ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, ഖരീഫ് യാത്ര ശുഭകരമാക്കാം
text_fieldsഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച
സലാല: ഖരീഫ് സീസൺ ആരംഭിച്ചതോടെ സലാലയടക്കമുള്ള ദോഫാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകൾ ചാറ്റൽ മഴയും കണ്ണിന് കുളിർമയേകുന്ന പച്ചപ്പും ആസ്വദിക്കാനനെത്തിക്കൊണ്ടിരിക്കുകയാണ്. ഇവരിൽ ഭൂരിഭാഗവും റോഡ് മാർഗം ദോഫാറിൽ എത്താനാഗ്രഹിക്കുന്നവരാണ്. എന്നാൽ, മസ്കത്ത്-സലാല റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. ഇതിനകം രണ്ട് അപകടങ്ങൾ നടന്നുകഴിഞ്ഞു. ആദമിനടുത്ത് കാറ്റിൽപെട്ട് വാഹനം മറിഞ്ഞ് പിഞ്ചുകുഞ്ഞ് ജസാ ഹയറ മരിച്ചത് 10ദിവസം മുമ്പാണ്. ദിവസങ്ങൾക്ക് മുമ്പ് മക്ഷനിനും സമീപവും മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒമാൻ, യു.എ.ഇ സ്വദേശികളായ അഞ്ചുപേർ മരിച്ചിരുന്നു.
ദീർഘദൂരം വാഹനമോടിച്ച് പരിചയമില്ലാത്തവർ വിമാനമോ ബസ് യാത്രയോ തെരഞ്ഞെടുക്കണം. സീസണിൽ രണ്ട് മണിക്കൂർ ഇടവിട്ട് ബസുണ്ട്. മസ്കത്തിൽനിന്ന് ദുബൈയിൽ സ്ഥിരം പോയ പരിചയം കൊണ്ടുമാത്രം സലാലയിലേക്ക് റോഡ് മാർഗം എത്താൻ കഴിയില്ല. മസ്കത്ത്-സലാല പാതയിൽ 1000 കിലോമീറ്റർ തുടർച്ചയായി പത്ത് മണിക്കൂർ കൊടും മരുഭൂമിയിലൂടെ ഏകാന്തമായി വാഹനം ഓടിക്കണം.
യാത്രക്കുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യാത്രക്കുമുമ്പ് വേണ്ടത്ര വിശ്രമം എടുക്കണം. ഉറക്കം പൂർണമായി മാറി ഉന്മേഷവാനായി മാത്രമേ വാഹനം എടുക്കാവൂ. ആഴ്ചയിലെ രണ്ട് ദിവസത്തെ അവധിദിവസങ്ങളിൽ സലാല വന്നുപോകാൻ തീരുമാനിക്കുന്നവരാണ് അധികവും അപകടത്തിൽ പെടുന്നത്. അപകടങ്ങളുടെ കാരണം ഡ്രൈവർമാർ വിശ്രമിച്ച് യാത്ര ചെയ്യാത്തതാണെന്ന് കഴിഞ്ഞ അപകടങ്ങളെ വിലയിരുത്തി മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാലാവസ്ഥമുന്നറിയിപ്പ് നോക്കണം. പൊടിക്കാറ്റ്, കനത്ത മഴ സാധ്യത, ചുഴലിക്കാറ്റ് എന്നിവക്ക് സാധ്യതയുണ്ടെങ്കിൽ യാത്ര മറ്റൊരുദിവസത്തേക്ക് മാറ്റുക.
നല്ല കണ്ടീഷനുള്ള വാഹനം ഉപയോഗിക്കുക. ഇടക്ക് എ.സി കേടുവന്നാൽപോലും പ്രശ്നമാണ്. ടയർ ലൈഫുള്ളതാണെന്ന് ഉറപ്പാക്കണം. സ്റ്റെപ്പിനി, ടൂൾസ് എന്നിവ കരുതണം. വൈപ്പർ, ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കുക.
കുടുംബങ്ങൾ പകൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കുക. രാത്രി ആദം മുതൽ തും റൈത്ത് വരെ 700 കിലോമീറ്റർ വഴിവിളക്കില്ല. രാത്രി മലയിറക്കം പ്രയാസമാണ്. മാറി ഓടിക്കാൻ രണ്ട് ഡ്രൈവർ ഉണ്ടാവുന്നതാണ് കൂടുതൽ സുരക്ഷിതം
റെസിഡന്റ് കാർഡ്, പാസ്പോർട്ട്, മുൽക്കിയ, ലൈസൻസ് കരുതുക. പൊലീസ് പട്രോളിങ് ഉണ്ടാകും. യാത്രയിൽ എന്ത് പ്രയാസമുണ്ടായാലും പൊലീസുമായയി ബന്ധപ്പെടുക. അടിയന്തര നമ്പർ 9999/100
യാത്രയിൽ
യാത്രയെ മസ്കത്ത്-നിസ്വ, നിസ്വ-ഹൈമ, ഹൈമ-തുംറൈത്ത്, തുംറൈത്ത്-സലാല എന്നിങ്ങനെ നാല് ഘട്ടങ്ങളായി തിരിക്കാം. മൊബൈൽ നെറ്റ് വർക്ക് യാത്രയിലുടനീളം ലഭ്യമാണ്. പെട്രോൾ പമ്പുകളും നിരവധി. കിലോമീറ്റർ നോക്കി ടാങ്ക് ഫുൾ ചെയ്ത് പോവുക.
പാർക്ക് ബേ എല്ലാ പത്ത് കിലോമീറ്ററിലും ലഭ്യമാണ്. ഉറക്കം വന്നാൽ ഇവിടെ പാർക്ക് ചെയ്ത് വാഹനത്തിൽ ഉറങ്ങുക. രാവിലെ ഏഴിന് മസ്കത്തിൽനിന്നിറങ്ങിയാൽ 8.30ന് നിസ്വയിൽ എത്താം. ഏകദേശം150 കിലോമീറ്റർ ദൂരമാണുള്ളത്. നിസ്വയിൽനിന്ന് നാസ്തയും വിശ്രമവും കഴിഞ്ഞ് ആദമിലേക്ക് തിരിക്കാം. 60 കി.മീറ്ററുണ്ട് ഇവിടേക്ക്. ഇന്ധനം ഇവിടെനിന്ന് നിറക്കാം.
ആദം-ഹൈമ 300 കിലോമീറ്ററാണുളത്ത്. ഗ്രാമങ്ങൾ ഇല്ല. ഒറ്റപ്പെട്ട റോഡിൽ രണ്ട് സ്ഥലങ്ങളിൽ ഫ്ലൈഓവർ ഉണ്ട്. അവിടെ മണൽ കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്.
ദുബൈയിൽനിന്ന് ഇബ്രി വഴി വരുന്നവർ സലാല റോഡിൽ ഗാബയിലാണ് കൂടിച്ചേരുക. ഹൈമക്ക് ഏതാണ്ട് 50 കിലോമീറ്റർ മുമ്പ് നാലുവരിപ്പാത അവസാനിക്കും. പിന്നെ രണ്ട് വരിപ്പാതയാണ്. യാത്ര കുറച്ച് കൂടി റിസ്കള ആകുന്നത് ഇവിടം മുതലാണ്.
ഹൈമ ടൗൺ എത്തുന്നതിന് മുമ്പ് ദുകം, ഹൈമ ഒരു സർവിസ് റോഡ് ഇടത് വശത്ത് ലഭിക്കും. അതിലൂടെയാണ് ഹൈമ ടൗണിലേക്ക് കടക്കുന്നത്. ഇവിടെ വിശ്രമത്തിനും ലഞ്ചിനും ചെലവഴിക്കാം. ഇന്ധനവും നിറക്കാം. പിന്നീട് നല്ല കടകൾ ഇല്ലെന്നുതന്നെ പറയാം. ടയറൊക്കെ ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതാണ്. അവിടന്ന് വിട്ടാൽ കിറ്റ്പിറ്റിലാണ് പിന്നെ ടയർ റിപ്പയർ സൗകര്യമുള്ളത്. ഹൈമ വിട്ടാൽ 15 കിലോമീറ്ററിനുള്ളിൽ മക്ഷൻ, കിറ്റ്പിറ്റ്, തുംറൈത്ത് എന്നിവിടങ്ങളിൽ മൂന്ന് പമ്പുകൾ ഉണ്ട്.
രണ്ട് വരിപ്പാത, മണൽകൂനകൾ, അനന്തമായ റോഡ് ഇങ്ങനെയുള്ള സാഹചര്യങ്ങളുള്ളതിനാൽ രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. രാത്രിയാണെങ്കിൽ എതിർവശത്തുനിന്നുള്ള വാഹനങ്ങളുടെ ലൈറ്റ് ഉണ്ടാവും. ഏകദേശം നാല് മണിക്കൂർ ഏകാന്തമായ യാത്രയാണ്.
ഗ്രാമങ്ങളും ഇല്ല. വേഗത്തിൽ പോകാതിരിക്കാൻ ഇടക്കിടക്ക് റഡാർ സ്ഥാപിക്കാറുണ്ട്. അതിനാൽ സ്പീഡ് 120 ൽ കൂടാതിരിക്കുന്നതാണ് നല്ലത്. ഇവിടെ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നുണ്ട്.
ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്. നേരെയുള്ള റോഡായതിനാൽ ഡ്രൈവർമാർക്ക് അധികം ജോലിയില്ല. ഉറങ്ങിയാൽ വാഹനം റോഡിൽനിന്ന് താഴേക്ക് ഇറങ്ങും. കാരണം മരുഭൂമിയുടെ നിരപ്പിൽ നിന്ന് അൽപം ഉയരത്തിലായാണ് റോഡ് ഏതാണ്ട് ഉള്ളത്. താഴെക്കിറങ്ങിയാൽ കീഴ്മേൽ മറിയാനുള്ള സാധ്യത ഏറെയാണ്. അതിനാൽ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണം. തും റൈത്തിന് ഏതാണ്ട് 10 കിലോമീറ്റർ മുമ്പ് നാലുവരിപ്പാത വീണ്ടും കിട്ടും. രാത്രിയിൽ അവിടനിന്ന് വഴിവിളക്കും ആരംഭിക്കും.
തുംറൈത്ത് എത്തുന്നതിന് മുമ്പ് ഇടത്ത് മർമൂൾ ഭാഗത്തേക്ക് പോകുന്ന റോഡ് കാണാം. അവിടെ ഒരു പള്ളിയും ഫ്രഷാവാൻ സൗകര്യവുമുണ്ട്. ഒരു പക്ഷേ തുംറൈത്തിനെക്കാളും തിരക്ക് കുറവും എളുപ്പത്തിൽ കയറി ഇറങ്ങാനും സാധിക്കുക ഇവിടെയാണ്. അത് ഉപയോഗപ്പെടുത്താം.
അവിടന്ന് ഫ്രഷായി സാവകാശം യാത്രയാകുന്നതാണ് സുരക്ഷിതം. കാരണം ഇനിയാണ് ഈ യാത്രയിലെ ഏറ്റവും റിസ്കായ സ്ഥലങ്ങൾ ഉള്ളത്. തുംറൈത്തിൽനിന്ന് ഏകദേശം 90 കിലോമീറ്റർ മാത്രമാണ് സലാലക്കുള്ളതെങ്കിലും ഖരീഫ് കാലത്ത് ഏറ്റവുമധികം അപകടങ്ങൾ നടന്നിരുന്ന ഏരിയയായതിനാൽ കൂടുതൽ ശ്രദ്ധിക്കണം. തുംറൈത്തിൽ എത്തിയാൽ കടുത്ത മരുഭൂമി അവസാനിക്കും.
തുംറൈത്ത് കഴിഞ്ഞാൽ റുവിയ, ഹൻഫിത്ത് തുടങ്ങിയ ചെറിയ ഗ്രാമങ്ങൾ കാണാം. ഇതിനുശേഷം കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ നമുക്ക് അനുഭവിച്ചറിയാം.
ആദ്യ മലയിലാണ് സലാല ചെക്ക് പോസ്റ്റ്. അവിടെയും കാമറയുണ്ട്. കൂടാതെ സുരക്ഷ ഉദ്യോഗസ്ഥർ, ടൂറിസം ഡിപ്പാർട്മെന്റ് എന്നിവർ ഇനിയുള്ള യാത്രയുടെ റിസ്ക് വിവരിച്ച് തരും. ഇനി വയനാട് ചുരത്തിലേതിനെക്കാൾ സൂക്ഷിച്ച് ഇറങ്ങണം.
നല്ല കോടയുണ്ടെങ്കിൽ ഒരു 10 മീറ്ററിനപ്പുറം ഒന്നും കാണാൻ കഴിയില്ല. സാധാരണ പകലിൽ കോട കുറവും രാത്രിയും രാവിലെയും കൂടുതലുമായിരിക്കും.
നാല് വരിപ്പാതയാണെങ്കിലും ഹെയർപിൻ വളവുകളും കൊടും ഇറക്കവുമാണ്. െട്രയിലറുകൾ ഹെവി ഗിയറിൽ മെല്ലെ ഇറങ്ങുന്നുണ്ടാവും. നമ്മൾ വേഗത്തിൽ ചെന്ന് ഇവയുടെ പിന്നിലിടിച്ചാണ് അപകടം. മിക്കയിടത്തും വലതുവശത്ത് ആഴമേറിയ കൊക്കയാണ്. മതിലുകളൊക്കെ ഉണ്ടെങ്കിലും വേഗത്തിൽ ഇടിച്ചാൽ താഴെ പോകും.
തുംറൈത്ത്-സലാല 1.30 മണിക്കൂർ ഏടുത്തേക്കും. മഴയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും.
അവസാന മല ഇറങ്ങുമ്പോൾ നിങ്ങൾക്ക് സലാല ടൗണിന്റെ ലൈറ്റുകൾ കാണാനാകും. മലക്ക് താഴെയെത്തിയാൽ നിങ്ങൾ സലാലയിലെത്തിയെന്ന് പറയാം. അവിടന്ന് ഒരു അഞ്ച് മിനിറ്റ് മാത്രം മതി ടൗണിലെത്താൻ. രുഭൂ യാത്രയുടെ വിരസതയിൽ നിന്ന് കുളിരണിഞ്ഞ സലാല നിങ്ങളെ വരവേൽക്കും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.