ധർമസ്ഥല വെളിപ്പെടുത്തൽ എസ്.ഐ.ടി അന്വേഷിക്കണം
text_fieldsകർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സി. ബാലൻ, എസ്. ദ്വാരക നാഥ് എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷക സംഘം
നിവേദനം നൽകുന്നു
മംഗളൂരു: ധർമസ്ഥലയിൽ രണ്ട് പതിറ്റാണ്ടുകളായി നടന്ന തിരോധാനങ്ങൾ, അസ്വാഭാവിക മരണങ്ങൾ എന്നിവ അന്വേഷിക്കാൻ സുപ്രീം കോടതിയിലെയോ ഹൈകോടതിയിലെയോ സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘം ബുധനാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ മുൻ ചെയർമാൻ സി.എസ്. ദ്വാരകാനാഥ്, സി. ബാലൻ ഉൾപ്പെടെയുള്ള അഭിഭാഷകർ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ കാര്യക്ഷമമായ അന്വേഷണം വേണം. സുപ്രീംകോടതിയിലോ കർണാടക ഹൈകോടതിയിലോ നിന്നുള്ള സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ജഡ്ജിയോടൊപ്പം, അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി.പി) തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ എസ്.ഐ.ടി രൂപവത്കരിക്കണമെന്നാണ് ആവശ്യം.
നിഷേധിക്കാനാവാത്ത ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് ഇത് നിർണായകമാണെന്ന് അവർ പറഞ്ഞു. ഡി.എൻ.എ വിശകലനം, ഡിജിറ്റൽ ഫോറൻസിക്സ്, മറ്റ് പ്രത്യേക യൂനിറ്റുകൾ എന്നിവയിലെ വിദഗ്ധർ ഉൾപ്പെടെ ഒരു സമർപ്പിത ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) സംഘത്തിന്റെ പങ്കാളിത്തവും അവർ ആവശ്യപ്പെട്ടു.
കുറ്റകൃത്യം നടന്ന സ്ഥലം സമഗ്രമായി വിശകലനം ചെയ്ത് സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കണം. കൂടാതെ, കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന എല്ലാ വ്യക്തികളെയും സ്വാധീനം പരിഗണിക്കാതെ ഉടൻ അറസ്റ്റ് ചെയ്യുകയും വേണം. സമൂഹത്തിന്റെ താൽപര്യം കണക്കിലെടുത്ത് ഉചിതമായതും നിർണായകവുമായ നടപടി സ്വീകരിക്കാനും നീതി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അവർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.