തീരുവ രഹിത ഇറക്കുമതി വിലയിടിച്ചു; തുവരപ്പരിപ്പ് കർഷകർക്ക് പ്രഹരം
text_fieldsബംഗളൂരു: കേന്ദ്ര സർക്കാർ തീരുവ രഹിത ഇറക്കുമതിക്ക് അനുമതി നൽകിയതിനെത്തുടർന്ന് തുവരപ്പരിപ്പിന്റെ പൊതു വിപണി വിലയിലുണ്ടായ ഗണ്യമായ ഇടിവ് സംസ്ഥാനത്തെ ചെറുകിട കർഷകർക്ക് കനത്ത പ്രഹരമായി. പൊതു വിപണിയിൽ കഴിഞ്ഞ വർഷം മേയിൽ ക്വിന്റലിന് 12,750 രൂപയായിരുന്നത് ഇപ്പോൾ 6,250 രൂപയായി താഴ്ന്നു.
അടുത്ത വർഷം മാർച്ചുവരെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തീരുവ രഹിത ഇറക്കുമതി നയമാണ് വിലയിടിവിന് കാരണം. എന്നാൽ, അയൽ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ഉയർന്ന ഉൽപാദനവും കർണാടകയിലെ കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഉയർന്ന വില പ്രതീക്ഷിച്ച് വിള സംഭരിച്ച കർഷകരാണ് ഇപ്പോൾ വെട്ടിലായത്.
മേയ് 31ന് സർക്കാറിന്റെ മൂന്നുമാസത്തെ സംഭരണ കാലാവധി അവസാനിച്ചതോടെ കർഷകർ ഇപ്പോൾ തങ്ങളുടെ വിളകൾ തുച്ഛമായ വിലക്ക് വിൽക്കാൻ നിർബന്ധിതരായി. സംഭരണ കാലയളവിൽ ക്വിന്റലിന് 8,000 രൂപ മിനിമം താങ്ങുവില (എം.എസ്.പി) കർഷകർക്ക് നൽകി 6,68,422 ക്വിന്റൽ തുവര സർക്കാർ സംഭരിച്ചിരുന്നു.
എന്നാൽ 2024ൽ തുറന്ന 189 ശേഖരണ കേന്ദ്രങ്ങളെ പല കർഷകരും സമീപിച്ചില്ല. കഴിഞ്ഞവർഷം സർക്കാർ നിശ്ചയിച്ച എം.എസ്.പി 7,000 രൂപയാണെങ്കിൽ ഓപൺ മാർക്കറ്റ് വില ക്വിന്റലിന് 13,000 രൂപയായിരുന്നു. എല്ലാ വർഷവും ഡിസംബറിലാണ് തുവര വിളവെടുപ്പ് ആരംഭിക്കുന്നത്. അതിനുശേഷം വിപണികളിൽ വൻതോതിലുള്ള വരവാണ് അനുഭവപ്പെടുന്നത്.
അതേസമയം, മൂടൽമഞ്ഞും മറ്റു പ്രകൃതിദത്ത ഘടകങ്ങളും പ്രാദേശിക വിപണിയിലെ 80ശതമാനം തുവര വിളവിന്റെയും ഗുണനിലവാരത്തെ ബാധിച്ചതായും ഇത് വില കുത്തനെ ഇടിയാൻ കാരണമായതായും കലബുറഗി ദാൽ മിൽസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖർ കോബാൽ ചൂണ്ടിക്കാട്ടി.
കൂടുതൽ തുവര കൃഷിയുള്ള കലബുറഗി ജില്ലയിലെ ഒമ്പത് ലക്ഷം ഹെക്ടറിലധികം വരുന്ന കൃഷിഭൂമിയിൽ ആറ് ലക്ഷം ഹെക്ടറിലധികം സ്ഥലത്താണ് തുവര വിള കൃഷി ചെയ്യുന്നത്. അയൽ ജില്ലകളായ ബിദർ, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ എന്നിവിടങ്ങളിലും ഈ വിള കൃഷി ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.