30 ചോദ്യങ്ങളുമായി പറവൂരിലെ സ്കൂളുകളിലേക്ക് വി.ഡി. സതീശൻ; സുരക്ഷ ഓഡിറ്റിങ്ങിൽ പരിശോധിക്കുന്നത് സ്കൂൾ കെട്ടിടം, ചുറ്റു മതിലിൽ, മരങ്ങള്‍, അടുക്കളയിലെ വൃത്തി...
text_fieldsപറവൂർ: തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിൽ തന്റെ മണ്ഡലമായ പറവൂരിലെ സ്കൂളുകളിൽ സുരക്ഷ ഓഡിറ്റിങ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്തെ പല സ്‌കൂളുകളിലും പരിതാപകരമായ അവസ്ഥയാണ്. തേവലക്കര സ്‌കൂളിന്റെ സ്ഥിതി വളരെ മോശമാണെന്നാണ് ബാലാവകാശ കമ്മിഷന്‍ പറഞ്ഞിരിക്കുന്നത്. അതിന് എല്ലാവരും ഉത്തരവാദികളാണ്. സ്‌കൂളുകളുടെ ശോച്യാവസ്ഥ മാറ്റാന്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. അതുകൊണ്ടാണ് സര്‍ക്കാരിന് പ്രതിപക്ഷം കത്ത് നല്‍കിയത് -അദ്ദേഹം പറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പറവൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും സുരക്ഷ പരിശോധിക്കുന്നതിന് വേണ്ടിയുള്ള ഓഡിറ്റിങിന് തുടക്കം കുറിച്ചു. അതിനു വേണ്ടി 30 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പെര്‍ഫോമ തയാറാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെയും ചുറ്റു മതിലിന്റെയും സുരക്ഷ, മരങ്ങള്‍, അടുക്കളയിലെ വൃത്തി, ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഓഡിറ്റ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവരെക്കൊണ്ട് ചെയ്യിക്കും. ഇതുപോലുള്ള ദാരുണ സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. കുട്ടി മുകളില്‍ കയറാന്‍ പാടില്ലായിരുന്നു അതാണ് അപകട കാരണമെന്നും ഒരു മന്ത്രി പറയുന്നത് ശരിയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് -സതീശൻ പറഞ്ഞു.
വകുപ്പുകള്‍ തമ്മില്‍ ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതോടെ എല്ലാ അവസാനിച്ചെന്ന് കരുതരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അതുകൊണ്ടാണ് പറവൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ സുരക്ഷ ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. ഇത്തരം ഓഡിറ്റിങ് എല്ലാ യു.ഡി.എഫ് എം.എല്‍.എമാരുടെയും മണ്ഡലത്തില്‍ നടപ്പാക്കാന്‍ ആവശ്യപ്പെടും.
വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. അല്ലാതെ പ്രതിപക്ഷത്തിനല്ല. സ്‌കൂളിനെ കുറിച്ച് ബാലാവകാശ കമ്മിഷന്‍ എന്താണ് പറഞ്ഞതെന്ന് മന്ത്രി നോക്കിയാല്‍ മതി. ഹൈ ടെക് സ്‌കൂള്‍ എന്നാണ് മന്ത്രി എല്ലായിടത്തും പ്രസംഗിക്കുന്നത്. ഇതാണോ ഹൈ ടെക് സ്‌കൂളെന്ന് മന്ത്രിയോട് ചോദിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.