വിമർശനങ്ങൾക്കിടയിലും വെള്ളാപ്പള്ളിയെ പ്രശംസയിൽ പൊതിഞ്ഞ് വാസവനും ഹൈബിയും
text_fieldsകൊച്ചി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി വർഗീയ പ്രസ്താവന നടത്തി രൂക്ഷ വിമർശനം നേരിടുമ്പോൾ പ്രശംസയിൽ പൊതിഞ്ഞ് മന്ത്രി വി.എൻ. വാസവനും ഹൈബി ഈഡൻ എം.പിയും. വെള്ളാപ്പള്ളിക്ക് എസ്.എൻ.ഡി.പി കൊച്ചി യൂനിയൻ നൽകിയ സ്വീകരണ യോഗത്തിലാണ് നേതാക്കൾ വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്.
നിർഭയനായി അഭിപ്രായം രേഖപ്പെടുത്തുന്നതാണ് വെള്ളാപ്പള്ളിയുടെ വലിയ പ്രത്യേകതയെന്നാണ് ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞത്. മൂന്ന് പതിറ്റാണ്ട് കാലം സമുദായത്തിന്‍റെ ജനറൽ സെക്രട്ടറി പദവി വഹിച്ച ഒരു സമുദായ നേതാവുമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സമുദായത്തിന്‍റെ സമസ്ത മേഖലയിലെ ഉയർച്ചക്കും കാരണഭൂതനായത് വെള്ളാപ്പള്ളിയാണെന്ന് മുഖ്യ പ്രഭാഷകനായ ഹൈബി ഈഡൻ എം.പി ചൂണ്ടിക്കാട്ടി.
ഭവനരഹിതർക്ക് വീടൊരുക്കുന്നതിലുള്ള വെള്ളാപ്പള്ളിയുടെ പ്രയത്നം കെ.ജെ. മാക്സി എം.എൽ.എയും ചൂണ്ടിക്കാട്ടി.
മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറുമായ രാജീവ് ചന്ദ്രശേഖർ, കെ. ബാബു എം.എൽ.എ, മുൻ മന്ത്രി ഡൊമനിക് പ്രസന്‍റേഷൻ, കൊച്ചി മേയർ എം. അനിൽകുമാർ എന്നിവരും വെള്ളാപ്പള്ളിയുടെ സേവന പ്രവർത്തനങ്ങളെ വാഴ്ത്തി.
സ്വീകരണ യോഗത്തിൽ, മന്ത്രി വി.എൻ. വാസവനെ വേദിയിലിരുത്തി വീണ്ടും വെള്ളാപ്പള്ളി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ രംഗത്തുവന്നു. കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയും എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ‘ഞാൻ ഒരു സമുദായത്തിനുമെതിരെല്ല. പക്ഷേ സാമൂഹിക നീതിക്കുവേണ്ടി ഞാൻ പറയും. ഇന്നും പറയും, നാളെയും പറയും. എന്‍റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. അവര് 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്, അവരാണ് എന്നെ ജാതിക്കോമരമായി പറയുന്നത്.’ -വെള്ളാപ്പള്ളി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.