സസ്പെൻഷനിലുള്ള രജിസ്ട്രാർ പുറത്തുപോകാതെ ഒത്തുതീർപ്പിനില്ല; നിലപാട് കടുപ്പിച്ച് വി.സി
text_fieldsകേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ കാമ്പസിൽനിന്ന് പുറത്തുപോകാതെ ഒത്തുതീർപ്പിനില്ലെന്ന് നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സർക്കാറുമായി തുടരുന്ന അനുനയ ചർച്ചയിലാണ് വി.സി കടുത്ത നിലപാടെടുത്തത്. രജിസ്ട്രാറുടെ ഡിജിറ്റൽ ഫയൽ പരിശോധിക്കാനുള്ള ആക്സസ് താൽക്കാലിക രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പന് കൈമാറണമെന്ന ഉപാധിയും വി.സി മുന്നോട്ടുവെച്ചു.
വി.സി പിരിച്ചുവിട്ടശേഷം ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ചേർന്ന് നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിരമായി സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിർദേശം വി.സി അംഗീകരിച്ചിട്ടില്ല. യോഗം ചേരുന്നതിന് തടസ്സമില്ലെന്നും അത് എപ്പോൾ വേണമെന്ന് തീരുമാനിക്കേണ്ടത് വി.സിയാണെന്നും ഡോ. മോഹനൻ കുന്നുമ്മൽ നിലപാടെടുത്തു.
അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് നടപടി അംഗീകരിക്കുക, സിൻഡിക്കേറ്റ് യോഗം വിളിക്കുക എന്നീ ആവശ്യങ്ങൾ വി.സി തള്ളിയതോടെ അനുനയ ചർച്ച വഴിമുട്ടി. തിങ്കളാഴ്ച പ്രശ്നപരിഹാരത്തിന് സർക്കാറിൽനിന്ന് തുടർനീക്കങ്ങളുണ്ടാകുമെന്നാണ് വിവരം. ചട്ടപ്രകാരം സിൻഡിക്കേറ്റ് യോഗം 60 ദിവസത്തിനുള്ളിൽ കൂടിയാൽ മതി എന്നതിനാൽ യോഗം ഉടൻ വിളിക്കാൻ സാധ്യതയില്ല. നിലവിലെ സാഹചര്യത്തിൽ അടുത്തമാസം രണ്ടാം വാരത്തിലേ സിൻഡിക്കേറ്റ് യോഗം ചേരേണ്ടതുള്ളൂ.
സിൻഡിക്കേറ്റ് ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ഒപ്പിട്ട നിവേദനം വി.സിക്ക് കഴിഞ്ഞയാഴ്ച നൽകിയിരുന്നു. സർക്കാറുമായി സംസാരിച്ച് പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ഗവർണർ വി.സിയോട് നിർദേശിച്ചിരുന്നു. ഗവർണർ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടാതിരുന്നത് അതുകൊണ്ടാണെന്നാണ് സൂചന. സർക്കാർ മുന്നോട്ടുവെച്ച ഉപാധി വി.സിക്കും വി.സിയുടെ ഉപാധികൾ സർക്കാറിനും സ്വീകാര്യമാകാത്ത സാഹചര്യത്തിൽ പ്രതിസന്ധിക്ക് അയവുണ്ടാകില്ല. ഈ സാഹചര്യത്തിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെടാനാണ് വി.സിയുടെ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.