പെരുമഴയിൽ പനിച്ചൂട്
text_fieldsകോഴിക്കോട്: പെരുമഴക്കാലമായതോടെ ജില്ല പനിച്ചൂടിൽ ഉരുകുന്നു. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം വൻ തോതിൽ വർധിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ദിനംപ്രതി പനി ബാധിച്ച് ചികിത്സക്ക് എത്തുന്നവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഈ മാസം 16 വരെ ജില്ലയിൽ 13,758 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പനി മൂർച്ഛിച്ച് മുപ്പതോളം പേർ ദിനം കടത്തിച്ചികിത്സ തേടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകൾ പനി ബാധിതരെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. മെഡിക്കൽ കോളജ് അടക്കമുള്ള സർക്കാർ ആശുപത്രികളിൽ കിടക്ക കിട്ടാതെ വരാന്തകളിൽ വരെ രോഗികൾ കിടക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ പറയുന്നത്.
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടി ലഭിച്ചാൽ പനി ബാധിതരുടെ കണക്ക് ഇനിയും വർധിക്കും. വൈറൽ പനിയോടൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, കോവിഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നുണ്ട്. സ്കൂളിൽനിന്ന് കുട്ടികൾക്ക് വ്യാപകമായി പനി പടരുന്ന സ്ഥിതി വിശേഷവും നിലനിൽക്കുന്നു.
തലവേദന, പനി, ചുമ, ജലദോശം തുടങ്ങിയ അസുഖങ്ങളും അസുഖ ലക്ഷണങ്ങളും അനുഭവപ്പെടുന്ന കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സ്കൂൾ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂവെന്നും ആശുപത്രികളിൽ രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണമെന്നും ഡോക്ടർമാരും നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.