-25' ജൂലൈ 20ന് കോളജ് കാമ്പസില്‍ നടക്കും. ഗ്ലോബല്‍ അലുമ്നി അസോസിയേഷന്‍ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നാല് പതിറ്റാണ്ടുകളിലായുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുകൂടുന്നത്. രാവിലെ 10.45ന് തുടങ്ങുന്ന പരിപാടി ചലച്ചിത്രതാരം മറീന മൈക്കിള്‍ കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പൽ ഡോ. ഇ.കെ. സാജിദ് മുഖ്യപ്രഭാഷണം നടത്തും.
അലുമ്നി അംഗങ്ങളുടെ കലാപരിപാടികള്‍ക്കൊപ്പം തന്നെ, പ്രമുഖ ഗായിക യുംന അജിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന സംഗീതപരിപാടി സംഗമത്തിന് മാറ്റുകൂട്ടും. പ്രസിഡന്റ് അഡ്വ. കെ. മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിക്കും. ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് മരക്കാര്‍ ഹാജി ആശംസകള്‍ അര്‍പ്പിക്കും. കഴിഞ്ഞ 43 വര്‍ഷങ്ങളിലായി കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ പതിനായിരത്തില്‍പരം പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് എം.എ.എം.ഒ. കോളജ് ഗ്ലോബല്‍ അലുമ്നി അസോസിയേഷന്‍.
പൂര്‍വ വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റു അശരണര്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അക്കാദമിക, ബോധവത്കരണ പ്രവര്‍ത്തനങ്ങളും കലാ സാംസ്‌കാരിക പരിപാടികളും അസോസിയേഷന്‍ സംഘടിപ്പിക്കുന്നുണ്ട്. സിഗ്നല്‍ എന്ന പേരില്‍ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗതാഗത ബോധവത്കരണ പരിപാടി ഏറെ പ്രചാരം നേടി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും യു.എ.ഇ., ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലുമായുള്ള ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം മിലാപ്പ് -25 സംഘടിപ്പിക്കുന്നത്. നാലായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
മുക്കം മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ മുക്കത്തിനടുത്ത് മണാശ്ശേരിയില്‍ 1982ല്‍ ആണ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് സ്ഥാപിതമായത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഒരു ജൂനിയര്‍ കോളജായിരുന്ന എം.എ.എം.ഒയില്‍ ഇന്ന് 11 അണ്ടര്‍ ഗ്രാജ്വേഷന്‍ പ്രോഗ്രാമുകളും ആറ് പോസ്റ്റ് ഗ്രാജ്വേഷന്‍ പ്രോഗ്രാമുകളുമുണ്ട്.
മിലാപ്പ്-25-ന് അനുബന്ധമായുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് 'ഇന്‍ഫ്‌ളുവന്‍സേഴ്‌സ്@മാമോക്' എന്ന പേരില്‍ വ്യാഴാഴ്ച നടക്കും. ജേണലിസം ആന്‍ഡ് മാസ് കമ്യൂണികേഷന്‍ ഡിപാര്‍ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി.
ഡോ. ഇ.കെ. സാജിദ് (പ്രിന്‍സിപ്പൽ, എം.എ.എം.ഒ. കോളജ്, മുക്കം), അഡ്വ. മുജീബ് റഹ്‌മാന്‍ (പ്രസിഡന്റ്, എം.എ.എം.ഒ. കോളജ് ഗ്ലോബല്‍ അലുമ്നി അസോസിയേഷന്‍), അഷ്‌റഫ് വയലില്‍ (സെക്രട്ടറി, എം.എ.എം.ഒ. കോളജ് ഗ്ലോബല്‍ അലുമ്നി അസോസിയേഷന്‍), എം.എ. അബ്ദുല്‍ അസീസ് അമീന്‍ (ജോ. സെക്രട്ടറി, ഗ്ലോബല്‍ അലുമ്നി അസോസിയേഷന്‍), റീന ഗണേശ് (ജോ. സെക്രട്ടറി, ഗ്ലോബല്‍ അലുമ്നി അസോസിയേഷന്‍) എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.