‘ഏവർക്കും ഒരു വലിയ ആലിംഗനം...’; എ.സി മിലാനൊപ്പം ചേർന്ന് മോഡ്രിച്, ഒരു വർഷത്തെ കരാർ
text_fieldsമിലാന്‍: ഇറ്റാലിയൻ ക്ലബ് എ.സി മിലാനുമായി ഔദ്യോഗികമായി കരാറൊപ്പിട്ട് ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്. 2026 ജൂൺ വരെ, ഒരു വർഷത്തേക്കാണ് കരാർ.
ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനുശേഷം റയൽ മഡ്രിഡുമായി വേർപിരിയുമെന്ന് താരം കഴിഞ്ഞ മേയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘ലൂക മോഡ്രിചുമായി 2026 ജൂൺ 30 വരെ കരാറൊപ്പിട്ടത് വലിയ സന്തോഷത്തോടെ അറിയിക്കുന്നു. 2027 ജൂൺ 30 വരെ നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്’ -19 തവണ സീരീ എ ചാമ്പ്യന്മാരായ എ.സി മിലാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
സ്പാനിഷ് ക്ലബ് റയലിനൊപ്പമുള്ള 13 വർഷത്തെ കരിയർ അവസാനിപ്പിച്ചാണ് മോഡ്രിച് സാൻ സിറോയിൽ എത്തിയത്. വരുന്ന സെപ്റ്റംബറിൽ താരത്തിന് 40 വയസ്സ് തികയും. കരിയറിലെ പുതിയ പതിപ്പിന് തുടക്കമിടുന്നതിന്‍റെ ഭാഗമായി ഇവിടെ എത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മോഡ്രിച് വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. എല്ലാവർക്കും ഒരു വലിയ ആലിംഗനം നേരുന്നുവെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.
തിങ്കളാഴ്ച താരത്തിന്‍റെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ, ആഗസ്റ്റിൽ മാത്രമാകും താരം ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുക. ഫിഫ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പി.എസ്.ജിക്കെതിരെയാണ് താരം റയലിനായി അവസാനമായി തൂവെള്ള ജഴ്സിയിൽ കളിക്കാനിറങ്ങിയത്. റയലിന്‍റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക 597 മത്സരങ്ങൾ കളിച്ചു. ക്ലബിനൊപ്പം 28 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.
നാല് ലാ ലിഗ, രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, ആറ് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് യുവേഫ സൂപ്പര്‍ കപ്പ്, അഞ്ച് ക്ലബ് ലോകകപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ മോഡ്രിച് റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മോഡ്രിച്ചിന്‍റെ വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.