‘വർക്ക് അറ്റ് ഹോം’ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 20 ലക്ഷം തട്ടി
text_fieldsമംഗളൂരു: സമൂഹമാധ്യമപരസ്യം വഴി പ്രലോഭിപ്പിച്ച് വീട്ടിൽനിന്ന് ജോലി ചെയ്യിക്കാമെന്ന് പറഞ്ഞ് മംഗളൂരു സ്വദേശിയായ യുവതിയുടെ 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. ബജ്പെ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്: മേയ് ആറിന് പാർട്ട് ടൈം, റിമോട്ട് ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യം കണ്ടു. പരസ്യത്തിൽ ക്ലിക്ക് ചെയ്തപ്പോൾ, ഒരു വ്യക്തി ടെലിഗ്രാം മെസേജിങ് ആപ് വഴി ബന്ധപ്പെട്ടു. റസ്റ്റാറന്റുകളും ഹോട്ടലുകളും ലൈക്ക് ചെയ്യുക, അവലോകനം ചെയ്യുക, പൂർത്തിയാക്കിയതിന്റെ തെളിവായി സ്ക്രീൻഷോട്ടുകൾ സമർപ്പിക്കുക തുടങ്ങിയ ലളിതമായ ഓൺലൈൻ ജോലികൾ ഏൽപ്പിച്ചു.
തുടക്കത്തിൽ, ജോലികൾ പൂർത്തിയാക്കുന്നതിന് കമീഷൻ നേടാൻ കഴിയുമെന്ന് പറഞ്ഞിരുന്നു. നിയമസാധുതയുള്ളതായി തോന്നിപ്പിക്കുന്നതിനായി, തട്ടിപ്പുകാർ അക്കൗണ്ടിൽ 120 രൂപ ക്രെഡിറ്റ് ചെയ്യുകയും ഒരു ‘ശമ്പള കോഡ്’ നൽകുകയും ചെയ്തു. ‘മീന റെഡ്ഡി’ എന്ന ടെലിഗ്രാം ഉപയോക്താവുമായി ബാങ്ക് വിവരങ്ങൾ പങ്കിടാനും ആവശ്യപ്പെട്ടു.തുടർന്ന്, ഒന്നിലധികം ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്തു. ഓരോന്നും അധിക ജോലികൾ നൽകുകയും ക്രമേണ തട്ടിപ്പിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്തു.
‘മീന റെഡ്ഡി’ നൽകിയ ലിങ്ക് വഴി ഒരു ട്രേഡിങ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയും കമീഷൻ പേമെന്റുകൾക്കും ടാസ്ക് നിർവഹണത്തിനുമായി രാജേഷ് വർമ എന്ന വ്യക്തിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. വൈകാതെ, പ്രത്യേക ടെലിഗ്രാം ലിങ്കുകൾ വഴി രോഹിത് ശർമ, ലക്കി സിങ്, രവി പട്ടേൽ തുടങ്ങിയ നിരവധി വ്യക്തികളുമായി പരിചയപ്പെട്ടു.
ചെറിയ തുകകൾ നൽകിക്കൊണ്ടും ഘട്ടം ഘട്ടമായുള്ള ആശയവിനിമയം നടത്തിയും തട്ടിപ്പുകാർ വിശ്വാസ്യത വളർത്തിയെടുത്തു. തുടർച്ചയായ ഇടപാടുകളിലൂടെ, അവർ ആകെ 20.62 ലക്ഷം രൂപ വഞ്ചിച്ചു. പ്രതികൾ മറുപടി നൽകുന്നത് നിർത്തി, പണം ഇതുവരെ തിരികെ നൽകിയിട്ടില്ല". ബാജ്പെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.