യൂത്ത് ടെസ്റ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി വൈഭവ്; റെക്കോഡും സ്വന്തമാക്കി
text_fieldsമുംബൈ: ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഇന്ത്യൻ അണ്ടർ 19നിരയുടെ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി വൈഭവ് സൂര്യവൻശി. ഇതിനൊപ്പം റെക്കോഡും താരം സ്വന്തമാക്കി. ഒരേ യൂത്ത് ടെസ്റ്റിൽ അർധസെഞ്ച്വറിയും വിക്കറ്റ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി വൈഭവ് സൂര്യവൻശി മാറി. ബംഗ്ലാദേശ് താരമായ ഹാസൻ മിർസയുടെ റെക്കോഡാണ് മറികടന്നത്.
15 വയസും 167 ദിവസവും പ്രായമുള്ളപ്പോഴാണ് ബംഗ്ലാദേശ് താരം ഒരേ ടെസ്റ്റിൽ തന്നെ വിക്കറ്റും അർധ സെഞ്ച്വറിയും സ്വന്തമാക്കിയത്. 14ാം വയസിൽ വൈഭവ് ഈ റെക്കോഡ് മറികടന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ വൈഭവ് തന്റെ ആൾ റൗണ്ട് മികവ് കുടി പുറത്തെടുത്തു. ആദ്യ ഇന്നിങ്സിൽ വൈഭവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.
14 റൺസിന് വൈഭവ് പുറത്തായി. എന്നാൽ, രണ്ടാം ഇന്നിങ്സിൽ 44 പന്തിൽ 56 റൺസെടുത്തു. മത്സരത്തിൽ വൈഭവ് രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു.ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ അയുഷ് മാത്രയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ 540 റൺസ് നേടിയിരുന്നു. വിഹാൻ മൽഹോത്ര, അഭിഗയാൻ കുണ്ടു, രാഹുൽ കുമാർ, ആർ.എസ് അംബരീഷ് എന്നിവർ അധർസെഞ്ച്വറി നേടിയിരുന്നു.
ഇംഗ്ലണ്ടിന്റെ അലക്സ് ഗ്രീനും റൽഫി ആൽബെർട്ടും മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 439 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 248 റൺസിന് ഓൾ ഔട്ടായി. 63 റൺസുമായി മൽഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ആറ് വിക്കറ്റുമായി ആർച്ചി വോൺ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങി.
350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് വീശിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 270 എന്നനിലയിലെത്തിയപ്പോൾ മത്സരം സമനിലയിലാവുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 20ന് ചെംസ്ഫോഡിൽ ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.