വളർത്തുമൃഗങ്ങളോട് ഇനി എ.ഐ മിണ്ടും
text_fieldsനിങ്ങൾ ഓമനിച്ചു വളർത്തുന്ന പൂച്ചയോ തത്തയോ നായോ ഒക്കെ ശബ്ദം ഉണ്ടാക്കുമ്പോൾ അവർ പറയാൻ ശ്രമിക്കുന്നത് എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഓമനമൃഗങ്ങളുടെ സന്തോഷവും സങ്കടവും പരിഭവങ്ങളും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞാൽ അവയെ പരിപാലിക്കാൻ എന്തു രസമായിരിക്കും അല്ലേ? അതിന് സാധ്യമാകും എന്നാണ് ചൈനയിൽനിന്നുള്ള റിപ്പോർട്ടുകൾ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മൃഗങ്ങളുടെ ശബ്ദം മനുഷ്യന്റെ ഭാഷയിലേക്ക് വിവര്‍ത്തനംചെയ്യാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ചൈനയിലെ ഏറ്റവും വലിയ സെര്‍ച് എൻജിന് ഉടമയായ ബൈഡു. മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന സാങ്കേതികവിദ്യ എന്ന ആശയത്തിൽ ചൈനീസ് നാഷനല്‍ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി അഡ്മിനിസ്ട്രേഷനില്‍ ബൈഡു പേറ്റന്റ് ഫയല്‍ ചെയ്തിരിക്കുകയാണ്.
മൃഗങ്ങളുടെ ഭാഷ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏറെ കാലമായി. അതിന് എ.ഐയുടെ സഹായത്തോടെ ഒരു പരിഹാരം കണ്ടെത്താനാണ് ബൈഡു പുതിയ പേറ്റന്റിലൂടെ ശ്രമിക്കുന്നത്. അതിനായി മൃഗങ്ങളുണ്ടാക്കുന്ന ശബ്ദങ്ങള്‍, അവയുടെ പെരുമാറ്റ രീതികള്‍, ശരീരചലനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡേറ്റകൾ ശേഖരിക്കുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം എ.ഐ ഉപയോഗിച്ച് അവ വിശകലനംചെയ്യും. തുടര്‍ന്ന് അവയുടെ അർഥം മനസ്സിലാക്കാന്‍ ശ്രമിക്കുകയും അത് മനുഷ്യഭാഷയിലേക്ക് മൊഴിമാറ്റുകയുംചെയ്യുമെന്നാണ് പേറ്റന്റ് അപേക്ഷയിൽ പറയുന്നത്.
മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള വൈകാരിക ആശയവിനിമയവും ധാരണയും സാധ്യമാക്കാനും ക്രോസ്-സ്പീഷീസ് ആശയവിനിമയത്തിന്റെ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായിക്കുമെന്നും കമ്പനി പേറ്റന്റ് രേഖയില്‍ ബൈഡു അവകാശപ്പെടുന്നു. അതേസമയം, ചൈനക്ക് പുറത്തും എ.ഐ ഉപയോഗിച്ച് മൃഗങ്ങൾ പറയുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
2020 മുതല്‍ സിറ്റുവേഷൻ ട്രാന്‍സ് ലേഷന് ഇനിഷ്യേറ്റിവ് അഥവാ പ്രോജക്ട് സി.ഇ.ടി.ഐയിലെ ഗവേഷകര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസും എ.ഐയും ഉപയോഗിച്ച് തിമിംഗലങ്ങളുടെ ആശയവിനിമയം മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത് കൂടാതെ 2017 ല്‍ സ്ഥാപിതമായ എര്‍ത്ത് സ്പീഷീസ് പ്രോജക്ടും എ.ഐ ഉപയോഗിച്ച് മൃഗങ്ങളുടെ ആശയവിനിമയം മനസ്സിലാക്കാനുള്ള ശ്രമം നടത്തിവരികയാണ്.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.