ഇറാൻ പശ്ചാത്തലത്തിൽ വക്കം മൗലവിയുടെ ‘മുസ്ലിം’ വായിക്കുമ്പോൾ
text_fields110 വര്‍ഷം മുമ്പ് ഒന്നാം ലോകയുദ്ധ പശ്ചാത്തലത്തില്‍ യുദ്ധവും സമാധാനവും സംബന്ധിച്ച തത്സമയ വാര്‍ത്തകള്‍ മറ്റു ഭാഷകളില്‍നിന്ന് തർജമ ചെയ്തും അവലോകനം നടത്തിയുമുള്ള 16ല്‍പരം രചനകളാണ് വക്കം മൗലവി ‘മുസ്ലിം’ മാസികയുടെ രണ്ടാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയത്. അന്നത്തെ യുദ്ധത്തില്‍ പക്ഷം പിടിക്കാത്ത ഇറാനുമായി ബന്ധപ്പെട്ട വളരെ പ്രസക്തമായ ഒരു വാര്‍ത്ത മൗലവി പുറംലോകത്തെ അറിയിച്ചത് ഇന്ന് ശ്രദ്ധേയമാകുന്നു. ഇപ്പോള്‍ ഒരു പ്രകോപനവുമില്ലാതെ ഇറാനെ ഇസ്രായേല്‍ ആക്രമിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച രണ്ടു രാഷ്ട്രങ്ങളാണ് ജർമനിയും ബ്രിട്ടനും. രണ്ടാം ലോകയുദ്ധത്തിലെ രണ്ടു ചേരിയില്‍ മുഖാമുഖം നിന്ന ഇവര്‍ ഉണ്ടാക്കിയ ഏറ്റവും വലിയ വിപത്തിന്റെ ബാക്കി പത്രമാണല്ലോ കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ പതിനായിരക്കണക്കിന് ഫലസ്തീനികളെ വംശഹത്യ ചെയ്യുന്ന ഇസ്രായേല്‍ അധിനിവേശം.
ഒന്നാം ലോകയുദ്ധത്തില്‍ അന്നത്തെ പേര്‍ഷ്യയിലെ (ഇറാന്) മുസ്ലിംകളെ ചതിച്ച് യുദ്ധത്തില്പെടുത്താന് ജർമനി നടത്തിയ ശ്രമങ്ങളെ കുറിച്ചൊരു കത്ത് ഇറാനിലെ ഇസ്ഹാനിലുള്ള ബ്രിട്ടീഷ് കൗൺസിലേറ്റിലെ മാലിക് നവാസ്ഖാൻ ‘ഫൗജി അക്ബർ’ പത്രത്തിന്റെ എഡിറ്റർക്കയച്ചു. ‘മദ്രാസ് മെയില്‍’ എന്ന ഇംഗ്ലീഷ് പത്രത്തിലൂടെ അത് ഇന്ത്യയിലെത്തി. വക്കം മൗലവി ‘മുസ്ലിം’ മാസിക (1090 മകരം-1915)യില്‍ പ്രസിദ്ധീകരിച്ച അതിന്റെ തർജമയുടെ ചുരുക്കം ഇതാണ്: ജർമൻകാരുടെ നിർബന്ധത്താൽ തുർക്കികൾ യുദ്ധത്തില്‍ ചേര്‍ന്നശേഷം ഇസ്ഫഹാന്വാസിയും വ്യാപാരിയും ഡോക്ടറുമായ ഒരു ജർമൻ പൗരന്, കൈസർ ചക്രവർത്തിയുടെ ആജ്ഞാനുസാരം നവംബർ മാസം തെഹ്റാനിലെത്തി പേർഷ്യൻ മന്ത്രിയുമായി അഭിമുഖ സംഭാഷണം നടത്തുകയുമുണ്ടായി. താൻ മുസ്ലിമായി അഹമ്മദ് ബേക് എന്ന് പേര് സ്വീകരിച്ചതായി അയാൾ അവിടെ പ്രസ്താവിച്ചു.
അയാളെ ഇസ്ഫഹാനിലെ കൗൺസിൽ ആയി നിശ്ചയിക്കുന്നതിന് അവിടത്തെ ജനങ്ങൾ സമ്മതിച്ചിരിക്കുന്നതായി ചില പ്രധാന ഉദ്യോഗസ്ഥന്മാർ ചക്രവർത്തിക്ക് എഴുതി നല്കി. ചക്രവർത്തിയില്‍നിന്ന് അനുകൂല പ്രതികരണം ലഭിക്കാതെ വന്നപ്പോള്‍ താൻ 1915 ജനുവരി ഒന്നാം തീയതി ഇസ്ഫഹാനിൽ പ്രവേശിക്കുമെന്ന് ഇയാൾ പ്രഖ്യാപിച്ചു. എതിരേൽക്കുന്നതിന് ജനങ്ങൾ പട്ടണത്തിന്റെ വെളിയിൽ വന്നു ആഹ്ലാദത്തോടെ കൂടിനിന്നിട്ടും അയാള്‍ എത്തിയില്ല. തെഹ്റാനിൽനിന്നു പുറപ്പെട്ട് വഴിമധ്യേ പലയിടങ്ങളിലും താമസിച്ച് പ്രസംഗങ്ങൾ നടത്തി അനുകമ്പ പിടിച്ചുപറ്റി അയാൾ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് കത്ത് എഴുതിയ ദൃക്സാക്ഷി പറയുന്നു. പേർഷ്യൻ വസ്ത്രമണിഞ്ഞ ഇയാൾ പരിശുദ്ധ ‘കലിമ’ ആലേഖനംചെയ്ത ഒരു ചിഹ്നം ഇടത്തേ ഭുജത്തിൽ ധരിച്ചിരുന്നു. താനും ജർമൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ സകല പ്രജകളും ഇസ്ലാമിലെ ‘ശിയാ’ പക്ഷത്ത് ചേർന്നിരിക്കുകയാണെന്നും അതുകൊണ്ട് ശിയാ സഹോദരങ്ങളെല്ലാം ഒത്തൊരുമിച്ച് ജർമൻകാരുടെ സഹായത്തിനായി അണിനിരക്കണമെന്നുമായിരുന്നു ഇയാളുടെ പ്രസംഗം.

ഇസ്ഫഹാനു സമീപം എത്തിയ ഇയാൾ താൻ ജർമൻ ചക്രവർത്തിയാലും തുർക്കി സുൽത്താനാലും നിയമിക്കപ്പെട്ട കൗൺസിൽ അഹമ്മദ് ബേ ആണെന്നും ജനുവരി 15ാം തീയതി പട്ടണത്തിൽ പ്രവേശിക്കുമെന്നും അവിടത്തെ പ്രധാനികൾക്ക് എഴുതി അയച്ചു. ജനങ്ങൾ അയാളെ എതിരേൽക്കുന്നതിനായി പട്ടണത്തിൽ വന്നു സമ്മേളിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറി മറ്റൊരു സ്ഥലത്തു താമസിച്ച് പതിവുപോലെ പ്രസംഗമാരംഭിച്ചു. തന്റെ യത്നങ്ങളെല്ലാം ഫലപ്രദമായി എന്ന ബോധ്യം വന്നപ്പോള്‍, ഫെബ്രുവരി മൂന്നാം തീയതി ഇസ്ഫഹാനിൽ പ്രവേശിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു.സ്വീകരിക്കുന്നതിന് പ്രത്യേക രീതി ഒരുക്കങ്ങൾ ആരംഭിക്കുകയും താമസത്തിന് പ്രത്യേക ഭവനം തയാർ ചെയ്യപ്പെടുകയുമുണ്ടായി. ഫെബ്രുവരി മൂന്നിന് ആ ഭവനത്തിന് മുകളിൽ ജർമൻകൊടിയും ഉസ്മാനിയാ കൊടിയും സ്ഥാപിച്ചു. സ്വീകരിക്കാനുള്ള ഘോഷയാത്രയിൽ സകലവർഗക്കാരും, അമ്പത് അകമ്പടിക്കാരും ഉൾപ്പെട്ടിരുന്നു. മതം മാറിയ അഹമ്മദ് ബേക്കിനെ ആദ്യമായി ജുമാ മസ്ജിദിലേക്ക് കൊണ്ടുവന്ന് അതിഥിയായി സ്വീകരിക്കണമെന്നായിരുന്നു മതപണ്ഡിതന്മാരുടെ തീരുമാനം. ആദ്യമായി മസ്ജിദിൽ പോകേണ്ടിവരുമെന്ന വിവരം ലഭിച്ചതോടെ ഇയാൾ പേർഷ്യൻ ഉടുപ്പ് മാറ്റി തന്റെ പതിവ് വസ്ത്രം ധരിച്ച് ഇസ്ഫഹാനിലേക്കു പുറപ്പെട്ടു.
പന്ത്രണ്ടു മണിക്ക് വരുമെന്നറിയിച്ചയാൾ നാലുമണിവരേയും എത്തിയില്ല. വന്നപ്പോൾ ‘കലിമ’ കൊത്തിയ ചിഹ്നമുള്ള വസ്ത്രം ഒഴിവാക്കിയത് കണ്ട് ജനങ്ങളില്‍ വലിയ ഭാവവ്യത്യാസം സൃഷ്ടിച്ചു. മസ്ജിദ് ഒഴിവാക്കി നേരെ തനിക്ക് ഏര്‍പ്പെടുത്തിയ ഭവനത്തിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞുവെങ്കിലും അകമ്പടിക്കാർ ആദ്യ നിശ്ചയമനുസരിച്ചുള്ള റോഡിലൂടെ മസ്ജിദിലേക്കു തിരിച്ചു. അയാൾ നടത്തിയ അവകാശ വാദങ്ങള്‍ വ്യാജമാണെന്നും, തങ്ങളെ ചതിച്ചു യുദ്ധത്തിൽ ചേർക്കുന്നതിന് പ്രയോഗിച്ച തന്ത്രങ്ങളാണെന്നും മനസ്സിലാക്കിയ ജനം ആ വികാരം പ്രകടിപ്പിച്ചു. അങ്ങനെ അയാളെ എതിരേല്ക്കാന് നിന്ന ഉലമാക്കൾ അയാളുടെ ശത്രുക്കളായിത്തീരുകയും, അയാളുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്നതിന് സമാധാനം ബോധിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയുംചെയ്തു. ജർമൻ ചക്രവർത്തിയും ജർമൻകാരും മുസ്ലിംകളോട് സഹതാപമുള്ളവരാണെന്നും എന്നാല്‍ അവര്‍ ഇതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നും, പേർഷ്യക്കാർ ഈ അവസരത്തിൽ ജർമനിയെ സഹായിക്കുന്നപക്ഷം, ഇസ്ലാം സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അയാള്‍ പറഞ്ഞു. ഈ ഉത്തരത്തിൽ ക്രുദ്ധരായ മതപണ്ഡിതന്മാർ, ജർമൻകാരുടെ കാപട്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായി നോട്ടീസുകൾ അടിച്ച് പ്രചരിപ്പിച്ചു.
വിശദമായ ആ കത്തിന്റെ ഉള്ളടക്കം മുഴുവന്‍ ‘മുസ്ലിമി’ല്‍ ഉദ്ധരിച്ചപ്പോള്‍ അവസാന ഭാഗം ബ്രിട്ടീഷ് അനുകൂലിയായ ‘മദ്രാസ് മെയില്‍’ പത്രം വായനക്കാരെ അറിയിക്കുന്നത് ഇങ്ങനെ: ജർമന്‍കാര്‍ ആദ്യം തങ്ങൾ സുന്നി വിഭാഗത്തിൽ ചേർന്ന മുഹമ്മദീയരാണെന്ന് പറഞ്ഞ് തുർക്കികളെ വഞ്ചിച്ചു. പിന്നീട് പേർഷ്യയിൽ വന്ന് തങ്ങൾ ശിയാക്കളാണെന്നു പറഞ്ഞു നടന്നു. ജർമൻകാരുടെ വഞ്ചനയും കാപട്യവും സംബന്ധിച്ച് ഇന്ത്യക്കാർക്കു മുന്നറിയിപ്പ് നൽകണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. പരിശുദ്ധ കലിമ കൊത്തിയ ചിഹ്നങ്ങൾ ധരിച്ചത് മുസ്ലിം സഹായം ലഭിക്കുന്നതിനുള്ള ഒരു കൃത്രിമോപായം മാത്രമായിരുന്നു. മതത്തിനും ലോകത്തിനും ശത്രുവായി, മനസ്സിന്റെ കാഠിന്യത്താലും നിഷ്ഠുരതയാലും, ചതിയാലും, പുരുഷത്വത്തിനും ബുദ്ധിക്കും ധനത്തിനും കീർത്തിപ്പെട്ടിട്ടുള്ള യൂറോപ്പിനെപ്പോലെയുള്ള ഒരു മഹാദേശത്ത് നാശം ഉണ്ടാക്കിത്തീർത്തിരിക്കുന്ന, മതസംബന്ധമായ വ്യാജ പ്രസ്താവനകളെക്കൊണ്ട് ഇസ്ലാം മത വിശ്വാസികളെ കബളിപ്പിച്ച് യുദ്ധത്തിൽ ചേർക്കാൻ ഒരുമ്പെട്ട ഈ ശത്രുവിനെ ദൈവം നശിപ്പിക്കട്ടെ. (മദ്രാസ് മെയിൽ)
രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനിയിലെയും കിഴക്കന്‍ യൂറോപ്പിലെയും യഹൂദര്‍ക്കെതിരെ നാസികള്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ തന്നെയാണ് സയണിസ്റ്റുകള്‍ ഫലസ്തീനില്‍ ഇന്ന് നടപ്പാക്കുന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന ജർമനി ഇപ്പോള്‍ പങ്കുചേര്‍ന്നിരിക്കുന്നത് അന്നത്തെ എതിര്‍ചേരിയില്‍ നിന്ന യു.എസ്, ഫ്രാന്‍സ്, യു.കെ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ചാരസംഘടനകളുമായാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.