
ഡൽഹൗസി വെറുമൊരു പ്രഭുവല്ല
text_fieldsചെറിയ ക്ലാസിൽ പഠിക്കുേമ്പാൾ േകട്ടതാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിനെകുറിച്ച്. പിന്നീട് കേൾക്കുന്നത് കഴിഞ്ഞ മേയ് 22ന് രാത്രി ജമ്മുവിലെ ഒരു ഹോം സ്റ്റേയിൽ വെച്ചാണ്. ജെയിംസ് ആൻഡ്രൂ ബ്രൗൺ എന്ന ഡൽഹൗസി പ്രഭു (ഡൽഹൗസിയാവുന്നതിന് മുമ്പ് രാംസെ പ്രഭു എന്ന പേരിലും അറിയപ്പെട്ടിരുന്നു) 1848 മുതൽ 1856 വരെയാണ് അദ്ദേഹം ഇന്ത്യയുടെ വൈസ്രോയി ആയി വാണത്. ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയ വ്യക്തി, പാസഞ്ചർ ട്രെയിൻ സംവിധാനത്തിന് തുടക്കമിട്ടയാൾ, പൊതുമരമത്ത് വകുപ്പ് ആരംഭിച്ച വ്യക്തി, വിധവാ പുനർവിവാഹ നിയമം കൊണ്ടുവന്ന ഭരണകർത്താവ് എന്നീ വിശേഷണങ്ങൾ കൊണ്ടൊക്കെയാണ് ഈ കൊളോണിയൽ ഭരണാധികാരി സ്കൂൾ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ കയറിക്കൂടിയിരുന്നത്. 1857ൽ ഇന്ത്യയിൽ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായ ശിപായി ലഹളക്ക് കാരണമായ നിയമ വ്യവസ്ഥ കൊണ്ടുവന്ന വൈസ്രോയി എന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്.
പ്രഭുവിന്‍റെ മേൻമ പറയാനല്ല തുനിയുന്നത്. ഏറെക്കാലത്തെ ആഗ്രഹമായിരുന്ന കശ്മീർ കാണുക എന്നത്. അതിനവസരം വന്നപ്പോഴുണ്ടായ പൊല്ലാപ്പുകളെ കുറിച്ചാണ് പറയുന്നത്. കശ്മീർ യാത്രയെ കുറിച്ച് ചിന്തിക്കുേമ്പാഴെല്ലാം, അവിടെ ചെല്ലുേമ്പാൾ വല്ല തീവ്രവാദി ആക്രമണവുമുണ്ടായി പെട്ടുപോവുമോ എന്ന ആശങ്ക പലപ്പോഴും പിറകോട്ടടിപ്പിച്ചിരുന്നു. കാത്തുകാത്തിരുന്ന് പുറപ്പെട്ടപ്പോഴോ അതുതന്നെ സംഭവിക്കുകയും ചെയ്തു.
'പഹൽഗാം' ഉണ്ടാക്കിയ വഴിത്തിരിവ്
ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗം ജമ്മുവിലെത്തുന്നത് ഏപ്രിൽ 22ന് രാവിലെയാണ്. യാത്രക്കിടയിൽ തന്നെ മറ്റൊരു വിവരം അറിഞ്ഞിരുന്നു, കനത്ത മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ ജമ്മു-ശ്രീനഗർ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയെന്ന്. ഗതാഗതം പുനഃസ്ഥാപിക്കാൻ 5-6 ദിവസം എടുക്കുമെന്ന് സൈന്യത്തിന്‍റെ അറിയിപ്പും കണ്ടു. എങ്കിലും പൂഞ്ച് വഴി മുഗൾ റോഡിലൂടെ ശ്രീനഗറിൽ എത്താൻ ബദൽ മാർഗമുണ്ടെന്ന് ആശ്വസിച്ചിരുന്നു. 22ന് ജമ്മുവിലെ കാഴ്ചകൾ കണ്ട് അടുത്ത ദിവസം രാവിലെ സാമാന്യം ദുർഘടവും ദൂരക്കൂടുതലുമുള്ള മുഗൾ റോഡിലൂടെ ശ്രീനഗറിലേക്ക് പുറപ്പെടാനായിരുന്നു പരിപാടി. ജമ്മുവിലെ ബാഹു കോട്ടയും അമൽ മഹലുമൊക്കെ കണ്ട് ഹോം സ്റ്റേയിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞതായി അറിഞ്ഞത്. കശ്മീരിലെ 'മിനി സ്വിറ്റ്സർലാന്‍റ്' എന്നറിയപ്പെടുന്ന പഹൽമാഗാമിൽ ടൂറിസ്റ്റുകൾക്കു നേരെ തീവ്രവാദി ആക്രമണമുണ്ടായെന്നും 26 പേർ െകാല്ലപ്പെട്ടെന്നുമായിരുന്നു വാർത്ത. സൈനിക വേഷത്തിലെത്തിയ നാല് പാക് തീവ്രവാദികൾ (പിന്നീട് ആറ് പേരുണ്ടെന്ന വിവരം വന്നു) മതം ചോദിച്ച്, തിരിച്ചറിയൽ കാർഡ് പരിശോധിച്ച്, കലിമ ചൊല്ലിച്ച് 'പോയന്‍റ് ബ്ലാങ്കി'ൽ 26 നിരപരാധികളായ ടൂറിസ്റ്റുകളെ തോക്കിനിരയാക്കി കടന്നു കളഞ്ഞെന്നായിരുന്നു വിവരം. ശക്തമായ ഇന്‍റലിജൻസ്, സുരക്ഷാ സംവിധാനങ്ങളുള്ള കശ്മീരിലെ പഹൽഗാമിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ. യാത്ര മുടങ്ങുന്നതിലെ വേവലാതിയും പ്രയാസവും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു.
വിവരങ്ങൾ പന്തിയല്ലെന്ന് കണ്ടതിനാലാവാം ഹോം സ്റ്റേ ഉടമയും പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനുമായ ബൽജിത് സിങ്, 76കാരനായ തന്‍റെ പിതാവിനെ കൂട്ടി രാത്രി താമസസ്ഥലത്ത് വരുന്നത്. അന്നുച്ചക്ക് രണ്ടരക്കാണ് തീവ്രവാദി ആക്രമണമുണ്ടാവുന്നത്. ബൽജിത് സിങ്ങും പിതാവും ഒരേ സ്വരത്തിൽ പറഞ്ഞത് ഇപ്പോഴത്തെ അവസ്ഥയിൽ കശ്മീരിലേക്ക് പോവുന്നത് ബുദ്ധിയല്ലെന്നാണ്. സംഭവം നടന്ന ഉടനെ കശ്മീരിലേക്കുള്ള റോഡുകൾ അടച്ചിട്ടുണ്ട്. സംഭവത്തിന് മുമ്പ് പുറപ്പെട്ടവർ വഴിയിൽ കുടുങ്ങിക്കിടപ്പാണ്. റൂട്ട് മാറ്റുകയായിരിക്കും നല്ലത്. അയൽ സംസ്ഥാനമായ ഹിമാചൽപ്രദേശിലെ ഡൽഹൗസി മികച്ച സ്ഥലമാണ്. തണുപ്പും അതിമനോഹര ലാൻഡ്സ്കേപ്പുമാണ് ഡൽഹൗസിയുടെ പ്രത്യേകത. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്കുള്ള ദൂരമില്ല ജമ്മുവിൽനിന്ന് ഡൽഹൗസിയിലേക്ക്.
ഹർത്താലും പ്രതിഷേധങ്ങളും കടന്ന്
ഡൗൽഹൗസി അപ്പോഴാണ് മനസ്സിൽ തറഞ്ഞത്. ഡൽഹൗസി ഒരു പ്രഭു മാത്രമല്ല, മനോഹരമായ മലമ്പ്രദേശം കൂടിയാണ്. സമുദ്ര നിരപ്പിൽനിന്ന് 2000 മീറ്റർ (6460 അടി) ഉയരത്തിലുള്ള, അഞ്ചു മലകൾ ചേർന്ന ഡൽഹൗസി നഗരം 1854ൽ സ്ഥാപിച്ചത് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഗവർണർ ജനറലായ ഡൽഹൗസി തന്നെ. യുദ്ധം കഴിഞ്ഞ് തിരിച്ചെത്തുന്ന സൈനിക ഉദ്യോഗസ്ഥർക്കും മറ്റു ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കുമുള്ള വേനൽകാല താവളമായാണ് ഡൽഹൗസിയെ വൈസ്രോയി ഉപയോഗപ്പെടുത്തിയത്.
സമയം കളയാതെ അടുത്ത ദിവസം രാവിലെ ഡൽഹൗസിയിലേക്ക് പുറപ്പെടാൻ തന്നെ തീരുമാനിച്ചു. രാവിലെ ഒമ്പതിന് വാഹനവും ഏർപ്പാട് ചെയ്തു. യാത്രക്കായി രാവിലെ തന്നെ തയാറായെങ്കിലും വാഹനം വരാൻ വൈകി. വഴിയിൽ പ്രതിഷേധ പ്രകടനങ്ങളും തടസ്സങ്ങളുമാണെന്ന് ഇടക്ക് ഡ്രൈവർ വിളിച്ചു പറഞ്ഞു. ജമ്മു-കശ്മീരിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. നഗരപ്രദേശങ്ങളിൽ കർഫ്യൂ ഉണ്ടെന്നും പറഞ്ഞുകേട്ടു. 11 മണിയോടെ വാഹനമെത്തി പുറപ്പെടുേമ്പാൾ കടകളെല്ലാം അടഞ്ഞു കിടക്കുന്നു, വാഹനങ്ങളും അപൂർവം. വഴികളിൽ വിവിധ പാർട്ടികളുടെ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലുമെല്ലാം നടക്കുന്നു. വഴിയിലുടനീളം പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും സാന്നിധ്യവും കൂടിയായപ്പോൾ ഭീതിതമായ അന്തരീക്ഷം.
ജമ്മുവിൽനിന്ന് പഞ്ചാബിലെ പത്താൻകോട്ട് വഴിയാണ് ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിലേക്കുള്ള യാത്ര. 175 കിലോ മീറ്റർ, ഏതാണ്ട് അഞ്ചു മണിക്കൂർ യാത്ര. ജമ്മു-പഞ്ചാബ് അതിർത്തിയായ ലഖൻപൂർ കടന്നപ്പോഴാണ് ആശ്വാസമായത്. പട്ടാളവും പൊലീസുമില്ല. മൊബൈൽ ഫോൺ റേഞ്ചിലുമായി. ഡൽഹിയിൽനിന്ന് രാത്രി ട്രെയിൻമാർഗമായിരുന്നു ജമ്മുവിലേക്കുള്ള യാത്ര. രാവിലെ ജമ്മുവിലെത്തുേമ്പാൾ മൊബൈലിന് റേഞ്ചില്ല. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, പ്രീപെയഡ് സിമ്മുകൾ ജമ്മു-കശ്മീരിൽ പ്രവർത്തിക്കില്ലെന്ന്. മൊബൈൽ ഫോൺ വഴി ആശയ വിനിമയം നടത്തണമെങ്കിൽ നിലവിലുള്ള പ്രീപെയ്ഡ് സിം പോസ്റ്റ് പെയ്ഡ് ആക്കുകയോ, അല്ലെങ്കിൽ പുതിയ പോസ്റ്റ് പെയ്ഡ് സിം വാങ്ങിക്കുകയോ വേണം. ജമ്മു-കശ്മീരിലെ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായണത്രെ ഈ ക്രമീകരണം. അത്യാവശ്യ ആശയ വിനിമയത്തിന് കൂട്ടത്തിലൊരാൾക്ക് പോസ്റ്റ് പെയ്ഡ് സിം സംഘടിപ്പിച്ചാണ് ജമ്മുവിൽനിന്ന് പുറം ലോകവുമായി ബന്ധപ്പെട്ടത്. വൈഫൈ സൗകര്യമുള്ളിടത്തെത്തിയാൽ വാട്സ്ആപ് വഴിയുള്ള ആശയ വിനിമയം സാധ്യമാണ്.
പഞ്ചാബിലേക്ക് കടന്നപ്പോൾ കാഴ്ചയും കാലാവസ്ഥയും മാറി. റോഡിന് ഇരുവശവുമുള്ള ഗോതമ്പുപാടങ്ങൾക്ക് ഉച്ചവെയിലിൽ സ്വർണ്ണത്തിളക്കം. വഴിയോരങ്ങളിലെ കറിവേപ്പില തൈകളുടെ സാന്നിധ്യം കണ്ടുപിടിച്ചത് കൂടെയുള്ള സ്ത്രീകളാണ്. ഗോതമ്പ് താഴ്വരകൾ താണ്ടിക്കടന്നത് കൊടുമുടികളുടെ നാട്ടിലേക്കാണ്, ഇന്ത്യയുടെ വടക്ക് ഭാഗത്ത് മലനിരകളാൽ നിറഞ്ഞ, പടിഞ്ഞാറൻ ഹിമാലയൻ താഴ്വരയായ ഹിമാചൽ പ്രദേശിലേക്ക്. മലകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞാണ് റോഡിന്‍റെ കയറ്റം. റോഡിൽ അവിടവിടെ മണ്ണിടിഞ്ഞതിന്‍റെ ലക്ഷണങ്ങളുണ്ട്. അത് ഭീതിപ്പെടുത്തുമെങ്കിലും പ്രകൃതി കൺകുളിർപ്പിക്കും. വിവിധ വർണങ്ങളിൽ ഇലകളുള്ള മരങ്ങൾ റോഡോരങ്ങളിൽ തലയുയർത്തി നിൽപുണ്ട്, കൂടെ പൂക്കളുള്ള ചെടികളും. ഉയരങ്ങളിലേക്കടുക്കുന്തോറും കാറ്റിന് തണുപ്പേറി വരികയായിരുന്നു.
കൊടുമുടികളുടെ നഗരത്തിൽ
ഉമർ തറമേലിന്‍റെ മരുമകൻ ആലുവ സ്വദേശിയും മധ്യപ്രദേശിൽ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഷിയാസാണ് ഡൽഹൗസിയിൽ താമസം ഏർപ്പാട് ചെയ്തിരുന്നത്. ഡൽഹൗസി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ജഗ്ബീറിനെ ബന്ധപ്പെടാനാണ് നിർദേശിക്കപ്പെട്ടിരുന്നത്. മലകയറി പൊലീസ് സ്റ്റേഷനിലെത്തുേമ്പാൾ ജഗ്ബീർ തന്നെയാണ് ഇറങ്ങിവന്ന് സ്വീകരിച്ചത്. മാളികയില്ലാത്ത നീണ്ട വരാന്തയുള്ള കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കൊളോണിയൽ കാലത്തെ എടുപ്പുകളാണെല്ലാം. മലഞ്ചെരുവുകളിലെ കെട്ടിടങ്ങൾ അതുകൊണ്ടു തന്നെ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ മനോഹരമായി പണികഴിപ്പിച്ചതാണ്.
ജഗ്ബീർ ഞങ്ങളെ സ്റ്റേഷനകത്ത് വിളിച്ചിരുത്തി, ദാഹമകറ്റാൻ വെള്ളം തന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും താമസിക്കാനുള്ള ഗസ്റ്റ് ഹൗസ് കാണിച്ചു തരാൻ ബൈക്കിൽ മഫ്ടിയിലുള്ള രണ്ടു പൊലീസുകാരെയും അദ്ദേഹം ഏർപ്പാടാക്കി. ഞങ്ങൾ ബൈകിനെ പിന്തുടർന്നു. മലഞ്ചെരുവിലൂടെയുള്ള വീതി കുറഞ്ഞ റോഡിലൂടെ വീണ്ടും മുകളിലേക്ക്. റോഡുകളിലെയും പരിസരങ്ങളിലെയും വൃത്തി അതിശയിപ്പിക്കുന്നതായിരുന്നു. മലഞ്ചെരുവുകളിൽ കിളിക്കൂടുകൾ പോലെയാണ് വീടുകളും മറ്റു കെട്ടിടങ്ങളും അനുഭവപ്പെട്ടത്.
ഡൽഹൗസി പബ്ലിക് സ്കൂളിനോടനുബന്ധിച്ചുള്ളതാണ് ഗസ്റ്റ് ഹൗസ്. റോഡുയരത്തിൽനിന്നും താഴെയാണ് മൂന്നു നിലകളുള്ള കെട്ടിടം. പടികളിറങ്ങി മധ്യത്തിലെ നിലയിൽ വിശാലമായ രണ്ടു റൂമുകളാണ് രണ്ടു കുടുംബങ്ങൾക്കായി അനുവദിച്ചത്. പിറകുവശത്തെ ഗ്ലാസിനു പിറകിലെ കർട്ടൻ നീക്കിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത അതിമനോഹര കാഴ്ച. പെൺകൊടിമാരുടെ ചുരുണ്ട മുടി ചീകി ഒതുക്കി വെച്ചതുപോലെ ദേവദാരു മരങ്ങളെ കൊണ്ടു പൊതിഞ്ഞ മലകൾ. മലമടക്കുകളിലൂടെ സൂര്യപ്രകാശം താഴോട്ടൊഴുകുന്നു. ഇളം തണുപ്പുള്ള കാറ്റും. കണ്ണും കാതും ഉള്ളവും കുളിർപ്പിക്കാൻ ഇതിലപ്പുറം എന്തു വേണം. അപ്പോഴേക്കും സന്ധ്യയായിരുന്നു.
രാത്രി എട്ടായപ്പോൾ ഗെസ്റ്റ് ഹൗസ് സൂക്ഷിപ്പുകാരനായ രമേശ് കുമാർ ഭക്ഷണമെത്തിച്ചു, ചിക്കൻ കറിയും ചപ്പാത്തിയും. രമേശ് കുമാർ തൊട്ടടുത്ത ഗ്രാമത്തിൽനിന്നുള്ള ആളാണ്. രണ്ട് പെൺകുട്ടികളുടെ പിതാവും. മൂത്ത പെൺകുട്ടി ഡിഗ്രിക്കാണ് പഠിക്കുന്നതെന്നറിയാം. ഏതു ഡിഗ്രിയാണെന്ന് ചോദിച്ചാൽ ആർട്സ് ആണെന്ന് പറയാനേ രമേശ് കുമാറിനറിയൂ. മുറിയിൽ എല്ലാ സൗകര്യങ്ങൽളും കുമാർ ഒരുക്കിത്തന്നിരുന്നു, രാത്രി തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹീറ്ററടക്കം. റൂമിൽ എ.സിയോ, ഫാനോ ഇല്ല. മേയ് മാസത്തിൽ അർധരാത്രി നാല് ഡിഗ്രിയും രാവിലെ 10-12 ഡിഗ്രിയും ഉച്ചക്ക് 17 ഡിഗ്രിയുമാണ് ചൂട്. അതുകൊണ്ടു തന്നെ ഉറങ്ങുേമ്പാൾ ഹീറ്ററാണ് ആവശ്യം.
'ദെയിൻകുണ്ഡ് പീക്' എന്ന വിസ്മയം
രാവിലെ പുറം കാഴ്ചകൾ കാണാൻ വാഹനം ഏർപ്പാടാക്കിയിരുന്നു. ആദ്യലക്ഷ്യം 'ദെയിൻകുണ്ഡ് പീക്' ആയിരുന്നു. ദൽഹൗസിയിലെ ഏറ്റവും ഉയരം കൂടിയ മല. 2755 മീറ്ററാണ് ഉയരം. പാടുന്ന കൊടുമുടി, യക്ഷികളുടെ തടാകം എന്നൊക്കെ അറിയപ്പെടുന്ന ദെയിൻകുണ്ഡ് മലയിൽ കയറിയാൽ 360 ഡിഗ്രിയിലാണ് കാഴ്ച. മലയുടെ ഒരു പരിധി വരെ മാത്രമേ വാഹനങ്ങളെ അനുവദിക്കുന്നുള്ളൂ. പിന്നീട് കാൽനടയായി മല കയറണം. മലമുകൾ വരെ കോൺക്രീറ്റ് നടപ്പാതയുണ്ട്. മലയുടെ ഒരു ഭാഗത്ത് ഫുലാനി മാതാ ക്ഷേത്രവുമുണ്ട്. നടപ്പാതയിലേക്ക് പ്രവേശിക്കുന്നിടത്തെ കമാനം ക്ഷേത്രത്തിേന്‍റതാണ്. ടൂറിസ്റ്റുകൾക്കൊപ്പം ഭക്തരും മലകയറുന്നുണ്ട്. കമാനത്തിൽ തൂങ്ങിക്കിടക്കുന്ന മണിയടിച്ചിട്ടാണ് ഭക്തർ കയറ്റം തുടങ്ങുന്നത്.
കയറ്റം സാഹസികം തന്നെയാണ്. കമാനം കടന്ന് ഊന്നുവടി വാടകക്ക് കൊടുക്കുന്നവരെ കണ്ടാൽ അത് ബോധ്യപ്പെടും. ഊന്നുവടി വാടക 20 രൂപയാണ്. മടങ്ങിവരുേമ്പാൾ വടി തിരിച്ചുകൊടുക്കണം. കൂട്ടത്തിൽ ചിലർ ഊന്നുവടി സ്വന്തമാക്കിയെങ്കിലും വടിയില്ലാതെ തന്നെ കയറാൻ തീരുമാനിച്ചു. കിതച്ചും ഇടക്കൊക്കെ നിന്ന് കിതപ്പാറ്റിയും കയറ്റം തുടർന്നു. പകുതിയോളമെത്തിയപ്പോൾ കൂട്ടത്തിലെ സ്ത്രീകൾ കയറ്റം മതിയാക്കി പാതയോരത്തെ ചാരുബെഞ്ചിൽ വിശ്രമിച്ചു. ഞങ്ങൾ കയറ്റം തുടർന്നു. നടപ്പാത ക്ഷേത്രത്തെയാണ് ലക്ഷ്യമാക്കുന്നതെന്ന് കണ്ടപ്പോൾ അത് വിട്ട് ഉരുളൻ കല്ലുകളിൽ അള്ളിപ്പിടിച്ചും മറ്റും മുകളിലേക്ക് കിതപ്പോടെ കുതിച്ചു. ഇടക്കുനിന്ന് ദേവദാരു മരങ്ങൾക്കിടയിലൂടെ നോക്കുേമ്പാൾ തന്നെ ഹിമാലയൻ മലനിരകളുടെ മോഹിപ്പിക്കുന്ന കാഴ്ചകൾ മുകളിലെത്താനുള്ള ധൃതി കൂട്ടി.
മലയുടെ ഉച്ചിയിൽ മരങ്ങളില്ല. അതിനാൽ ചുറ്റുമുള്ള കാഴ്ചക്ക് തടസ്സങ്ങളുമില്ല. കണ്ണും മനസ്സും നിറക്കുന്ന കാഴ്ച. ദൂരെ പച്ച പുതച്ച ദേവദാരു മലകൾക്കും അതിനു പുറകിലെ നീലമലകൾക്കുമപ്പുറം മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഹിമാലയൻ മലനിരകൾ. അവ സൂര്യവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നു. അത് നൽകുന്നത് സ്വർഗീയാനുഭൂതി തന്നെ. കീഴെ ദേവദാരു മലകളെ തലോടി അവക്കിടയിലൂടെ തണുപ്പേറ്റി മൂളിയെത്തുന്ന കാറ്റ്. പതിഞ്ഞ ഈണവുമായെത്തുന്ന കാറ്റിനെക്കൊണ്ടാവാം ഇവിടം 'പാടുന്ന മല'(സിങ്ങിങ് ഹിൽ)യായത്. ആ ഈണം കാറ്റിന്‍റെ ശക്തിയിൽ ഭീതിപ്പെടുത്തുന്ന ചൂളം വിളിയാവുന്നതു കൊണ്ടാവാം പഴമക്കാർക്കിവിടം 'മന്ത്രവാദിനികളുടെ താഴ്വാര'മാവുന്നത്.
അമാൽദീൻ എന്ന മാതൃക
മുകളിലെ കാഴ്ചകൾ ആവോളം ആസ്വദിച്ച് വേഗത്തിൽ തന്നെ താഴേക്കിറങ്ങി. വഴിയിൽ തങ്ങിയ ഭാര്യയെയും കൂട്ടുകാരിയെയും കൂട്ടി അടിവാരത്തെത്തി. അപ്പോഴാണ് നേരത്തെ മലകയറുേമ്പാൾ ഭാര്യയെ ഏൽപിച്ച ബാക്പാകിനെ കുറിച്ച് ആരാഞ്ഞത്. അത് കയറ്റത്തിനിടയിൽ വിശ്രമിച്ച ചാരുബെഞ്ചിൽ വെച്ച് മറന്നുപോയത്രെ. അതോടെ ഉള്ളിലൊരു ആളൽ. വീണ്ടും കയറ്റം കയറുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും വയ്യ. പക്ഷേ ബാഗ് വീണ്ടെടുക്കണമെങ്കിൽ കയറുകയല്ലാതെ നിർവാഹമില്ല. കയറ്റം തുടങ്ങിയപ്പോൾ തന്നെ കിതപ്പ് കാലുകളെ തളർത്തുന്നു. ഇനി ഊന്നുവടിയില്ലാതെ കയറാൻ കഴിയില്ലെന്ന് ഉറച്ചു. വഴിവക്കത്ത് ഊന്നുവടി വാടകക്ക് നൽകുന്ന ചെറുപ്പക്കാരനോട് വടി വാങ്ങി. പക്ഷെ വാടക അമനൽകാൻ കൈയിൽ 20 രൂപ നോട്ടില്ല. 500ന്‍റെ നോട്ട് നീട്ടിയപ്പോൾ ചില്ലറയില്ലെന്നായി യുവാവ്. ഓൺലൈൻ പേമെന്‍റ് കാലത്ത് പോക്കറ്റിൽ ചില്ലറ കറൻസികൾ സൂക്ഷിക്കുന്ന ഏർപ്പാട് നിർത്തിയിരുന്നു. ഗൂഗിൾ പേ സംവിധാനമുണ്ടോ എന്നു ചോദിച്ചപ്പോൾ യുവാവ് നിസ്സഹായത പ്രകടിപ്പിച്ചു. വടി ഉപേക്ഷിച്ച് കയറാൻ തന്നെ തീരുമാനിച്ചു. കിതച്ചും പലകുറി നിന്നും പാത താണ്ടി. ഭാര്യ വിശ്രമിച്ച ചാരുബെഞ്ചിലേക്ക് നോക്കിയപ്പോൾ ഉള്ളം വീണ്ടും കാളി. എന്‍റെ പരുങ്ങൽ കണ്ട് തൊട്ട് മുകളിൽ മകളോടൊപ്പം മിഠായിയും കുപ്പിവെള്ളവും മറ്റും വിൽക്കുന്നയാൾ കൈകൊട്ടി വിളിച്ച് ബാഗ് അയാളുടെ കൈവശമുണ്ടെന്ന് ആംഗ്യം കാണിച്ചു. കയറിച്ചെന്നു. മുമ്പ് മുകളിലേക്ക് കയറിപ്പോകുേമ്പാൾ കച്ചവടക്കാരന്‍റെ മുന്നിലെ പൂക്കൾ നിറച്ച കുട്ടയിൽ രണ്ടു മുയൽ കുഞ്ഞുങ്ങളുണ്ടായിരുന്നു. ആ ഓമനകളുടെ ഫോട്ടോ എടുക്കാൻ കാമറ ഫോക്കസ് ചെയ്തപ്പോൾ കച്ചവടക്കാരൻ വിലക്കി. ഫോട്ടോയെടുക്കാൻ 20 രൂപ വേണമെന്ന് പറഞ്ഞു. എന്നാൽ വേണ്ടെന്ന് തലയാട്ടി ഞാൻ മുകളിലേക്ക് കയറിപ്പോയതാണ്. ഇപ്പോൾ അയാളുടെ മുന്നിൽ നിൽക്കുന്നത് അൽപം ജാള്യത്തോടെയാണ്. ബാഗ് തിരിച്ചു വാങ്ങിയപ്പോൾ തൊട്ടടുത്ത് കൈയിലെ കുട്ടയിൽ മിഠായികളുമായി നിൽക്കുന്ന പെൺകുട്ടി (എട്ടാം ക്ലാസുകാരിയായ അവളുടെ പേര് ആയിഷാ ബീഗമാണെന്ന് പിന്നീട് ചോദിച്ചറിഞ്ഞു) പുഞ്ചിരിയുമായി ചോക്ലേറ്റ് മുന്നിലേക്ക് നീട്ടി. ഒരു പ്രത്യുപകാരമായിക്കോട്ടെ എന്നു കരുതി ചോക്ലേറ്റ് കൈയിൽ വാങ്ങി. എത്രയാണെന്ന് ചോദിച്ചപ്പോൾ 20 രൂപ എന്ന് അവളുടെ മറുപടി. അവിടെയും ചില്ലറ വിലങ്ങുതടിയായി. ഗൂഗ്ളുണ്ടോ എന്ന് സംശയിച്ച് ചോദിച്ചു. അവളുടെ പിതാവ് അമാൽദീൻ മൊബൈലെടുത്ത് നമ്പർ പറഞ്ഞു തന്നു. ആശ്വാസമായി. ഗൂഗ്ൾ പേ ആപ് തുറന്ന് നമ്പർ കൊടുത്തപ്പോൾ അനക്കമില്ല. മലമുകളിൽ നെറ്റില്ല, ഫോണിന് റേഞ്ചും. വീണ്ടും കുരുക്ക്. ചോക്ലേറ്റ് തിരിച്ച് കുട്ടിയെ ഏൽപിക്കാൻ തുനിഞ്ഞപ്പോൾ, അത് കൈയിലേക്കു തന്നെ വെച്ചുതന്ന് ആ പിതാവ് പറഞ്ഞ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി, ചോക്ലേറ്റിന്‍റെ വില നിങ്ങൾ മൊബൈലിന് റേഞ്ച് കിട്ടുന്ന സ്ഥലത്തെത്തിയിട്ട് അയച്ചു തന്നാൽ മതിയെന്ന്. അയാളുടെ കൈ പിടിച്ച് നന്ദിയും സലാമും പറഞ്ഞ് ഞാൻ വീണ്ടും മലയിറങ്ങി.
അമാൽദീന്‍റെ പെരുമാറ്റം അതിശയിപ്പിക്കുന്നതു തന്നെയായിരുന്നു. ഊരും പേരും അറിയാത്ത ഒരാളെ എങ്ങനെ വിശ്വസിക്കും, അതും ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്നയാളോട് ഇങ്ങനെയൊരു ഔദാര്യം കാണിക്കാൻ എങ്ങനെ മനസ്സ് വരും? വാഹനം മലയിറങ്ങിക്കൊണ്ടിരിക്കുേമ്പാൾ മൈാബൈലിൽ റേഞ്ചിന് പരതിക്കൊണ്ടേയിരുന്നു. ഒരു പരിചയവുമില്ലാത്ത ആളോട് ആ കച്ചവടക്കാരൻ കാണിച്ച ഔദാര്യത്തിന് മറുപടി നൽകാൻ മനസ്സ് ധൃതി കൂട്ടുന്നുണ്ടായിരുന്നു. താഴ്വാരത്തെത്തിയപ്പോൾ റേഞ്ച് കിട്ടി തുക അയച്ചുകഴിഞ്ഞപ്പോഴാണ് ആശ്വാസമായത്. അപ്പോഴും ആ കച്ചവടക്കാരന് അത് കിട്ടിയിരിക്കുമോ, അയാൾ മൊബൈൽ നോക്കിയിരിക്കുമോ എന്നീ ആശങ്കകൾ മനസ്സിനെ അലോസരപ്പെടുത്തി. ഗൂഗ്ൾ പേയിൽ പോയി തുക പോയതായി ഒന്നുകൂടി ഉറപ്പുവരുത്തി സമാധാനം കൊള്ളുകയല്ലാതെ വേറെന്തു വഴി.
ഖജ്യാർ എന്ന 'മിനി സ്വിറ്റ്സർലാന്‍റ്'
സ്വിറ്റ്സർലാന്‍റിന്‍റെ മിനി പതിപ്പുകളായി ലോകത്ത് 160 സ്പോട്ടുകൾ ഉണ്ടെന്നാണ് പറയുന്നത്. അവിടുത്തെ കാലാവസ്ഥയോടും പ്രകൃതിയോടും ഏതാണ്ട് തുല്യത പുലർത്തുന്ന ഇടങ്ങളെയാണ് 'മിനി സ്വിറ്റ്സർലന്‍റു'കളായി അടയാളപ്പെടുത്തിയിട്ടുള്ളത്. കശ്മീരിലെ പഹൽഗാമിനൊപ്പം ഹിമാചൽപ്രദേശിലെ ഖജ്യാറും ഈ പട്ടികയിൽ പെടുന്നു. ഡൽഹൗസിയിൽനിന്ന് 24 കിലോ മീറ്റർ അകലെയാണ് പ്രകൃതിയുടെ വരദാനമായ ഈ പ്രദേശമുള്ളത്. മലകയറിയുള്ള യാത്രക്കൊടുവിൽ ചെറിയൊരു താഴ്വാരത്തിലേക്കിറങ്ങിയാൽ ഖജ്യാറായി. ചുറ്റും മലകളും ദേവദാരു, പൈൻ മരങ്ങളും വലയം തീർത്ത വിശാലമായ പുൽത്തകിടി. അതിന് നടുവിൽ ചെറു തടാകവും. തടാകത്തിൽ നിറയെ മീനുകളും. മൊത്തത്തിലുള്ള കാഴ്ച വിസ്മയിപ്പിക്കുന്നത്. ആ പ്രകൃതി ഭംഗി കൺകുളിർക്കെ ആസ്വദിച്ചാണ് 'കാലാ ടോപി'ലേക്ക് തിരിച്ചത്.
കാലാ ടോപ് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ദേവദാരു മരങ്ങൾ തിങ്ങിനിറഞ്ഞ് ഇരുട്ട് മൂടിയ കാടാണ്. 1100 മുതൽ 2768 മീറ്റർ ഉയരത്തിൽ 20ഓളം കിലോമീറ്റർ വിസ്തൃതിയിലാണ് പ്രദേശത്തിന്‍റെ കിടപ്പ്. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഖജ്യാർ-കാലാടോപ് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ വനത്തിലേക്കുള്ള യാത്രക്ക് പ്രത്യേക ജീപ്പ്, ക്രൂയിസർ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1200 രൂപയാണ് നിരക്ക്. വാഹനം മൂന്ന് കിലോമീറ്റർ പിന്നിട്ടെത്തുന്ന ഉൾവനത്തിലെ കുളിരേറ്റുന്ന നിശ്ശബ്ദതയിൽ ദേവദാരു മരങ്ങളെ തഴുകിയെത്തുന്ന കാറ്റിന്‍റെ ഈണവും കൂടിയാവുേമ്പാൾ, അത് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെയാണ്. 200 വർഷത്തെ ആയുസ്സുണ്ടെന്ന് കണക്കാക്കുന്ന ദേവദാരുക്കളുടെ വനത്തിൽ വന്യമൃഗ സാന്നിധ്യമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കാണാൻ കഴിഞ്ഞില്ല.
1937ൽ സ്വാതന്ത്ര്യ സമരസേനാനി സുഭാഷ് ചന്ദ്രബോസ് സന്ദർശിച്ചതിന്‍റെ സ്മാരകമായ, തെളിനീരുറവയുടെ സാന്നിധ്യമുള്ള 'സുഭാഷ് ബഓലി'യും ഡൽഹൗസിയിലെ വിവിധ ജലാശയങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പഞ്ച്പുലയും (ഭഗത് സിങ്ങിന്‍റെ മാതുലനും സ്വാതന്ത്ര്യ സമരസേനാനിയുമായ സർദാർ അജീത് സിങ്ങിന്‍റെ സ്മാരകം ഈ നദീതീരത്താണ്) കണ്ടാണ് ഡൽഹൗസിയോട് വിടപറഞ്ഞത്.
ഒക്ടോബർ മുതൽ ഫെബ്രുവരിവരെ മഞ്ഞുവീഴ്ചയുള്ള ഡൽഹൗസിയിൽ മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നത്. രണ്ട് ദിവസത്തെ അക്ഷരാർഥത്തിലുള്ള സുഖവാസത്തിനു ശേഷം ഡൽഹൗസിയിലെ തണുപ്പിൽ നിന്നിറങ്ങിയത് അമൃത്സറിലെ ചൂടിലേക്കാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.