ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചു; 6000 രൂപ പിഴയിട്ട് കോടതി
text_fieldsനാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിച്ച അരൂരിലെ സുമാലയം രാജീവന് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 6000 രൂപ പിഴ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 45 ദിവസം തടവ് അനുഭവിക്കണം.
വിവിധ കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കി, വീട്ടിലെ വളർത്തുമൃഗങ്ങളായ പ്രത്യേക ഇനം പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയില്ല, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന ആരോഗ്യ വിഭാഗത്തിന്റെ രേഖാമൂലമുള്ള നിർദേശം അവഗണിച്ചു, ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സഹകരിച്ചില്ല എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഗൃഹനാഥന് നോട്ടീസ് നൽകുകയും നോട്ടീസിലെ നിർദേശങ്ങൾ അനുസരിക്കാത്തതിനാൽ ആരോഗ്യ വിഭാഗം കോടതിയെ സമീപിക്കുകയുമായിരുന്നു.
ജലജന്യ, കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പൂർണമായും അനുസരിക്കണമെന്നും കൊതുകു വളരുന്ന സാഹചര്യമുണ്ടാക്കുക, അശാസ്ത്രീയ മാലിന്യ നിർമാർജനം, ശുചിത്വമില്ലാത്ത രീതിയിൽ ഭക്ഷണസാധനങ്ങൾ നിർമിക്കുക, വിതരണം നടത്തുക, സംഭരിക്കുക, പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിൽപന നടത്തുക, ജലഗുണനിലവാര പരിശോധന നടത്താതെയും ഹെൽത്ത് കാർഡ് ഇല്ലാതെയുമുള്ള തൊഴിലാളികളെ കൊണ്ട് ഭക്ഷണസാധനങ്ങൾ പാകം ചെയ്യിക്കുക എന്നിവ കനത്ത ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
പേവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വളർത്തുപൂച്ചകൾക്കും വളർത്തുനായ്ക്കൾക്കും പ്രതിരോധ വാക്സിനുകൾ നൽകണമെന്നും ലംഘിക്കുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്നും പുറമേരി ഗ്രാമപഞ്ചായത്ത് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. ഇസ്മയിൽ പുളിയംവീട്ടിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.