'ക്ഷേത്ര ദർശനം കഴിഞ്ഞാണ് കാണാതായത്, അസ്ഥിയെങ്കിലും കണ്ടെത്തി തരൂ, അന്ത്യ കർമങ്ങൾ ചെയ്തോട്ടെ'; ധർമ്മസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ മാതാവ്
text_fieldsമംഗളൂരു: ധർമ്മസ്ഥല സന്ദർശനത്തിനിടെ ദുരൂഹമായി കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ മാതാവ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ കുമാറിന്റെ മുന്നിലെത്തി. മണിപ്പാൽ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടാണ് (60) അഡ്വ.എൻ.മഞ്ചുനാഥ് മുഖേന എസ്.പിയെ സന്ദർശിച്ചത്.
ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ താൻ നിർബന്ധിതമായി കുഴിച്ചു മൂടി എന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അറിഞ്ഞാണ് സുജാത നീതി തേടി എത്തിയത്.
എസ്.പിയുടെ നിർദേശപ്രകാരം അവർ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ സമർത്ത് ആർ. ഗാനിഗറിന് പരാതി നൽകി.
20 വയസായിരുന്ന അനന്യ ഭട്ടിനെ 2003ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കാണാതായതെന്ന് സുജാത പരാതിയിൽ പറഞ്ഞു. താൻ കൊൽക്കത്തയിൽ ജോലി ചെയ്യുകയായിരുന്ന ആ കാലം മകളെ കാണാതായത് സംബന്ധിച്ച് പരാതിപ്പെടാൻ ചെന്നപ്പോഴത്തെ അനുഭവം ഉണർത്തുന്ന ഭീതി കാരണം കൃത്യമായ വിലാസം
വെളിപ്പെടുത്താൻ പോലും മടിയാണിപ്പോൾ. 22 വർഷമായി മകൾ എവിടെ, എന്ത് സംഭവിച്ചു എന്ന് കുടുംബത്തിന് ഒരു വിവരവും ലഭിച്ചില്ല.
'ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ഇവിടെ വന്നത്. എന്റെ മകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ, ശരിയായ ഡി.എൻ.എ പരിശോധനക്ക് ശേഷം എനിക്ക് കൈമാറണം. ഹിന്ദു ആചാരങ്ങൾക്കനുസൃതമായി മാന്യമായ അന്ത്യകർമങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട.'-സുജാത ഭട്ട് മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ പരാതി രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.