‘ആശങ്കയുണ്ട്...വേദനയുണ്ട്...’; ഇന്ത്യൻ ഫുട്ബാളിന്‍റെ നിലവിലെ അവസ്ഥയിൽ സുനിൽ ഛേത്രി
text_fieldsന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബാളിന്‍റെ നിലവിലെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി സൂപ്പർതാരം സുനിൽ ഛേത്രി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതമായി നീട്ടിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ നായകന്‍റെ പ്രതികരണം.
ഭാവിയിൽ ഇന്ത്യൻ ഫുട്ബാൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. ഫിഫ റാങ്കിങ്ങിൽ അടുത്തിടെയായി വലിയ തിരിച്ചടിയാണ് ഇന്ത്യക്കുണ്ടായത്. നിലവിൽ 133ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ‘ഇന്ത്യൻ ഫുട്ബാളിന്‍റെ നിലവിലെ അവസ്ഥ വളരെ ആശങ്കാജനകമാണ്. താരങ്ങൾ, സ്റ്റാഫ് അംഗങ്ങൾ, ഫിസിയോകൾ എന്നിവരിൽ നിന്നെല്ലാം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്റെ ക്ലബിൽനിന്ന് മാത്രമല്ല, മറ്റ് ക്ലബുകളിൽ നിന്നും. നമ്മൾ നേരിടുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ഇന്ത്യൻ ഫുട്ബാൾ ലോകത്തെ എല്ലാവർക്കും ആശങ്കയുണ്ട്, വേദനയുണ്ട്, ഭയമുണ്ട്’ -ഛേത്രി എക്സിൽ കുറിച്ചു.
ഐ.എസ്.എൽ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 2025-26 സീസൺ അനിശ്ചിതമായി നീട്ടിയത്. ഇതുസംബന്ധിച്ച് ക്ലബുകളെയും ഫുട്ബാള്‍ ഫെഡറേഷനെയും എഫ്.എസ്.ഡി.എൽ രേഖാമൂലം അറിയിച്ചിരുന്നു.
റിലയന്‍സ് ഗ്രൂപ്- സ്റ്റാർ സംയുക്ത സംരംഭമാണ് എഫ്.എസ്.ഡി.എൽ. സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സര കലണ്ടർ പുറത്തിറക്കിയത്. ഫുട്ബാൾ സീസൺ മുടങ്ങാതിരിക്കാൻ കായികരംഗത്തുള്ള എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട്, എത്രയും വേഗം സ്ഥിരം പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി കാത്തിരിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫുട്ബാളിന് ആഗോള മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്നാണ് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തുന്നത്. മുംബൈ സിറ്റിക്കൊപ്പമാണ് ഛേത്രി ഐ.എസ്.എൽ കരിയർ തുടങ്ങുന്നത്. പിന്നാലെ ബംഗളൂരു എഫ്.സിയിലേക്ക് മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.