നീലക്കടലിരമ്പം; പി.എസ്.ജിയെ വീഴ്ത്തി ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി
text_fieldsന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജിയെ 3-0നാണ് നീലപ്പട തകർത്തത്. 22, 30 മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര താരം കോൾ പാമർ വല കുലുക്കി. ബ്രസീലുകാരൻ പെഡ്രോ 43ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി.ചെൽസിയുെട രണ്ടാമത്തെ ക്ലബ് ലോകകപ്പ് കിരീടമാണിത്.
കരുത്തരായ പി.എസ്.ജിയെ വരച്ച വരയിൽ നിർത്തിയാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ചെൽസി നിറഞ്ഞാടിയത്. തുടക്കത്തിൽ പി.എസ്.ജി ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ചെൽസിയുെട നിയന്ത്രണത്തിലായി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ലോകോത്തര ഗോൾകീപ്പർ ഡോണ്ണരുമ്മയുടെ വലയിൽ പതിച്ചത് കണ്ട് പി.എസ്.ജി ആരാധകർ ഞെട്ടി.
22ാം മിനിറ്റിൽ ഗസ്റ്റോ നീട്ടിയ പന്ത് ഇടംകാലൻ ഷോട്ടിലൂടെ വലയിലാക്കിയാണ് പാമർ ഗോൾവേട്ട തുടങ്ങിയത്.രണ്ടാം ഗോളും സമാനമായ ഷോട്ടിലൂടെയായിരുന്നു. രണ്ട് ഗോളുകൾ വഴങ്ങിയതോടെ പതറിയ പി.എസ്.ജിയുടെ നെഞ്ചിലേക്ക് പെഡ്രോയും നിറയൊഴിച്ചു. പാമറിന്റെ അസിസ്റ്റിൽ വലയിലേക്ക് കോരിയിട്ടാണ് ചെൽസിയുടെ ലീഡ് 3-0 ആയി ഉയർത്തിയത്. യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ഫൈനൽ കാണാനെത്തിയിരുന്നു.
കപ്പുയർത്തുന്നിടത്ത് ട്രംപിനെന്ത് കാര്യം?
ന്യൂജഴ്സി: ക്ലബ് ലോകകപ്പ് ഫൈനലിന് അതിഥിയായെത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചെൽസിയുടെ കിരീടാഘോഷത്തിന്റെ രസം കെടുത്തി. ഭാര്യ മെലാനിയക്കും ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോക്കുമൊപ്പമിരുന്നാണ് ട്രംപ് കളി കണ്ടത്. മത്സരശേഷം താരങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ കൈമാറിയ ട്രംപ്, ഇൻഫാന്റിനോയുമായി ചേർന്ന് ചെൽസി നായകൻ റീസ് ജെയിംസിന് ട്രോഫി സമ്മാനിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. ഇൻഫാന്റിനോ അപ്പുറത്തേക്ക് മാറിനിന്നു. ‘വെsയ്റ്റ്, വെയ്റ്റ്, അദ്ദേഹം എന്താണ് ചെയ്യുന്നത്’ എന്ന് കോൾ പാമർ ട്രംപിനെ നോക്കി ചോദിച്ചു. ‘താങ്കൾ പോവുകയാണോ’ എന്ന് റീസ് ചോദിച്ചപ്പോൾ ട്രോഫി മുകളിലേക്കുയർത്താനായിരുന്നു ട്രംപിന്റെ നിർദേശം. ട്രോഫിയുമായി താരങ്ങൾ ചാടിയതോടെ കൈയടിച്ച് ട്രംപും കൂട്ടത്തിൽ നിന്നു. ഇത് കണ്ട് ചില കാണികൾ കൂവുന്നതും കാണാമായിരുന്നു.
കളിക്ക് പിന്നാലെ കൈയാങ്കളി, പെഡ്രോയെ കഴുത്തിന് പിടിച്ച് എൻറിക്വെ
ന്യൂജഴ്സി: ക്ലബ് ലോകകപ്പ് ഫൈനലിന് അന്തിമ വിസിൽ മുഴങ്ങിയതിന് പിന്നാലെ നിയന്ത്രണം വിട്ട് പി.എസ്.ജി പരിശീലകനും താരങ്ങളും. ചെൽസിക്കായി മൂന്നാം ഗോൾ നേടിയ ജാവോ പെഡ്രോയുടെ കഴുത്തിൽപിടിച്ചു തള്ളി പി.എസ്.ജി കോച്ച് ലൂയിസ് എൻറിക്വെ. ഇവരുടെ ഗോൾ കീപ്പർ ഡോണറുമ്മയും കൈയാങ്കളിയിൽ ചേർന്നതോടെ രംഗം കൊഴുത്തു.
വലിയ സംഘർഷവും സമ്മർദവുമുണ്ടായിരുന്നതിനാൽ ഉന്തും തള്ളുമുണ്ടായെന്നും ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും എൻറിക്വെ മാധ്യമങ്ങളോട് പറഞ്ഞു. താരങ്ങളെ നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. കൈയേറ്റം ചെയ്ത നടപടി ഫിഫ അച്ചടക്ക സമിതി പരിശോധിച്ചുവരികയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സസ്‌പെന്‍ഷനടക്കം സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.