പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവം; സ്വകാര്യ ബസുകൾ തടഞ്ഞും റീത്ത് വെച്ച് റോഡ് ഉപരോധിച്ചും പ്രതിഷേധം
text_fieldsബസ് അപകടത്തിൽ മരിച്ച അബ്ദുൽ ജവാദ്
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകരും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായെത്തി. റീത്തുമായി കുത്തിയിരുന്ന് റോഡുപരോധിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ജീപ്പിന് മുകളിലും റീത്ത് വെച്ച് പ്രതിഷേധിക്കാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അതിനിടെ, സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ അബ്ദുൽ ജവാദ് (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിന് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിനു മുമ്പിലാണ് സംഭവം. അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ജവാദിന്റെ സ്കൂട്ടറിലിടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽനിന്ന് മറിഞ്ഞുവീണ ജവാദിന്റെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ പൊലീസ് കേസെടുത്തുവെങ്കിലും എഫ്.ഐ.ആറിൽ സ്വകാര്യ ബസിന്റെയോ ഡ്രൈവറുടെയോ പേരുകൾ പരാമർശിച്ചിട്ടില്ല എന്നാണ് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.