ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്: ഗൂഗിളിനും മെറ്റക്കും ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
text_fieldsന്യൂഡൽഹി: ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ എന്നിവയുൾപ്പെടെ ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നിലവിൽ അന്വേഷണത്തിലിരിക്കുന്ന വാതുവെപ്പ് ആപ്പുകളുടെ പ്രചാരണം ഗൂഗിളും മെറ്റയും വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
മെറ്റയും ഗൂഗിളും ഈ ആപ്പുകൾക്കായി പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകൾ നൽകി ഇത്തരം വെബ്‌സൈറ്റുകൾക്ക് പ്രാധാന്യം നൽകുകയാണ്. ഇതുവഴി നിയമവിരുദ്ധ പ്രവർത്തനങ്ങളെ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇഡി പറയുന്നു. വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിച്ചതിന് മുപ്പതോളം സെലിബ്രിറ്റികൾക്കും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാർക്കുമെതിരെ ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ, അനന്യ നാഗല്ല, ശ്രീമുഖി എന്നിവർക്കെതിരെ ഉൾപ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെലങ്കാനയിൽ നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളെ പിന്തുണക്കുന്നുവെന്നാരോപിച്ച് ജനപ്രിയ നടന്മാരും യൂട്യൂബർമാരും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യവസായി ഫണീന്ദ്ര ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ നാല് സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. റെയ്ഡില്‍ 3.3 കോടി രൂപ പണം, വിദേശ കറൻസി, നോട്ട് എണ്ണുന്ന യന്ത്രങ്ങൾ, ആഭരണങ്ങൾ, മെഴ്‌സിഡസ് ഉൾപ്പെടെയുള്ള കാറുകൾ, ആഡംബര വാച്ചുകൾ നിറഞ്ഞ പെട്ടി തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.