കർഷകർക്കു വഴങ്ങി സർക്കാർ; എയ്റോസ്പേസ് സ്ഥലമെടുപ്പ് ഉപേക്ഷിച്ചു
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ കർഷക പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുന്നു
ബംഗളൂരു: എയ്റോസ്പേസ് പദ്ധതി സ്ഥാപിക്കുന്നതിനായി ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളി താലൂക്കിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പിൻവലിച്ചതായി കർണാടക സർക്കാർ അറിയിച്ചു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ദേവനഹള്ളി. എയ്റോസ്പേസ് പദ്ധതി സ്ഥാപിക്കുന്നതിനായി ദേവനഹള്ളി താലൂക്കിൽ 1,777 ഏക്കർ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു. ബംഗളൂരുവിനടുത്ത് സ്ഥലം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചായിരുന്നു ഇത്.
എന്നാൽ, ഇതിനെതിരെ പ്രദേശത്തെ കർഷകരും ഭൂവുടമകളും പ്രതിഷേധത്തിലായിരുന്നു. ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണയിലെയും മറ്റ് ഗ്രാമങ്ങളിലെയും ഭൂമി ഏറ്റെടുക്കൽ നടപടിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായും കർഷക നേതാക്കളുമായും വിധാൻ സൗധയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഭൂമി ഏറ്റെടുക്കൽ പൂർണമായും പിൻവലിച്ചതായി പറഞ്ഞത്.
‘ഏറ്റെടുക്കലിൽ നിന്ന് പിന്മാറുന്നത് വ്യവസായങ്ങൾ മറ്റിടങ്ങളിലേക്ക് മാറാൻ ഇടയാക്കുമെങ്കിലും സംസ്ഥാന സർക്കാർ കർഷകരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുകയും അവരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു’-മുഖ്യമന്ത്രി അറിയിച്ചു.
കുറച്ച് കർഷകർ സ്വമേധയാ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം ഭൂമി മാത്രമേ സംസ്ഥാന സർക്കാർ ഏറ്റെടുക്കൂ. പകരം ആ കർഷകർക്ക് ഉയർന്ന നഷ്ടപരിഹാരവും വികസിപ്പിച്ച പ്ലോട്ടുകളും നൽകും. അത്തരം കർഷകർക്ക് മാർഗനിർദേശ വിപണി മൂല്യത്തേക്കാൾ ഉയർന്ന നിരക്കിൽ നഷ്ടപരിഹാരവും നൽകും. കാർഷിക പ്രവർത്തനങ്ങൾ തുടരാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അങ്ങനെ ചെയ്യാൻ അനുവാദമുണ്ടാകും.ഭൂമി ഏറ്റെടുക്കലിനെതിരെ സംസ്ഥാനത്ത് ഇതുവരെ ഇത്ര വലിയ പ്രതിഷേധം ഉയർന്നിട്ടില്ല.
സംസ്ഥാനത്തിന്റെ വികസനത്തിന് വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, വളർച്ച എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ എം.ബി. പാട്ടീൽ, കെ.എച്ച്. മുനിയപ്പ, എച്ച്.കെ. പാട്ടീൽ, കൃഷ്ണ ബൈരെ ഗൗഡ, പ്രിയങ്ക് ഖാർഗെ, ബൈരതി സുരേഷ്, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ്, നിയമ ഉപദേഷ്ടാവ് പൊന്നണ്ണ എം.എൽ.എ, അഡ്വ. ജനറൽ ശശികിരൺ ഷെട്ടി, കർഷക പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.